ജിദ്ദ – വെസ്റ്റ് ബാങ്കിലെ ജെനിന്‍ നഗരത്തിനു സമീപം ഫഖൂഅ ഗ്രാമത്തില്‍ ഒലീവ് പറിക്കുന്നതിനിടെ 58 കാരിയായ ഫലസ്തീന്‍ വനിതയെ യാതൊരുവിധ മുന്നറിയിപ്പുമില്ലാതെ ഇസ്രായില്‍ സൈന്യം വെടിവെച്ചുകൊലപ്പെടുത്തിയതില്‍ സമഗ്രവും സത്വരവുമായ അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കണമെന്ന് ഫലസ്തീനിലെ യു.എന്‍ മനുഷ്യാവകാശ ഓഫീസ് ആവശ്യപ്പെട്ടു. ഇരയുടെ കുടുംബത്തിന് ഇസ്രായില്‍ നഷ്ടപരിഹാരം നല്‍കണം. യാതൊരുവിധ മുന്നറിയിപ്പും കൂടാതെ നിരായുധരായ ഫലസ്തീന്‍ കര്‍ഷകര്‍ക്കു നേരെ ഇസ്രായില്‍ സൈന്യം നിറയൊഴിക്കുകയായിരുന്നു.
ഫലസ്തീനികള്‍ക്കെതിരെ ഇസ്രായില്‍ സൈന്യത്തിന്റെ സമാനമായ മറ്റു ആക്രമണങ്ങളിലും അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കുകയും ഇരകള്‍ക്ക് നഷ്ടപരിഹാരം നല്‍കുകയും വേണം. ഫഖൂഅ ഗ്രാമത്തില്‍ കര്‍ഷക വനിത കൊല്ലപ്പെട്ടതില്‍ യു.എന്‍ മനുഷ്യാവകാശ ഓഫീസ് കടുത്ത ആശങ്ക പ്രകടിപ്പിച്ചു.
വെസ്റ്റ് ബാങ്കില്‍ സാധാരണക്കാരായ ഫലസ്തീനികളുടെ അവകാശങ്ങള്‍ ഇസ്രായില്‍ സൈന്യം ആവര്‍ത്തിച്ച് ഹനിക്കുന്നതിന്റെ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ക്കെതിരെ യു.എന്‍ ഓഫീസ് മുന്നറിയിപ്പ് നല്‍കി. 2023 ഒക്‌ടോബര്‍ മുതല്‍ ഇസ്രായില്‍ സൈന്യത്തിന്റെയും ജൂതകുടിയേറ്റക്കാരുടെയും ആക്രമണങ്ങളില്‍ വെസ്റ്റ് ബാങ്കില്‍ 700 ലേറെ ഫലസ്തീനികള്‍ കൊല്ലപ്പെട്ടിട്ടുണ്ട്. 600 ലേറെ ഒലീവ് മരങ്ങള്‍ ജൂതകുടിയേറ്റക്കാര്‍ നശിപ്പിച്ചതായും യു.എന്‍ മനുഷ്യാവകാശ ഓഫീസ് പറഞ്ഞു.
ഈ വര്‍ഷാവസാനത്തോടെ വെസ്റ്റ് ബാങ്കില്‍ ആറു ലക്ഷം പേര്‍ ഭക്ഷ്യഅരക്ഷിതാവസ്ഥ നേരിടേണ്ടിവരുമെന്ന് വേള്‍ഡ് ഫുഡ് പ്രോഗ്രാം മുന്നറിയിപ്പ് നല്‍കി. കഴിഞ്ഞ വര്‍ഷാദ്യം വെസ്റ്റ് ബാങ്കില്‍ 3,52,000 പേരാണ് ഭക്ഷ്യഅരക്ഷിതാവസ്ഥ നേരിട്ടിരുന്നതെന്നും വേള്‍ഡ് ഫുഡ് പ്രോഗ്രാം പറഞ്ഞു.