കൈറോ: ഈജിപ്ത്-ഇസ്രായില്‍ അതിര്‍ത്തിയിലെ മൗണ്ട് ഹാരിഫ് മേഖലയിലെ ഇസ്രായിലി സൈനിക കേന്ദ്രത്തില്‍ ഈജ്പിഷ്യന്‍ കാട്ടുപൂച്ച നുഴഞ്ഞു കയറി ആക്രമണം നടത്തിയത് സമൂഹമാധ്യമങ്ങളില്‍ വൈറല്‍ വാര്‍ത്തയായി. വന്യജീവി വിഭാഗത്തില്‍ ഉള്‍പ്പെടുന്ന ഈ കാട്ടുപൂച്ചയുടെ അപ്രതീക്ഷിത ആക്രമണത്തില്‍ നിരവധി ഇസ്രായിലി സൈനികര്‍ക്ക് പരിക്കേറ്റതായാണ് റിപോര്‍ട്ട്. ഈ കാട്ടുപൂച്ചയെ പിന്നീട് ഇസ്രായിലി വന്യജീവി വകുപ്പ് ഇന്‍സ്‌പെകര്‍മാര്‍ പിടികൂടി വൈദ്യപരിശോധനയ്ക്കായി കൊണ്ടു പോയി. കാട്ടുപൂച്ചയെ കുറിച്ച് വിവരമില്ലെന്നും ഇസ്രായിൽ ഈ ജീവിയെ ഉടൻ മോചിപ്പിക്കണമെന്നും തമാശയായും മറ്റും നിരവധി പേർ സമൂഹ മാധ്യമങ്ങളിൽ ആവശ്യപ്പെട്ടു.
പൂച്ചയേക്കാൾ വലിപ്പമുള്ള ഇവയ്ക്ക് പുലികളോടാണ് സമാനതളേറെയുള്ളത്. ഇരപിടിയന്‍ വിഭാഗത്തില്‍ വരുന്ന ലിൻക്സ് എന്നറിയപ്പെടുന്ന ഈ ഈജിപ്ഷ്യന്‍ കാട്ടുപൂച്ചകള്‍ക്ക് 60 മുതല്‍ 90 സെന്റീമീറ്റര്‍ വരെ നീളവും എട്ടു മുതല്‍ 20 കിലോ വരെ തൂക്കവുമുണ്ടാകും. അര മീറ്ററോളമാണ് ഇവയുടെ ഉയരം. മണിക്കൂറില്‍ 80 കിലോമീറ്റര്‍ വരെ വേഗതയില്‍ ഇവ ഓടും. എലികളും കാട്ടുമുയലുകളും പക്ഷികളുമാണ് ഇവയുടെ പ്രധാന ഇരകള്‍. കരടി, കുരങ്ങ്, ആട് തുടങ്ങിയ വലിയ ജീവികളേയും ആക്രമിക്കും.