വാഷിംഗ്ടണ്‍ – ഇസ്രായില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായുള്ള അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ കൂടിക്കാഴ്ചയോടനുബന്ധിച്ച് ഗാസ യുദ്ധം അവസാനിപ്പിക്കാന്‍ ട്രംപ് പ്രഖ്യാപിച്ച 20 ഇന പദ്ധതി വിശദാംശങ്ങള്‍ വൈറ്റ് ഹൗസ് പുറത്തുവിട്ടു.
- ഗാസ തീവ്രവാദത്തില്‍ നിന്നും ഭീകരതയില്‍ നിന്നും മുക്തമായിരിക്കും, അയല്‍ രാജ്യങ്ങള്‍ക്ക് ഒരു ഭീഷണിയും സൃഷ്ടിക്കില്ല.
- ധാരാളം ദുരിതമനുഭവിച്ച ഗാസ നിവാസികളുടെ പ്രയോജനത്തിനായി ഗാസ പുനര്‍വികസിപ്പിക്കും.
- ഈ നിര്‍ദേശം ഇരുപക്ഷവും അംഗീകരിച്ചാല്‍, യുദ്ധം ഉടനടി അവസാനിക്കും. ബന്ദികളെ മോചിപ്പിക്കാനുള്ള തയാറെടുപ്പിനായി ഇസ്രായില്‍ സൈന്യം സമ്മതിച്ച രേഖയിലേക്ക് പിന്‍വാങ്ങും.
- ഈ കരാര്‍ ഇസ്രായില്‍ പരസ്യമായി അംഗീകരിച്ച് 72 മണിക്കൂറിനുള്ളില്‍ ജീവനുള്ളവരും മരിച്ചവരുമായ എല്ലാ ബന്ദികളെയും ഹമാസ് തിരികെ നല്‍കും.
- എല്ലാ ബന്ദികളെയും വിട്ടയച്ചുകഴിഞ്ഞാല്‍, ജീവപര്യന്തം തടവ് അനുഭവിക്കുന്ന 250 ഫലസ്തീന്‍ തടവുകാരെ ഇസ്രായില്‍ മോചിപ്പിക്കും. കൂടാതെ 2023 ഒക്ടോബര്‍ ഏഴിന് ശേഷം അറസ്റ്റിലായ, സ്ത്രീകളും കുട്ടികളുമടക്കം 1,700 ഗാസ നിവാസികളെയും ഇസ്രായില്‍ വിട്ടയക്കും. ഹമാസ് കൈമാറുന്ന ഓരോ ഇസ്രായിലി ബന്ദിയുടെയും മൃതദേഹത്തിനു പകരം മരിച്ച 15 ഗാസ നിവാസികളുടെ മൃതദേഹങ്ങള്‍ ഇസ്രായില്‍ വിട്ടുകൊടുക്കും.
- എല്ലാ ബന്ദികളെയും കൈമാറിക്കഴിഞ്ഞാല്‍, സമാധാനപരമായ സഹവര്‍ത്തിത്വത്തിനും നിരായുധീകരണത്തിനും പ്രതിജ്ഞാബദ്ധരായ ഹമാസ് അംഗങ്ങള്‍ക്ക് പൊതുമാപ്പ് നല്‍കും. ഗാസ വിട്ടുപോകാന്‍ ആഗ്രഹിക്കുന്ന ഹമാസ് അംഗങ്ങള്‍ക്ക് അവരെ സ്വീകരിക്കാന്‍ തയാറാകുന്ന രാജ്യങ്ങളിലേക്ക് പോകാന്‍ സുരക്ഷിതമായ വഴിയൊരുക്കും.
- ഈ കരാര്‍ അംഗീകരിച്ചുകഴിഞ്ഞാല്‍, ഗാസ മുനമ്പിലേക്ക് പൂര്‍ണ്ണ സഹായം ഉടന്‍ അനുവദിക്കും.
- സഹായ വിതരണവും ഗാസ മുനമ്പിലേക്കുള്ള സഹായവസ്തുക്കളുടെ പ്രവേശനവും ഇരു കക്ഷികളുടെയും ഇടപെടലില്ലാതെ തുടരും.
- ഗാസ നിവാസികള്‍ക്കുള്ള പൊതു സേവനങ്ങളുടെയും മുനിസിപ്പാലിറ്റികളുടെയും ദൈനംദിന മാനേജ്‌മെന്റിന് രാഷ്ട്രീയേതര, സാങ്കേതിക ഫലസ്തീന്‍ കമ്മിറ്റി ഉള്‍പ്പെടുന്ന ഇടക്കാല സര്‍ക്കാരിന് കീഴിലായിരിക്കും ഗാസ ഭരിക്കുക. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അധ്യക്ഷനായ പീസ് കൗണ്‍സില്‍ എന്ന പുതിയ അന്താരാഷ്ട്ര പരിവര്‍ത്തന സമിതിയുടെ മേല്‍നോട്ടത്തില്‍ യോഗ്യരായ ഫലസ്തീനികളും അന്താരാഷ്ട്ര വിദഗ്ധരും അടങ്ങിയതായിരിക്കും ഈ കമ്മിറ്റി. മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ലെയര്‍ ഉള്‍പ്പെടെയുള്ള മറ്റ് അംഗങ്ങളും രാഷ്ട്രത്തലവന്മാരും അന്താരാഷ്ട്ര പരിവര്‍ത്തന സമിതിയില്‍ ഉള്‍പ്പെടും.
- ഗാസയെ പുനര്‍നിര്‍മിക്കാനും പുനരുജ്ജീവിപ്പിക്കാനുമുള്ള ട്രംപിന്റെ സാമ്പത്തിക വികസന പദ്ധതി നടപ്പാക്കാന്‍, മിഡില്‍ ഈസ്റ്റിലെ ഏറ്റവും സമ്പന്നവും ആധുനികവും അത്ഭുതകരവുമായ ചില നഗരങ്ങളുടെ ജനനത്തിന് സംഭാവന നല്‍കിയ വിദഗ്ധരെ ഉള്‍പ്പെടുത്തി പ്രത്യേക സമിതി രൂപീകരിക്കും.
- ഗാസയില്‍ പ്രത്യേക സാമ്പത്തിക മേഖല സ്ഥാപിക്കും.
- ഗാസ വിട്ടുപോകാന്‍ ആരെയും നിര്‍ബന്ധിക്കില്ല. ഗാസയില്‍ നിന്ന് പുറത്തു പോകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അങ്ങനെ ചെയ്യാനും മടങ്ങിവരാനും സ്വാതന്ത്ര്യമുണ്ടാകും. ആളുകളെ അവിടെ തന്നെ തുടരാന്‍ പ്രോത്സാഹിപ്പിക്കുകയും അവര്‍ക്ക് മെച്ചപ്പെട്ട ഗാസ നിര്‍മിക്കാനുള്ള അവസരം നല്‍കുകയും ചെയ്യും.
- ഗാസയെ നേരിട്ടോ അല്ലാതെയോ മറ്റോ ഭരിക്കുന്നതില്‍ ഹമാസും മറ്റ് വിഭാഗങ്ങളും ഒരു പങ്കും വഹിക്കില്ലെന്ന് സമ്മതിക്കുന്നു.
- ഹമാസും മറ്റ് വിഭാഗങ്ങളും അവരുടെ പ്രതിബദ്ധതകള്‍ പാലിക്കുമെന്നും പുതിയ ഗാസ അയല്‍ രാജ്യങ്ങള്‍ക്കോ ജനങ്ങള്‍ക്കോ ഭീഷണിയാകില്ലെന്നും പ്രാദേശിക പങ്കാളികള്‍ ഉറപ്പ് നല്‍കും.
- ഗാസയില്‍ ഉടനടി വിന്യസിക്കാനായി ഇടക്കാല അന്താരാഷ്ട്ര സ്ഥിരതാ സേന (ഐ.എസ്.എഫ്) സ്ഥാപിക്കാന്‍ അമേരിക്ക അറബ്, അന്താരാഷ്ട്ര പങ്കാളികളുമായി സഹകരിക്കും. ഗാസയിലെ ഫലസ്തീന്‍ പോലീസ് സേനകളെ ഈ സേന പരിശീലിപ്പിക്കുകയും പിന്തുണക്കുകയും ചെയ്യും. ഈ മേഖലയില്‍ വിപുലമായ പരിചയസമ്പത്തുള്ള ജോര്‍ദാനുമായും ഈജിപ്തുമായും ഇക്കാര്യത്തില്‍ കൂടിയാലോചിക്കുകയും ചെയ്യും. ഗാസയിലെ ദീര്‍ഘകാല ആഭ്യന്തര സുരക്ഷാ പരിഹാരമായിരിക്കും ഈ സേന.
- ഇസ്രായില്‍ ഗാസ പിടിച്ചെടുക്കുകയോ ഇസ്രായിലില്‍ കൂട്ടിച്ചേര്‍ക്കുകയോ ചെയ്യില്ല. ഗാസയില്‍ സുരക്ഷാ സേന നിയന്ത്രണവും സ്ഥിരതയും സ്ഥാപിക്കുമ്പോള്‍, സമ്മതിച്ച നിരായുധീകരണ മാനദണ്ഡങ്ങള്‍, സമയക്രമങ്ങള്‍ എന്നിവയെ അടിസ്ഥാനമാക്കി ഇസ്രായില്‍ സൈന്യം ഗാസയില്‍ നിന്ന് പിന്‍വാങ്ങും.
- ഹമാസ് ഈ നിര്‍ദേശം മാറ്റിവെക്കുകയോ നിരസിക്കുകയോ ചെയ്താല്‍, ഇസ്രായില്‍ സൈന്യത്തില്‍ നിന്ന് ഇടക്കാല അന്താരാഷ്ട്ര സ്ഥിരതാ സേനക്ക് കൈമാറുന്ന ഭീകരവിരുദ്ധ മേഖലകളില്‍ വിപുലീകരിച്ച സഹായ പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടെ മുകളില്‍ പറഞ്ഞ കാര്യങ്ങള്‍ നടപ്പാക്കും.
- സമാധാനത്തിന്റെ നേട്ടങ്ങള്‍ക്ക് ഊന്നല്‍ നല്‍കിക്കൊണ്ട്, ഫലസ്തീനികളുടെയും ഇസ്രായിലികളുടെയും മാനസികാവസ്ഥകളും ധാരണകളും മാറ്റുന്നതിന്, സഹിഷ്ണുതയുടെയും സമാധാനപരമായ സഹവര്‍ത്തിത്വത്തിന്റെയും മൂല്യങ്ങളെ അടിസ്ഥാനമാക്കി മതാന്തര സംഭാഷണ പ്രക്രിയ സ്ഥാപിക്കപ്പെടും.
- ഗാസയുടെ പുനര്‍വികസനം പുരോഗമിക്കുകയും ഫലസ്തീന്‍ അതോറിറ്റിയുടെ പരിഷ്‌കരണ പരിപാടി വിശ്വസ്തതയോടെ നടപ്പാക്കുകയും ചെയ്യുമ്പോള്‍ ഫലസ്തീന്‍ ജനതയുടെ അഭിലാഷമായി ഞങ്ങള്‍ അംഗീകരിക്കുന്ന സ്വയം നിര്‍ണയത്തിലേക്കും രാഷ്ട്ര രൂപീകരണത്തിലേക്കും വിശ്വസനീയമായ പാത സൃഷ്ടിക്കാനുള്ള സാഹചര്യം ഒരുങ്ങാന്‍ സാധ്യതയുണ്ട്.
20- സമാധാനപരവും സമൃദ്ധവുമായ സഹവര്‍ത്തിത്വത്തിനുള്ള രാഷ്ട്രീയ ചക്രവാളത്തില്‍ ധാരണയിലെത്താനായി ഇസ്രായിലിനും ഫലസ്തീനികള്‍ക്കുമിടയില്‍ അമേരിക്ക സംവാദം സ്ഥാപിക്കും.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group