തെല്‍അവീവ് – വെസ്റ്റ് ബാങ്കില്‍ ഇസ്രായില്‍ പരമാധികാരം അടിച്ചേല്‍പ്പിക്കാന്‍ യു.എസ് വിദേശ മന്ത്രി മാര്‍ക്കോ റൂബിയോ ഇസ്രായിലിന് പച്ചക്കൊടി കാണിച്ചതായി ഇസ്രായിലി ചാനല്‍ 15 റിപ്പോര്‍ട്ട് ചെയ്തു. ബ്രിട്ടന്‍, കാനഡ, ഓസ്ട്രേലിയ, പോര്‍ച്ചുഗല്‍ എന്നീ രാജ്യങ്ങള്‍ ഫലസ്തീന്‍ രാഷ്ട്രത്തെ ഔദ്യോഗികമായി അംഗീകരിച്ചതായി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് വെസ്റ്റ് ബാങ്കില്‍ ഇസ്രായില്‍ പരമാധികാരം അടിച്ചേല്‍പ്പിക്കാന്‍ അമേരിക്കയുടെ പച്ചക്കൊടി. ഈ രാജ്യങ്ങള്‍ ഫലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിച്ചതിനെ ഇസ്രായില്‍ വിദേശ മന്ത്രാലയം ശക്തമായി അപലപിച്ചു. ഇത് മേഖലയെ കൂടുതല്‍ അസ്ഥിരതയിലേക്ക് നയിച്ചേക്കുമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.
അതേസമയം, ബ്രിട്ടന്‍, കാനഡ, ഓസ്ട്രേലിയ, പോര്‍ച്ചുഗല്‍ എന്നീ രാജ്യങ്ങള്‍ ഫലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിച്ചതിനെ അറബ് ലീഗ് സെക്രട്ടറി ജനറല്‍ അഹ്മദ് അബുല്‍ഗെയ്ത്ത് സ്വാഗതം ചെയ്തു. ഇതിനകം 152 ലേറെ രാജ്യങ്ങൾ ഫലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിച്ചു . ഫലസ്തീന്‍ പ്രശ്‌നം പരിഹരിക്കാനും ദ്വിരാഷ്ട്ര പരിഹാരം നടപ്പാക്കാനുമുള്ള അന്താരാഷ്ട്ര പങ്കാളിത്തത്തോടെയും സൗദി അറേബ്യയുടെയും ഫ്രാന്‍സിന്റെയും സഹ-അധ്യക്ഷതയോടെയും ന്യൂയോര്‍ക്കില്‍ നടക്കുന്ന ഉന്നതതല അന്താരാഷ്ട്ര സമ്മേളനത്തില്‍ മറ്റു രാജ്യങ്ങളും ഫലസ്തീനെ അംഗീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അഹ്മദ് അബുല്‍ഗെയ്ത്ത് പ്രസ്താവനയില്‍ പറഞ്ഞു.