വാഷിങ്ടൻ: ഫലസ്തീൻ വിമോചന പോരാട്ട പ്രസ്ഥാനമായ ഹമാസിനെ പിന്തുണക്കുന്ന വിദേശ വിദ്യാര്‍ഥികളെ വിസ റദ്ദാക്കി അമേരിക്കയില്‍ നിന്ന് നാടുകടത്തുമെന്ന് യുഎസ് വിദേശകാര്യ സെക്രട്ടറി മാര്‍ക്കോ റൂബിയോ മുന്നറിയിപ്പ് നല്‍കി. ഇതിനായി വിദേശകാര്യ വകുപ്പ് പുതിയ എഐ കെണി ഉണ്ടാക്കിക്കൊണ്ടിരിക്കുകയാണ്. ഹമാസ് ഉള്‍പ്പെടെയുള്ള തീവ്രവാദ സംഘടനകളെ പിന്തുണക്കുന്ന വിദേശികളോട് അമേരിക്ക ഒരു തരത്തിലും സഹിഷ്ണുത കാണിക്കില്ല. ഇവര്‍ അമേരിക്കയുടെ ദേശീയ സുരക്ഷക്ക് ഭീഷണിയാണ്. അമേരിക്കന്‍ നിയമം ലംഘിക്കുന്ന വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ള വിദേശികളുടെ വിസ റദ്ദാക്കുമെന്നും അവരെ അമേരിക്കയില്‍ നിന്ന് നാടുകടത്തുമെന്നും റൂബിയോ എക്‌സിൽ കുറിച്ചു.
വിദേശ വിദ്യാര്‍ത്ഥികളുടെ ഹമാസ് അനൂകൂല സോഷ്യല്‍ മീഡിയ പോസ്റ്റുകളില്‍ ഹമാസിനെ പിന്തുണയ്ക്കുന്ന ഉള്ളടക്കങ്ങളുണ്ടോ എന്ന് പരിശോധിക്കാന്‍ യുഎസ് വിദേശകാര്യ വകുപ്പ് ഐ ഐ സംവിധാനങ്ങളുടെ സഹായം ഉപയോഗിക്കുന്നതായി യുഎസ് മാധ്യമം ആക്‌സിയോസ് റിപോര്‍ട്ട് ചെയ്യുന്നു. ആയിരക്കണക്കിന് സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ഇതുപയോഗിച്ച് പരിശോധിക്കും. മാത്രമല്ല, ഇസ്രായില്‍ നയങ്ങള്‍ക്കെതിരായ പ്രതിഷേധ പ്രകടനങ്ങളുടെ പഴയ വാര്‍ത്തകളും പരിശോധിക്കും. യുഎസില്‍ ഫലസ്തീന്‍ അനൂകൂല സംഘടനകളില്‍ പലതും ഇസ്രായില്‍ നയങ്ങളെ എതിര്‍ക്കുന്ന ജൂതരുടെ നേതൃത്വത്തില്‍ തന്നെ ഉള്ളതാണ്.
എഐ ഉപയോഗിച്ച് വിദേശവിദ്യാര്‍ത്ഥികളെ കെണിയിലാക്കുന്നത് വലിയ പിഴവുകള്‍ക്കും സ്വകാര്യതാ ലംഘനത്തിനുമിടയാക്കുമെന്ന വിമര്‍ശനവും ഉയര്‍ന്നിട്ടുണ്ട്. ഐഐ സാങ്കേതിക വിദ്യ ഉപയോഗിച്ച് പലസ്തീന്‍ അനുകൂലികളായ വിദേശവിദ്യാര്‍ത്ഥികളെ തിരിച്ചറിയുകയും അവരുടെ വിസ റദ്ദാക്കി നാടുകടത്താനുമാണ് പദ്ധതി. ആന്റി സെമിറ്റിസത്തെ തടയാനെന്ന പേരില്‍ യുഎസ് പൗരത്വമില്ലാത്ത വിദേശ വിദ്യാര്‍ത്ഥികളെ നാടുകടത്തുന്നതു സംബന്ധിച്ച എക്‌സിക്യൂട്ടീവ് ഉത്തരവില്‍ പ്രസിഡന്റ് ഡൊനള്‍ഡ് ട്രംപ് ജനുവരിയില്‍ ഒപ്പുവച്ചിരുന്നു.
ഭീഷണികൾ ബന്ദി മോചനത്തിലേക്ക് നയിക്കില്ലെന്ന് ഹമാസ്
അതിനിടെ, ഫലസ്തീനികള്‍ക്കെതിരായ ഇസ്രായിലിന്റെ സൈനിക നടപടി ചില ബന്ദികളുടെ മരണത്തിലേക്ക് നയിച്ചേക്കുമെന്ന് ഹമാസ് പറഞ്ഞു. യുദ്ധ ഭീഷണികളും ഉപരോധ ഭീഷണികളും ബന്ദികളുടെ മോചനത്തിലേക്ക് നയിക്കില്ലെന്നും ഹമാസിന്റെ സൈനിക വിഭാഗമായ അല്‍ഖസ്സാം ബ്രിഗേഡ്സ് വക്താവ് അബൂഉബൈദ പറഞ്ഞു. ജനുവരിയില്‍ ഗാസയില്‍ പ്രാബല്യത്തില്‍ വന്ന വെടിനിര്‍ത്തലിനോടുള്ള പ്രതിബദ്ധത അല്‍ഖസ്സാം ബ്രിഗേഡ്‌സ് വ്യക്തമാക്കി.
നമ്മുടെ ജനങ്ങളുടെ രക്തം ചിന്താതിരിക്കാനും ശത്രുവിന് ന്യായീകരണങ്ങള്‍ നല്‍കാതിരിക്കാനും മധ്യസ്ഥരുടെ പ്രതിജ്ഞകളെ മാനിച്ചും കരാര്‍ പാലിക്കാന്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്- അബൂഉബൈദ വീഡിയോ സന്ദേശത്തില്‍ പറഞ്ഞു. യുദ്ധത്തിലൂടെ ഇസ്രായിലിന് നേടാന്‍ കഴിയാത്തത് ഭീഷണികളിലൂടെയും തന്ത്രങ്ങളിലൂടെയും നേടാന്‍ കഴിയില്ല. എല്ലാ സാധ്യതകള്‍ക്കുമുള്ള സുസജ്ജതയിലും തയ്യാറെടുപ്പുകളിലുമാണ് അല്‍ഖസ്സാം ബ്രിഗേഡ്‌സ്. പോരാട്ടത്തിലേക്ക് മടങ്ങുമെന്ന ഇസ്രായിലിന്റെ ഭീഷണി ഇസ്രായിലിന് തന്നെ തിരിച്ചടിയാകും. ബന്ദികളുടെ ദുരിതങ്ങള്‍ക്കും മരണത്തിനും കാരണമാകുന്നത് ഇസ്രായിലാണെന്നും അബൂഉബൈദ പറഞ്ഞു.
വെടിനിര്‍ത്തല്‍ കരാറിന്റെ ശേഷിക്കുന്ന ഘട്ടങ്ങള്‍ പൂർത്തിയാക്കുന്നത് ഉറപ്പാക്കാനും രണ്ടാം ഘട്ടത്തിനായുള്ള ചര്‍ച്ചകള്‍ ആരംഭിക്കാന്‍ ഇസ്രായിലിനെ നിര്‍ബന്ധിക്കാനും മധ്യസ്ഥര്‍ ആശയവിനിമയങ്ങള്‍ തുടരുകയാണെന്ന് ഹമാസ് വക്താവ് ഹാസിം ഖാസിം പറഞ്ഞു.
ഗാസയുടെ ഭരണം ഉപേക്ഷിക്കാനുള്ള പൂര്‍ണ സന്നദ്ധത ഹമാസ് നേതൃത്വം ബന്ധപ്പെട്ട എല്ലാ കക്ഷികള്‍ക്കും മുന്നില്‍ ആവര്‍ത്തിച്ച് സ്ഥിരീകരിച്ചിട്ടുണ്ടെന്നും ഇതുകൊണ്ടാണ് ഗാസ പ്രശ്‌നം വിശകലനം ചെയ്യാന്‍ കയ്‌റോയില്‍ ചേര്‍ന്ന അടിയന്തിര അറബ് ഉച്ചകോടി ഫലങ്ങളെ ഹമാസ് സ്വാഗതം ചെയ്തതെന്നും ഉന്നത ഹമാസ് വൃത്തങ്ങള്‍ പറഞ്ഞു. ഗാസ ഭരണത്തിന്റെ ഉത്തരവാദിത്തങ്ങള്‍ ഫലസ്തീന്‍ അതോറിറ്റി ഏറ്റെടുക്കുന്നതു വരെ ഗാസയുടെ ഭരണത്തിനായി സ്വതന്ത്ര കമ്മിറ്റി രൂപീകരിക്കാന്‍ അറബ് ഉച്ചകോടി ധാരണയിലെത്തിയിരുന്നു.
ഗാസയുടെ ഭാവിയെ കുറിച്ച കാഴ്ചപ്പാടിന്റെ വിശദാംശങ്ങള്‍ അവലോകനം ചെയ്യാനായി ഉന്നതതല ഹമാസ് പ്രതിനിധി സംഘം ഉടന്‍ തന്നെ കയ്റോയില്‍ എത്തുമെന്ന് ഹമാസ് വൃത്തങ്ങള്‍ പറഞ്ഞു.
അമേരിക്കന്‍ പൗരത്വമുള്ള അഞ്ചു ഇസ്രായേലി ബന്ദികളെ മോചിപ്പിക്കുന്നതിനെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ അമേരിക്കന്‍ പ്രസിഡന്റിന്റെ ബന്ദികാര്യ പ്രതിനിധി ആദം ബോഹ്ലര്‍, ഡൊണാള്‍ഡ് ട്രംപ് ഭരണകൂടത്തിലെ മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവരുമായി ദോഹയില്‍ വെച്ച് ഹമാസ് കൂടിക്കാഴ്ചകള്‍ നടത്തിയതായി ബന്ധപ്പെട്ടവര്‍ സ്ഥിരീകരിച്ചു. അമേരിക്കന്‍ പൗരത്വമുള്ള ഇസ്രായിലി ബന്ദികളില്‍ നാലു പേര്‍ മരിച്ചുവെന്ന് കരുതപ്പെടുന്നു. ജീവിച്ചിരിക്കുന്നവരും മരിച്ചവരുമായ എല്ലാ അമേരിക്കക്കാരും മടങ്ങിവരുന്നതുവരെ ട്രംപ് സമ്മര്‍ദം ചെലുത്തുന്നത് തുടരുമെന്ന് ആദം ബോഹ്ലര്‍ പറഞ്ഞു. അതേസമയം ഗാസ പുനനിര്‍മാണവും ഗാസയുടെ ഭാവി ഭരണവുമായി ബന്ധപ്പെട്ട് അറബ് ഉച്ചകോടി അംഗീകരിച്ച പദ്ധതി ട്രംപിന്റെ അഭിലാഷങ്ങള്‍ സാക്ഷാല്‍ക്കരിക്കുന്നില്ലെന്ന് അമേരിക്കന്‍ വിദേശ മന്ത്രാലയം പറഞ്ഞു.