വാഷിംഗ്ടണ്‍: ഇസ്രായിലിന് 300 കോടി ഡോളറിന്റെ ആയുധങ്ങളും ബോംബുകളും മറ്റും വില്‍ക്കാന്‍ വില്‍ക്കാന്‍ അമേരിക്കന്‍ വിദേശ മന്ത്രി മാര്‍ക്കോ റൂബിയോ അംഗീകാരം നല്‍കിയതായി യു.എസ് പ്രതിരോധ, സുരക്ഷാ സഹകരണ ഏജന്‍സി അറിയിച്ചു. 250 കോടിയിലേറെ ഡോളര്‍ വിലവരുന്ന ബോംബുകള്‍, വാര്‍ഹെഡുകള്‍, ഗൈഡിംഗ് ഉപകരണങ്ങള്‍ എന്നിവയും 30 കോടി ഡോളറിന്റെ ബുള്‍ഡോസറുകളും മറ്റ് ഉപകരണങ്ങളുമാണ് ഇസ്രായിലിന് വില്‍ക്കുക. ആയുധങ്ങളും വെടിക്കോപ്പുകളും നിർമ്മിച്ചു നൽകാൻ റെബ്കോൺ, ബോയിങ് എന്നീ കമ്പനികൾക്കാണ് കരാർ നൽകിയിരിക്കുന്നത്. ബുൾഡോസറുകളും മറ്റു ഉപകരണങ്ങളും നിർമിച്ചു നൽകാൻ ജനറൽ ഡൈനമിക്സ് എന്ന കമ്പനിയുമായും കരാറിലെത്തിയതായി പെന്റഗൺ അറിയിച്ചു.
ഏകദേശം 29.5 കോടി ഡോളറിന് കാറ്റര്‍പില്ലര്‍ ഡി-9 ഇനത്തില്‍ പെട്ട ബുള്‍ഡോസറുകളും അനുബന്ധ ഉപകരണങ്ങളും ഇസ്രായിലിന് വില്‍ക്കാനും വിദേശ മന്ത്രാലയം അനുമതി നല്‍കിയതായി അമേരിക്കന്‍ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. ഇസ്രായില്‍ അമേരിക്കയോട് ആവശ്യപ്പെതെല്ലാം എത്തിച്ചു നല്‍കുന്നുമെന്ന് ജനുവരിയില്‍ അധികാരമേറ്റ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചിരുന്നു. ഇസ്രായില്‍ ആവശ്യപ്പെടുകയും പണം നല്‍കുകയും ചെയ്തതും എന്നാല്‍ മുന്‍ പ്രസിഡന്റ് ജോ ബൈഡന്‍ തടഞ്ഞുവച്ചതുമായ ആയുധങ്ങളും മറ്റും ഇപ്പോള്‍ അമേരിക്ക ഇസ്രായിലില്‍ എത്തിച്ചു കൊണ്ടിരിക്കുകയാണെന്ന് ട്രംപ് തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലില്‍ പറഞ്ഞു.
ഗാസ യുദ്ധം ആരംഭിച്ച ശേഷം അമേരിക്ക ഇസ്രായിലിന് 2,200 കോടി ഡോളറിന്റെ സൈനിക സഹായം നല്‍കിയതായി കഴിഞ്ഞ ജനുവരിയില്‍ അന്താരാഷ്ട്ര റിപ്പോര്‍ട്ട് വ്യക്തമാക്കിയിരുന്നു. ഫെബ്രുവരി ആദ്യം ട്രംപ് ഭരണകൂടം 740 കോടി ഡോളര്‍ വിലമതിക്കുന്ന ബോംബുകള്‍, വെടിക്കോപ്പുകള്‍, മിസൈലുകള്‍ എന്നിവ ഇസ്രായിലിന് വില്‍ക്കാന്‍ അംഗീകാരം നല്‍കിയിരുന്നു. 2023 ഒക്‌ടോബര്‍ ഏഴു മുതല്‍ 2024 ഓഗസ്റ്റ് വരെയുള്ള കാലയളവില്‍ അമേരിക്ക ഇസ്രായിലിന് 50,000 ടണ്‍ ആയുധങ്ങള്‍ എത്തിച്ചതായി സ്റ്റോക്ക്‌ഹോം ഇന്റര്‍നാഷണല്‍ പീസ് റിസേര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് പറഞ്ഞു. മിസൈലുകള്‍, ബോംബുകള്‍, ഹെലികോപ്റ്ററുകള്‍, കവചിത വാഹനങ്ങള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.
ഇതിൽ 2,200 കോടി ഡോളറിന്റെ യുദ്ധസാമഗ്രികൾ ഗാസ, ലെബനോന്‍, സിറിയ എന്നിവിടങ്ങളില്‍ ഇസ്രായില്‍ സൈന്യം ഉപയോഗിച്ചു. സ്റ്റോക്ക്‌ഹോം ഇന്റര്‍നാഷണല്‍ പീസ് റിസേര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് റിപ്പോര്‍ട്ട് അനുസരിച്ച്, 2019 മുതല്‍ 2023 വരെയുള്ള കാലയളവില്‍ ഇസ്രായിലിന്റെ ആയുധ ഇറക്കുമതിയുടെ 69 ശതമാനവും അമേരിക്കയില്‍ നിന്നായിരുന്നു. ഇത് പിന്നീട് 78 ശതമാനമായും ഉയർന്നു.