വാഷിങ്ടൺ – രാജ്യത്തിൻ്റെ ചരിത്രത്തിലെ ഏറ്റവും നീണ്ട അടച്ചുപൂട്ടലിന് സാക്ഷ്യം വഹിച്ച് യുഎസ്. പ്രസിഡന്റ് ട്രംപിന്റെ സാമ്പത്തിക നയങ്ങളിൽ പ്രതിഷേധിച്ച് അമേരിക്കയിൽ ആരംഭിച്ച അടച്ചുപൂട്ടൽ 36 ദിവസം പിന്നിട്ടിരിക്കുകയാണ്. 2019ല്‍ ട്രംപ് പ്രസിഡന്റായിരിക്കുന്പോൾ അടച്ചുപൂട്ടൽ 35 ദിവസമാണ് നീണ്ടത്.
പ്രവർത്തിക്കാൻ പണമില്ലാതെ സർക്കാർ ഓഫിസുകൾ മിക്കതും അടച്ചുപൂട്ടിയതോടെ പതിനായിരങ്ങളാണ് ശമ്പളമില്ലാ അവധിയിലേക്ക് പോകാൻ നിർബന്ധിതരായത്. നിത്യ ഭക്ഷണത്തിനായി സർക്കാരിന്റെ സാമ്പത്തിക പിന്തുണ ലഭിച്ചിരുന്ന 4 കോടിപ്പേരും പ്രതിസന്ധിയിലായി.
എയർ ട്രാഫിക് കൺട്രോളർമാരും വിമാനത്താവള ജീവനക്കാരും ശമ്പളമില്ലാതെ ജോലി ചെയ്യുകയാണ്. ഷട്ട്ഡൗൺ അവസാനിപ്പിക്കുന്നതിനുള്ള കരാറിൽ എത്താനായില്ലെങ്കിൽ വെള്ളിയാഴ്ച മുതൽ 40 പ്രധാന വിമാനത്താവളങ്ങളിലെ 10 ശതമാനം വിമാന സർവീസുകൾ വെട്ടിക്കുറക്കുമെന്ന് യു.എസ് ഗതാഗത സെക്രട്ടറി ഷോൺ ഡഫി. അടച്ചുപൂട്ടൽ മൂലം എയർ ട്രാഫിക് കൺട്രോളർമാർ അടക്കം പതിനായിരക്കണക്കിനു പേർക്കാണ് തൊഴിൽ നഷ്ടപ്പെട്ടത്.
ഫണ്ടിങ് ബില്ലിനെച്ചൊല്ലി കോൺഗ്രസിൽ റിപ്പബ്ലിക്കൻമാരും ഡെമോക്രാറ്റുകളും തർക്കം തുടരുകയാണ്. തൊഴിലാളികളുടെ ആരോഗ്യ ഇൻഷുറൻസ് സബ്‌സിഡികൾ നീട്ടാത്ത ഒരു പദ്ധതിയും അംഗീകരിക്കില്ലെന്ന് ഡെമോക്രാറ്റുകൾ ഉറച്ചുനിൽക്കുന്നു. അതേസമയം റിപ്പബ്ലിക്കൻമാർ അത് നിരസിക്കുകയുമാണ്.
ഒക്ടോബർ 1ന് ആരംഭിച്ച അടച്ചുപൂട്ടലിൽ താഴ്ന്ന വരുമാനക്കാരായ നിരവധി അമേരിക്കക്കാർക്ക് ഭക്ഷ്യസഹായം നഷ്ടപ്പെടുകയും നിരവധി സർക്കാർ സേവനങ്ങൾ ഇല്ലാതാക്കുകയും ഏകദേശം 750,000 ഫെഡറൽ ജീവനക്കാരെ പിരിച്ചുവിടുന്നതിലേക്ക് നയിക്കുകയും ചെയ്തു.



