വാഷിംഗ്ടണ്‍ – ഇറാനുമായുള്ള യുദ്ധത്തില്‍ വലിയ അളവില്‍ യുദ്ധോപകരണങ്ങള്‍ ഉപയോഗിച്ചതിനെ തുടര്‍ന്ന്, ഇസ്രായിലിന് 51 കോടി ഡോളറിന്റെ ബോംബ് ഗൈഡിംഗ് ഉപകരണങ്ങളും അനുബന്ധ പിന്തുണയും വില്‍ക്കാന്‍ അമേരിക്ക അംഗീകാരം നല്‍കി. അതിര്‍ത്തികള്‍, നിര്‍ണായക അടിസ്ഥാന സൗകര്യങ്ങള്‍, ജനവാസ കേന്ദ്രങ്ങള്‍ എന്നിവയെ പ്രതിരോധിക്കാനുള്ള ശേഷി മെച്ചപ്പെടുത്തുന്നതിലൂടെ നിലവിലുള്ളതും ഭാവിയിലുള്ളതുമായ ഭീഷണികളെ നേരിടാനുള്ള ഇസ്രായിലിന്റെ കഴിവ് നിര്‍ദിഷ്ട ആയുധ വില്‍പന വര്‍ധിപ്പിക്കുമെന്ന് യു.എസ് പ്രതിരോധ സുരക്ഷാ സഹകരണ ഏജന്‍സി പ്രസ്താവനയില്‍ പറഞ്ഞു.
ഇസ്രായിലിന്റെ സുരക്ഷക്ക് അമേരിക്ക പ്രതിജ്ഞാബദ്ധമാണ്. ശക്തവും സജ്ജവുമായ സ്വയം പ്രതിരോധ ശേഷി വികസിപ്പിക്കാനും നിലനിര്‍ത്താനും ഇസ്രായിലിനെ സഹായിക്കേണ്ടത് അമേരിക്കയുടെ ദേശീയ താല്‍പ്പര്യങ്ങള്‍ക്ക് അത്യന്താപേക്ഷിതമാണ് – പ്രതിരോധ സുരക്ഷാ സഹകരണ ഏജന്‍സി പറഞ്ഞു. അമേരിക്കന്‍ വിദേശ മന്ത്രാലയവും ഇസ്രായിലിനുള്ള ആയുധ വില്‍പ്പനക്ക് അംഗീകാരം നല്‍കി. ആയുധ ഇടപാടിനെ കുറിച്ച കത്ത് പ്രതിരോധ സുരക്ഷാ സഹകരണ ഏജന്‍സി അമേരിക്കന്‍ കോണ്‍ഗ്രസിന് സമര്‍പ്പിച്ചു. ആയുധ ഇടപാട് അമേരിക്കന്‍ കോണ്‍ഗ്രസ് അംഗീകരിക്കേണ്ടതുണ്ട്.
ഇറാനിലെ ആണവ കേന്ദ്രങ്ങളെയും ശാസ്ത്രജ്ഞരെയും സൈനിക നേതാക്കളെയും ലക്ഷ്യമിട്ട് ജൂണ്‍ 13 ന് ഇസ്രായില്‍ അഭൂതപൂര്‍വമായ വ്യോമാക്രമണം ആരംഭിച്ചു. ആണവായുധങ്ങള്‍ വികസിപ്പിക്കാന്‍ ഇറാന്‍ ലക്ഷ്യമിടുന്നതായി അമേരിക്കയും മറ്റ് ശക്തികളും വാദിക്കുന്നു. എന്നാല്‍ ഇത് നിഷേധിക്കുന്ന ഇറാന്‍ തങ്ങളുടെ ആണവ പദ്ധതി സിവിലിയന്‍ ആവശ്യങ്ങള്‍ക്കുള്ളതാണെന്ന് പറയുന്നു. കഴിഞ്ഞയാഴ്ച വെടിനിര്‍ത്തല്‍ കരാറിലൂടെ യുദ്ധം അവസാനിച്ചു. അമേരിക്കയും ഇസ്രായിലും ചേര്‍ന്ന് തകര്‍ത്ത ആണവ കേന്ദ്രങ്ങള്‍ ഇറാന്‍ പുനര്‍നിര്‍മിക്കുന്നത് തടയുമെന്ന് ഇസ്രായില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു വ്യക്തമാക്കി. ഇത് ഭാവിയില്‍ പുതിയ സംഘര്‍ഷത്തിനുള്ള സാധ്യത ഉയര്‍ത്തുന്നു.