ന്യൂയോര്‍ക്ക് – ഇറാനെതിരായ ആക്രമണങ്ങള്‍ കൂട്ടായ സ്വയം പ്രതിരോധമായിരുന്നെന്ന് യു.എന്‍ രക്ഷാ സമിതിയില്‍ അവകാശപ്പെട്ടും ന്യായീകരിച്ചും അമേരിക്ക.
ഇറാന്റെ യുറേനിയം സമ്പുഷ്ടീകരണ ശേഷി നശിപ്പിക്കാനും ഈ തെമ്മാടി ഭരണകൂടം ആണവായുധം സ്വന്തമാക്കുന്നതിന്റെയും ഉപയോഗിക്കുന്നതിന്റെയും ഭീഷണി തടയാനുമാണ് കഴിഞ്ഞ ആഴ്ച ആദ്യം ഇറാനെതിരായ യു.എസ് ആക്രമണങ്ങളിലൂടെ ലക്ഷ്യമിട്ടതെന്ന് യു.എന്‍ രക്ഷാ സമിതിയെ കത്തിലൂടെ അമേരിക്ക അറിയിച്ചു. ഇറാന്‍ സര്‍ക്കാരുമായി കരാറുണ്ടാക്കാന്‍ അമേരിക്ക പ്രതിജ്ഞാബദ്ധമാണെന്ന് ഐക്യരാഷ്ട്രസഭയിലെ ആക്ടിംഗ് യു.എസ് അംബാസഡര്‍ ഡൊറോത്തി ഷിയ എഴുതി.
യു.എന്‍ ചാര്‍ട്ടറിലെ ആര്‍ട്ടിക്കിള്‍ 51 പ്രകാരം കൂട്ടായ സ്വയം പ്രതിരോധമാണെന്ന് പറഞ്ഞാണ് ഇറാനെതിരായ ആക്രമണങ്ങളെ അമേരിക്ക ന്യായീകരിച്ചത്. സായുധ ആക്രമണത്തിനെതിരെ സ്വയം പ്രതിരോധത്തിനായി രാജ്യങ്ങള്‍ സ്വീകരിക്കുന്ന ഏതൊരു നടപടിയും 15 അംഗ രക്ഷാ സമിതിയെ ഉടന്‍ അറിയിക്കണമെന്ന് യു.എന്‍ ചാര്‍ട്ടറിലെ ആര്‍ട്ടിക്കിള്‍ 51 ആവശ്യപ്പെടുന്നു.