വാഷിങ്ടൺ– ഇറാനുമായി യുദ്ധം ആരംഭിച്ച ശേഷം അമേരിക്കയിൽ ഇന്ധന വില കുത്തനെ കൂടിയതായി റിപ്പോർട്ട്. ഇസ്രായിലും അമേരിക്കയും സംയുക്തമായി ഇറാനെ ആക്രമിക്കുന്നത് തുടർന്ന് നാലാഴ്ച പിന്നിടുമ്പോൾ യുഎസിൽ ഇന്ധന വിലയിൽ 30 ശതമാനത്തോളം വർദ്ധനവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഹോർമുസ് കടലിടുക്കിൽ ശത്രുക്കൾക്കും സഖ്യകക്ഷികൾക്കും ഇറാൻ ഏർപ്പെടുത്തിയ വിലക്ക് കാരണം ക്രൂഡോയിൽ ലഭ്യത കുറഞ്ഞതാണ് പ്രതിസന്ധിയിലാക്കിയത്.
ഡീസൽ വില ഗണ്യമായി ഉയർന്നത് ചരക്കു നീക്കത്തെ ബാധിക്കുകകയും പണപ്പെരുത്തിന് കാരണമായെന്നുമാണ് വിലയിരുത്തൽ. ഇറാനിയൻ വാർത്താ ഏജൻസിയായ മെഹർ ന്യൂസാണ് ഈ റിപ്പോർട്ട് പുറത്തുവിട്ടത്. ഹോർമുസ് തുറക്കാനും എണ്ണ വിതരണം പുനസ്ഥാപിക്കാനും അമേരിക്ക ശ്രമങ്ങൾ നടത്തുന്നുണ്ടെങ്കിലും ഇറാൻ മുന്നോട്ടുവെക്കുന്ന നിബന്ധനകളെ അംഗീകരിക്കാത്തതിനാൽ യുദ്ധം നീണ്ടുപോവുകയാണ്. അതിനു പുറമെ ഇറാനിലെ ഉന്നത രാഷ്ട്രീയ നേതാക്കളെ വധിച്ച് ഭരണത്തിൽ അസ്ഥിരതയുണ്ടാക്കാമെന്ന ധാരണയിൽ ഇസ്രയേലും യുഎസും ആക്രമണം തുടരുകയാണ്.
4 ദിവസം കൊണ്ടും ഒരാഴ്ച കൊണ്ടും അവസാനിപ്പിക്കുമെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അവകാശപ്പെട്ടിരുന്ന യുദ്ധം 22 ദിവസം പിന്നിടുമ്പോൾ ആഗോളതലത്തിൽ പ്രത്യാഘാതങ്ങൾ സൃഷ്ടിച്ചു കൊണ്ടിരിക്കുകയാണ്. ഇറാനുമേൽ അന്താരാഷ്ട്ര ഉപരോധങ്ങൾ ഏർപ്പെടുത്തിയ അമേരിക്ക തീരുമാനം മാറ്റിയെങ്കിലും ഗുണകരമായില്ല. ഫെബ്രുവരി മാസം വരെ അമേരിക്കയിൽ ഒരു ഗാലൻ പെട്രോളിന് ശരാശരി 2.98 ഡോളറായിരുന്നു വില.
എന്നാൽ 2026 ഫെബ്രുവരി 28-ഓടെ ഇറാനു നേരെ അമേരിക്കയും ഇസ്രായിലും സംയുക്തമായി ആക്രമണം നടത്തിയതോടെ മേഖലയിൽ തുറന്ന യുദ്ധം ആരംഭിച്ചു. ഹോർമുസ് കടലിൽ ഇറാൻ ഉപരോധം ഏർപ്പെടുത്തിയതോടെ ആഗോള വിപണിയിൽ ബ്രെന്റ് ക്രൂഡ് ഓയിൽ വില ബാരലിന് 100 ഡോളറിന് മുകളിലേക്ക് കുതിക്കുകയും ചെയ്തു. കാലിഫോർണിയയിൽ ഒരു ഗാലൻ ഇന്ധന വില 5.70 ഡോളറിലെത്തിയതായണ് വിവരം. ഹോർമുസ് പിടിച്ചടക്കാൻ അമേരിക്ക സൈനിക ഒരുക്കങ്ങൾ നടത്തുകയാണെന്ന സൂചനയും വൈറ്റ്ഹൗസ് പുറത്തുവിട്ടിട്ടുണ്ട്.



