വാഷിങ്ടൻ. യെമനില്‍ നിയമാനുസൃത ഗവണ്‍മെന്റിനെ അട്ടിമറിയിലൂടെ പുറത്താക്കി അധികാരം പിടിച്ചടക്കിയ ഹൂത്തി വിമതരെ വീണ്ടും അമേരിക്ക വിദേശ ഭീകര സംഘടനയായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഇതുസംബന്ധിച്ച ഉത്തരവില്‍ പ്രസിഡന്റ് ഡൊനള്‍ഡ് ട്രംപ് ആഴ്ചകള്‍ക്കു മുമ്പ് ഒപ്പുവെച്ചിരുന്നു. മറ്റു നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഇപ്പോൾ ഔദ്യോഗിക പ്രഖ്യാപനം വന്നു. പ്രസിഡന്റ് ട്രംപിന്റെ ആദ്യ വാഗ്ദാനങ്ങളിലൊന്ന് അമേരിക്കന്‍ വിദേശ മന്ത്രാലയം ഇന്ന് നിറവേറ്റുകയാണെന്ന് വിദേശകാര്യ സെക്രട്ടറി മാര്‍ക്കോ റൂബിയോ പറഞ്ഞു.
നേരത്തെ ഹൂത്തികളെ ഭീകരരായി പ്രഖ്യാപിച്ച നടപടി 2021ല്‍ അധികാരമേറ്റ ശേഷം മുന്‍ പ്രസിഡന്റ് ജോ ബൈഡന്‍ റദ്ദാക്കിയിരുന്നു. എന്നാല്‍ കഴിഞ്ഞ വര്‍ഷം പ്രത്യേകമായി നിര്‍ണയിച്ച ആഗോള ഭീകരര്‍ എന്ന പട്ടികയില്‍ ഹൂത്തികളെ വീണ്ടും ബൈഡന്‍ ഉള്‍പ്പെടുത്തി. യെമനിലേക്ക് മാനുഷിക സഹായങ്ങളെത്തിക്കാൻ അനുവദിക്കുന്ന തരത്തിലായിരുന്നു ഇത്.
ഇറാന്‍ പിന്തുണയുള്ള ഗ്രൂപ്പായ ഹൂത്തികളുടെ പ്രവര്‍ത്തനങ്ങള്‍ മിഡില്‍ ഈസ്റ്റിലെ അമേരിക്കന്‍ സിവിലിയന്മാരുടെയും സൈനികരുടെയും സുരക്ഷയ്ക്കും മേഖലയിലെ പങ്കാളികളുടെ സുരക്ഷക്കും അന്താരാഷ്ട്ര സമുദ്ര വാണിജ്യത്തിന്റെ സ്ഥിരതക്കും ഭീഷണിയാണെന്ന് ജനുവരി 22ന് പ്രസിഡന്റ് ട്രംപ് ഒപ്പുവച്ച എക്‌സിക്യൂട്ടീവ് ഉത്തരവ് പറഞ്ഞിരുന്നു.
തലസ്ഥാനമായ സന്‍ആ ഉള്‍പ്പെടെ യെമനിലെ വലിയ പ്രദേശങ്ങള്‍ നിയന്ത്രിക്കുന്ന ഹൂത്തി വിമതര്‍ 2023 നവംബര്‍ മുതല്‍ ഇസ്രായിലുമായും അമേരിക്കയുമായും ബ്രിട്ടനുമായും ബന്ധമുള്ള കപ്പലുകളെ യെമന്‍ തീരത്ത് ആക്രമിച്ചു കൊണ്ടിരിക്കുകയാണ്. ഗസ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ഫലസ്തീനികളോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് തങ്ങള്‍ ആക്രമണങ്ങള്‍ നടത്തുന്നതെന്ന് ഹൂത്തികള്‍ അവകാശപ്പെടുന്നു. ഈ ആക്രമണങ്ങള്‍ സുപ്രധാന ആഗോള സമുദ്ര വ്യാപാര പാതയായ ചെങ്കടലിലും ഏദന്‍ ഉള്‍ക്കടലിലും ചരക്ക് നീക്കത്തെ തടസ്സപ്പെടുത്തി. ഇത് ബഹുരാഷ്ട്ര നാവിക സേനാ സഖ്യത്തെ പ്രദേശത്ത് വിന്യസിക്കാനും ഹൂത്തി ലക്ഷ്യങ്ങള്‍ക്കു നേരെ ആക്രമണങ്ങള്‍ നടത്താനും അമേരിക്കയെ പ്രേരിപ്പിച്ചു. പലപ്പോഴും ബ്രിട്ടനുമായി സഹകരിച്ചാണ് ഹൂത്തികള്‍ക്കെതിരെ അമേരിക്ക ആക്രമണങ്ങള്‍ നടത്തിയത്.