വാഷിങ്ടൺ: രണ്ടു മാസത്തോളം നീണ്ട തീരുവ യുദ്ധത്തിന് അന്ത്യം കുറിച്ച് അമേരിക്കയും ചൈനയും പരസ്പര ധാരണയിലെത്തി. പരസ്പരം ഏർപ്പെടുത്തിയ ഇറക്കുമതി തീരുവയിൽ 90 ദിവസത്തേക്ക് ഇളവ് വരുത്താനും, പിന്നീടുള്ള കാര്യങ്ങൾ പരസ്പരം ചർച്ച ചെയ്ത് തീരുമാനിക്കാനും ഇരുരാജ്യങ്ങളുടെയും പ്രതിനിധികൾ സ്വിറ്റ്‌സർലന്റിൽ നടത്തിയ ചർച്ചയിൽ ധാരണയായി. ചൈനീസ് പ്രസിഡണ്ട് ഷി ജിൻ പിങ്ങുമായി ഉടൻ കൂടിക്കാഴ്ച നടത്തുമെന്നും ഇക്കാര്യത്തിൽ വിശദമായ ചർച്ചകൾ നടത്തുമെന്നും യു.എസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് അറിയിച്ചു.
ചൈനയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന വസ്തുക്കൾക്ക് ഏർപ്പെടുത്തിയ 145 ശതമാനം നികുതി 30 ശതമാനമായി അമേരിക്കയും, അമേരിക്കൻ ഉൽപ്പന്നങ്ങൾക്കു മേലുള്ള ഇറക്കുമതി തീരുവ 125 ശതമാനത്തിൽ നിന്ന് 10 ശതമാനമായി ചൈനയും കുറച്ചതോടെയാണ് ലോകത്തെ ഏറ്റവും വലിയ വാണിജ്യ രാഷ്ട്രങ്ങൾ തമ്മിലുള്ള വാണിജ്യ യുദ്ധത്തിന് വിരാമമായത്.
ജനുവരിയിൽ അധികാരമേറ്റെടുത്തതു മുതൽ ഇറക്കുമതി തീരുവ വർധിപ്പിക്കുമെന്ന് ആവർത്തിച്ചിരുന്ന ഡൊണാൾഡ് ട്രംപ് ഏപ്രിൽ രണ്ടിന് വൈറ്റ് ഹൗസ് റോസ് ഗാർഡനിൽ നടത്തിയ ആഘോഷങ്ങൾക്കിടെയാണ് ‘ലിബറേഷൻ ഡേ’ തീരുവകൾ പ്രഖ്യാപിച്ചത്. എക്‌സിക്യൂട്ടീവ് ഓർഡറിലൂടെ പ്രഖ്യാപിച്ച പകരച്ചുങ്കം (റെസിപ്രോക്കൽ താരിഫ്) വഴി അമേരിക്ക സാമ്പത്തിക സ്വാതന്ത്ര്യം നേടുകയാണെന്ന് ട്രംപ് അവകാശപ്പെട്ടു. ആഗോള സ്‌റ്റോക്ക് മാർക്കറ്റിൽ വൻ തകർച്ചയ്ക്ക് ഇത് കാരണമായി.
അമേരിക്കയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയായ ചൈനയെയാണ് ട്രംപിന്റെ നയം സാരമായി ബാധിച്ചത്. തങ്ങളുടെ ഉൽപ്പന്നങ്ങൾക്കുള്ള ഇറക്കുമതി തീരുവ കുത്തനെ കൂട്ടിയതോടെ, അമേരിക്കൻ ഉൽപ്പന്നങ്ങൾക്കു മേൽ ചൈനയും തീരുവ ഏർപ്പെടുത്തി. ഇത് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാവാൻ ഇടയായി. ചൈന ഇങ്ങോട്ട് സമീപിച്ചാൽ ചർച്ചയാവാമെന്ന് ട്രംപ് വ്യക്തമാക്കിയെങ്കിലും, ആദ്യത്തെ നീക്കം തങ്ങൾ നടത്തില്ലെന്ന നിലപാടിലായിരുന്നു ചൈന.