വാഷിംഗ്ടൺ– ഇന്ത്യക്കാരനായ ഡ്രൈവറുടെ ട്രക്ക് അപകടത്തിൽപ്പെട്ടതിന് പിന്നാലെ വിദേശത്തുനിന്നുള്ള ട്രക്ക് ഡ്രൈവർമാരുടെ വിസക്ക് വിലക്കേർപ്പെടുത്തി അമേരിക്ക. മൂന്ന് പേർ മരിച്ച സംഭവത്തിലാണ് ഈ നടപടി. വിദേശത്തു നിന്നുള്ള ഡ്രൈവർമാരുടെ വർധനവ് അമേരിക്കൻ പൗരന്മാരുടെ ജീവൻ അപകടത്തിലാക്കുന്നുണ്ടെന്നും, ഇത് അമേരിക്കൻ ട്രക്ക് ഡ്രൈവർമാരുടെ ഉപജീവനത്തെ ദോഷകരമായി ബാധിക്കുന്നുണ്ടെന്നും യുഎസ് സ്റ്റേറ്റ് സെക്രട്ടറി റൂബിയോ എക്‌സിലൂടെ പങ്കുവെച്ചു. വാണിജ്യ ട്രക്ക് ഡ്രൈവർമാർക്കുള്ള തൊഴിൽ വിസകൾ താൽക്കാലികമായി നിർത്തിവെച്ചതായും അദ്ദേഹം എക്‌സിൽ കുറിച്ചു. വാഹനാപകടത്തിൽ മൂന്ന് പേർ മരിച്ച സംഭവത്തിൽ അന്വേഷണം പുരോഗമിക്കുന്നിതനിടെയാണ് ഈ തീരുമാനം.
അപകടത്തിന് കാരണക്കാരനായ ഇന്ത്യൻ ട്രക്ക് ഡ്രൈവർ ഹർജിന്ദർ സിംഗിന് ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യ പരീക്ഷയിൽ പരാജയപ്പെട്ടിരുന്നുവെന്ന് ഫെഡറൽ മോട്ടോർ കാരിയർ സേഫ്റ്റി അഡ്മിനിസ്‌ട്രേഷൻ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി. 12 വാക്കാലുള്ള ചോദ്യങ്ങളിൽ രണ്ടെണ്ണത്തിനും നാല് ഹൈവേ സൈനുകളിൽ ഒരെണ്ണത്തിനും മാത്രമാണ് ഇയാൾക്ക് കൃത്യമായ ഉത്തരം നൽകാൻ കഴിഞ്ഞത്. ഇത് പോലെയുള്ള വാഹനാപകടങ്ങൾ തടയുന്നതിന്, ട്രക്ക് ഡ്രൈവർമാരുടെ ഇംഗ്ലീഷ് പ്രാവീണ്യം വർദ്ധിപ്പിക്കാൻ മെയ് മാസത്തിൽ ഷോൺ ഡഫി ഉത്തരവിറക്കിയിരുന്നു. നിയമങ്ങൾ പാലിച്ചിരുന്നെങ്കിൽ ഈ ഡ്രൈവർ ഒരിക്കലും വാഹനം ഓടിക്കില്ലായിരുന്നുവെന്നും, അങ്ങനെയെങ്കിൽ ആ മൂന്ന് ജീവനുകൾ ഇപ്പോഴും ഉണ്ടായിരിക്കുമായിരുന്നുവെന്നും ഷോൺ ഡഫി പറഞ്ഞു.