ഗാസ – ഗാസയിലെ പത്ത് ലക്ഷത്തിലേറെ കുട്ടികള്‍ക്ക് ഇപ്പോഴും വെള്ളവും ഭക്ഷണവും ആവശ്യമാണെന്നും വെടിനിര്‍ത്തല്‍ കരാര്‍ ഉണ്ടായിരുന്നിട്ടും ആയിരക്കണക്കിന് കുട്ടികള്‍ എല്ലാ രാത്രിയും വിശന്ന് വലഞ്ഞാണ് ഉറങ്ങാന്‍ കിടക്കുന്നതെന്നും യൂനിസെഫ് വക്താവ് ടെസ് ഇന്‍ഗ്രാം പറഞ്ഞു.
ആറര ലക്ഷം കുട്ടികള്‍ സ്‌കൂളിലേക്ക് മടങ്ങേണ്ടതുതെന്ന് പത്രസമ്മേളനത്തില്‍ യൂനിസെഫ് വക്താവ് പറഞ്ഞു. വെടിനിര്‍ത്തല്‍ നല്ല വാര്‍ത്തയാണ്. കുട്ടികളെ കൊന്നൊടുക്കുന്ന ദൈനംദിന വ്യോമാക്രമണത്തിന് ഇത് അറുതി വരുത്തുന്നു. എന്നാല്‍ വിശപ്പ് അവസാനിപ്പിക്കാനോ കുടുംബങ്ങള്‍ക്ക് സുരക്ഷിതമായ കുടിവെള്ളം ലഭ്യമാകുന്നുണ്ടെന്ന് ഉറപ്പാക്കാനോ അത് മാത്രം പര്യാപ്തമല്ല.
ഗാസയിലെ കുടുംബങ്ങള്‍ ഇപ്പോഴും അതിജീവിക്കാന്‍ ദിവസേന പാടുപെടുകയാണ്. കുട്ടികള്‍ക്ക് വെള്ളവും വൈദ്യസഹായവും നല്‍കുന്ന അടിസ്ഥാന സൗകര്യങ്ങള്‍ സാരമായി തകര്‍ന്നിരിക്കുന്നു. ഇത് ഈ അടിസ്ഥാന സേവനങ്ങളുടെ ലഭ്യത വളരെ ദുഷ്‌കരമാക്കുന്നു.
വെടിനിര്‍ത്തല്‍ ആരംഭിച്ചശേഷം ഗാസ മുനമ്പിലേക്ക് എത്തുന്ന സഹായത്തിന്റെ അളവ് ആദ്യ രണ്ടാഴ്ചക്കിടെ അല്പം വര്‍ധിച്ചു. പക്ഷേ, അത് ഇപ്പോഴും പര്യാപ്തമല്ല. ഗാസയില്‍ എത്തിയ സഹായ വസ്തുക്കളുടെ അളവുകള്‍ ഇപ്പോഴും യുദ്ധം ആരംഭിക്കുന്നതിന് മുമ്പ് എത്തിയിരുന്ന നിലവാരത്തേക്കാള്‍ താഴെയാണ്. ആയിരക്കണക്കിന് കുട്ടികള്‍ ഇപ്പോഴും വിശന്ന് പൊരിഞ്ഞാണ് ഉറങ്ങാന്‍ പോകുന്നത്. മറ്റുള്ളവര്‍ ആശുപത്രികളില്‍ ചികിത്സിച്ച് ഭേദമാക്കാവുന്ന രോഗങ്ങളാല്‍ ബുദ്ധിമുട്ടുന്നു. ഡോക്ടര്‍മാരുടെയും മരുന്നുകളുടെയും അഭാവം ചികിത്സ ലഭിക്കാതെ അവരെ വേദനയിലാക്കുന്നതായും യൂനിസെഫ് വക്താവ് പറഞ്ഞു.



