ന്യൂയോർക്ക് – ഫലസ്തീൻ അഭയാർഥികൾക്കായുള്ള യു.എൻ ദുരിതാശ്വാസ ഏജൻസിക്കെതിരെ സ്വീകരിച്ച നടപടികൾ പിൻവലിച്ചില്ലെങ്കിൽ ഇസ്രായിലിനെ അന്താരാഷ്ട്ര നീതിന്യായ കോടതിയിലേക്ക് റഫർ ചെയ്യുമെന്ന് യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് മുന്നറിയിപ്പ് നൽകി. ഏജൻസിയെ നിരോധിച്ചുകൊണ്ടുള്ള നിയമങ്ങൾ റദ്ദാക്കണമെന്നും പിടിച്ചെടുത്ത ആസ്തികൾ തിരികെ നൽകണമെന്നും ആവശ്യപ്പെട്ട് ഇസ്രായിൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന് ഗുട്ടെറസ് കത്തയച്ചു. അന്താരാഷ്ട്ര നിയമങ്ങൾ ലംഘിച്ചുള്ള ഇസ്രായിലിന്റെ നീക്കങ്ങളോട് യു.എന്നിന് നിസ്സംഗത പുലർത്താൻ കഴിയില്ലെന്ന് ജനുവരി എട്ടിന് അയച്ച കത്തിൽ അദ്ദേഹം വ്യക്തമാക്കി.
യു.എൻ ഏജൻസിയുടെ പ്രവർത്തനം തടയുന്നതിനായി 2024 ഒക്ടോബറിൽ ഇസ്രായിൽ പാർലമെന്റ് നിയമം പാസാക്കിയിരുന്നു. കഴിഞ്ഞ മാസം ഈ നിയമം ഭേദഗതി ചെയ്ത ഇസ്രായിൽ, ഏജൻസിയുടെ ആസ്ഥാനം പിടിച്ചെടുക്കുകയും വെള്ളവും വൈദ്യുതിയും നിഷേധിക്കുകയും ചെയ്തു. എന്നാൽ ഗുട്ടെറസിന്റെ നിലപാടിനെ ഇസ്രായിൽ തള്ളി. ഭീഷണികളിൽ ഭയമില്ലെന്നും അന്താരാഷ്ട്ര നിയമമല്ല, മറിച്ച് തീവ്രവാദത്തിൽ ഉൾപ്പെട്ട സംഘടനയെ സംരക്ഷിക്കാനാണ് യു.എൻ ശ്രമിക്കുന്നതെന്നും ഐക്യരാഷ്ട്രസഭയിലെ ഇസ്രായിൽ അംബാസഡർ ഡാനി ഡാനോൺ പ്രതികരിച്ചു.
1949-ൽ സ്ഥാപിതമായ യു.എൻ ഏജൻസി ഗാസ, വെസ്റ്റ് ബാങ്ക് ഉൾപ്പെടെയുള്ള മേഖലകളിൽ ദശലക്ഷക്കണക്കിന് ഫലസ്തീനികൾക്ക് വിദ്യാഭ്യാസവും ചികിത്സയും നൽകി വരുന്നു. ഏജൻസിയിലെ ചില ജീവനക്കാർക്ക് ഹമാസ് ബന്ധമുണ്ടെന്ന് ഇസ്രായിൽ ആരോപിച്ചിരുന്നെങ്കിലും, ആവശ്യപ്പെട്ട തെളിവുകൾ ഹാജരാക്കാൻ ഇതുവരെ തയ്യാറായിട്ടില്ല. ഗാസയിലെ ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ നട്ടെല്ലായ ഏജൻസിയെ തകർക്കാനുള്ള നീക്കം ഗാസയിലെ മാനുഷിക ദുരന്തം വർധിപ്പിക്കുമെന്ന് യു.എൻ ഉദ്യോഗസ്ഥർ ആശങ്കപ്പെടുന്നു.



