ജനീവ – രണ്ടു വര്‍ഷം നീണ്ട യുദ്ധത്തിലൂടെ തകര്‍ന്നടിഞ്ഞ ഗാസ മുനമ്പിന്റെ പുനര്‍നിര്‍മാണത്തിന് 7,000 കോടി ഡോളര്‍ (6,21,530 കോടി ഇന്ത്യന്‍ രൂപ) ചെലവ് വരുമെന്ന് കണക്കാക്കുന്നതായി യു.എന്‍ ഡെവലപ്‌മെന്റ് പ്രോഗ്രാം പറഞ്ഞു. ഗാസ മുനമ്പിലെ തെരുവുകള്‍ കോടിക്കണക്കിന് ടണ്‍ അവശിഷ്ടങ്ങള്‍ കൊണ്ട് നിറഞ്ഞിരിക്കുന്നു. അവശിഷ്ടങ്ങള്‍ക്കടിയില്‍ നൂറുകണക്കിന് മൃതദേഹങ്ങളും കുടുങ്ങിക്കിടക്കുന്നു. ഗാസയില്‍ കുറഞ്ഞത് 5.5 കോടി ടണ്‍ അവശിഷ്ടങ്ങള്‍ ഉണ്ടെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നതായി യു.എന്‍.ഡി.പി സ്‌പെഷ്യല്‍ റെപ്രസന്റേറ്റീവ് ടു ദി അഡ്മിനിസ്‌ട്രേറ്റര്‍ ജാക്വസ് സിലിയേഴ്സ് പറഞ്ഞു.
അറബ് രാജ്യങ്ങള്‍, യൂറോപ്യന്‍ പങ്കാളികള്‍, അമേരിക്ക എന്നിവയില്‍ നിന്ന് ഗാസയുടെ വീണ്ടെടുക്കലിനുള്ള ധനസഹായം സംബന്ധിച്ച് വളരെ നല്ല സൂചനകള്‍ യു.എന്‍.ഡി.പിക്ക് ഇതിനകം ലഭിച്ചിട്ടുണ്ട്. ഗാസ പുനര്‍നിര്‍മാണ പ്രക്രിയക്ക് ഒരു ദശാബ്ദമോ അതില്‍ കൂടുതലോ സമയമെടുക്കുമെന്നും യു.എന്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞു.
ഗാസ മുനമ്പിലെ 95 ശതമാനം ട്രക്കുകളും ഹെവി ഉപകരണങ്ങളും ഇസ്രായില്‍ നശിപ്പിച്ചതായി ഗാസ സിറ്റി മുനിസിപ്പാലിറ്റി വക്താവ് പറഞ്ഞു. യുദ്ധത്തിന്റെ ഫലമായി 1,93,000 കെട്ടിടങ്ങള്‍ പൂര്‍ണമായും നശിപ്പിക്കപ്പെട്ടു. 16 ആശുപത്രികള്‍ ഇപ്പോള്‍ പരിമിതമായ ശേഷിയിലാണ് പ്രവര്‍ത്തിക്കുന്നത്. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടയിലെ ഇസ്രായില്‍ യുദ്ധത്തിന്റെ ഫലമായി ഗാസ നഗരത്തിലെ തെരുവുകളില്‍ മാത്രം റെസിഡന്‍ഷ്യല്‍ കെട്ടിടങ്ങളില്‍ നിന്നും വ്യാവസായിക സ്ഥാപനങ്ങളില്‍ നിന്നുമായി ഏകദേശം അഞ്ചു കോടി ടണ്‍ അവശിഷ്ടങ്ങള്‍ അടിഞ്ഞുകൂടിയിട്ടുണ്ട്. ഗാസ നഗരത്തിലെ 90 തെരുവുകളും നശിപ്പിക്കപ്പെട്ടിട്ടുണ്ട്. പുനര്‍നിര്‍മാണം ആരംഭിക്കാനായി നഗരത്തിലെ തെരുവുകളില്‍ നിന്ന് അവശിഷ്ടങ്ങള്‍ നീക്കം ചെയ്യാനാണ് ഇപ്പോള്‍ മുന്‍ഗണന നല്‍കുന്നതെന്ന് ഗാസ സിറ്റി നഗരസഭാ ഉദ്യോഗസ്ഥന്‍ പറഞ്ഞു.


ഈജിപ്ഷ്യന്‍ പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് അല്‍സീസി, ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ഥാനി, യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്, തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ എന്നിവര്‍ ഇന്നലെ ശറമുശ്ശൈഖില്‍ ഗാസ വെടിനിര്‍ത്തല്‍ കരാറില്‍ ഒപ്പുവച്ചു. അറബ്, പാശ്ചാത്യ രാജ്യങ്ങളില്‍ നിന്നുള്ള 30 ലധികം നേതാക്കള്‍ ശറമുശ്ശൈഖ് സമാധാന ഉച്ചകോടിയില്‍ പങ്കെടുത്തു. രണ്ട് വര്‍ഷത്തെ രക്തരൂക്ഷിതമായ യുദ്ധത്തില്‍ തകര്‍ന്ന ഗാസ മുനമ്പിന്റെ അടിസ്ഥാന സൗകര്യങ്ങളുടെ പുനരധിവാസം ഉള്‍പ്പെടെ, ഗാസ സംഘര്‍ഷം പരിഹരിക്കാനുള്ള ട്രംപിന്റെ പദ്ധതിയുടെ അടുത്ത ഘട്ടങ്ങള്‍ നടപ്പാക്കണമെന്ന് ഉച്ചകോടിയില്‍ പങ്കെടുത്തവര്‍ ആവശ്യപ്പെട്ടു.