ന്യൂയോർക്ക്: ഗാസയിൽ ഭക്ഷ്യസഹായം തേടി റിലീഫ് വിതരണ കേന്ദ്രങ്ങളിലെത്തിയവർക്ക് നേരെ ഇസ്രായേൽ സൈന്യം നടത്തിയ വെടിവെപ്പിലും ആക്രമണങ്ങളിലും 1,760 പേർ കൊല്ലപ്പെട്ടതായി യു.എൻ മനുഷ്യാവകാശ ഓഫീസ് അറിയിച്ചു. ഇതിനു പുറമെ, റിലീഫ് വിതരണം ഏകോപിപ്പിക്കാൻ പ്രവർത്തിച്ച 46 പേരും കൊല്ലപ്പെട്ടു. ഓഗസ്റ്റ് ആദ്യം മുതൽ റിലീഫ് കേന്ദ്രങ്ങൾക്ക് സമീപം 11 ഇസ്രായേൽ ആക്രമണങ്ങൾ രേഖപ്പെടുത്തിയതായി യു.എൻ മനുഷ്യാവകാശ ഓഫീസ് വ്യക്തമാക്കി.
വടക്കൻ ഗാസയിലെ അൽസഫ്താവി, അൽകറാമ പ്രദേശങ്ങളിലെ റിലീഫ് കേന്ദ്രങ്ങളിൽ ബുധനാഴ്ച നടന്ന ആക്രമണങ്ങളിൽ 12 ഫലസ്തീനികൾ കൊല്ലപ്പെടുകയും 18 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഗാസയുടെ വടക്കുഭാഗത്തെ അൽതവാം പ്രദേശത്ത് റിലീഫ് കേന്ദ്രത്തിന് സമീപം സുരക്ഷാ ഉദ്യോഗസ്ഥരെന്ന് തോന്നിക്കുന്നവർക്ക് നേരെ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ ആറ് ഫലസ്തീനികൾ കൊല്ലപ്പെട്ടു.
മെയ് 27 മുതൽ ഓഗസ്റ്റ് 13 വരെ, ഗാസ ഹ്യുമാനിറ്റേറിയൻ ഫൗണ്ടേഷൻ (ജി.എച്ച്.എഫ്) കേന്ദ്രങ്ങൾക്ക് സമീപം 994 പേരും റിലീഫ് വിതരണ വാഹനങ്ങൾ കടന്നുപോകുന്ന വഴികളിൽ 766 പേരും കൊല്ലപ്പെട്ടതായി യു.എൻ മനുഷ്യാവകാശ ഓഫീസ് വിശദീകരിച്ചു. ഈ കുറ്റകൃത്യങ്ങൾ അടിയന്തരമായും സ്വതന്ത്രമായും അന്വേഷിച്ച് ഉത്തരവാദികൾക്കെതിരെ നടപടി സ്വീകരിക്കണമെന്നും യു.എൻ ആവശ്യപ്പെട്ടു. റിലീഫ് വാഹനങ്ങൾക്ക് സുരക്ഷ ഒരുക്കാൻ ശ്രമിക്കുന്ന ഫലസ്തീനികൾക്കെതിരായ ആക്രമണങ്ങൾ ഇസ്രായേൽ ഉടൻ നിർത്തണം.
ഗാസയിലേക്കും അതിനുള്ളിലും മാനുഷിക സഹായവും അവശ്യവസ്തുക്കളും എത്തിക്കുന്നത് സുഗമമാക്കാനും സംരക്ഷിക്കാനുമുള്ള അന്താരാഷ്ട്ര നിയമപ്രകാരമുള്ള ബാധ്യതകൾ ഇസ്രായേൽ പാലിക്കണമെന്നും യു.എൻ വ്യക്തമാക്കി. ഇസ്രായേൽ ആക്രമണങ്ങൾ ഗാസയിൽ പട്ടിണി വ്യാപകമാകാൻ കാരണമായതായും റിപ്പോർട്ടിൽ പറയുന്നു.
മാർച്ച് ആദ്യം മുതൽ ഗാസയിൽ സമഗ്രമായ ഉപരോധം ഏർപ്പെടുത്തിയ ഇസ്രായേൽ, ഭക്ഷണം, മരുന്ന്, അടിസ്ഥാന ആവശ്യങ്ങൾ എന്നിവയുടെ കടുത്ത ക്ഷാമം സൃഷ്ടിച്ചു. മെയ് അവസാനം മുതൽ ഇസ്രായേലും അമേരിക്കയും പിന്തുണയ്ക്കുന്ന ഗാസ ഹ്യുമാനിറ്റേറിയൻ ഫൗണ്ടേഷൻ വഴി ചില സഹായങ്ങൾ അനുവദിച്ചെങ്കിലും, അന്താരാഷ്ട്ര സഹായ ഏജൻസികൾ ഇതിനെ വിശ്വസനീയമല്ലെന്ന് വിലയിരുത്തുന്നു.