ജനീവ – കുടിയിറക്കത്തിന് കാരണമാകുന്ന സൈനിക നടപടികള്‍ ഉള്‍പ്പെടെ അധിനിവിഷ്ട വെസ്റ്റ് ബാങ്കിലും ഗാസ മുനമ്പിലും ഇസ്രായിലിന്റെ നടപടികള്‍ ജനസംഖ്യാ ഘടനയില്‍ സ്ഥിരമായ മാറ്റം സൃഷ്ടിക്കാന്‍ ലക്ഷ്യമിട്ടുള്ളതാണെന്ന് യു.എന്‍ മനുഷ്യാവകാശ ഹൈക്കമ്മീഷണര്‍ വോള്‍ക്കര്‍ ടര്‍ക്ക് പ്രസ്താവിച്ചു. ഇസ്രായിലിന്റെ മൊത്തം പ്രവര്‍ത്തനങ്ങള്‍ ഗാസയിലും വെസ്റ്റ് ബാങ്കിലും ജനസംഖ്യാ ഘടനയില്‍ സ്ഥിരമായ മാറ്റം സൃഷ്ടിക്കാന്‍ ലക്ഷ്യമിട്ടുള്ളതാണെന്ന് തോന്നുന്നു. ഇത് വംശീയ ഉന്മൂലനത്തെ കുറിച്ചുള്ള ആശങ്കകള്‍ ഉയര്‍ത്തുന്നുവെന്ന് വോള്‍ക്കര്‍ ടര്‍ക്ക് ജനീവയിലെ യു.എന്‍ മനുഷ്യാവകാശ കൗണ്‍സിലില്‍ പറഞ്ഞു. വടക്കന്‍ വെസ്റ്റ് ബാങ്കില്‍ ഒരു വര്‍ഷമായി നടന്നുകൊണ്ടിരിക്കുന്ന ഇസ്രായിലി സൈനിക നടപടി 32,000 ഫലസ്തീനികളെ പലായനം ചെയ്യാന്‍ നിര്‍ബന്ധിതരാക്കിയതായും യു.എന്‍ മനുഷ്യാവകാശ ഹൈക്കമ്മീഷണര്‍ വ്യക്തമാക്കി.
വെസ്റ്റ് ബാങ്കില്‍ ഇസ്രായില്‍ സുരക്ഷാ സേന അനാവശ്യവും അനുപാതമില്ലാത്തതുമായ ബലപ്രയോഗം തുടരുന്നു. 2023 ഒക്ടോബര്‍ 7 ന് ഗാസ മുനമ്പില്‍ യുദ്ധം ആരംഭിച്ചതിനെ തുടര്‍ന്ന് വെസ്റ്റ് ബാങ്കില്‍ അക്രമം വര്‍ധിച്ചു. 2023 ഒക്ടോബര്‍ 7 ന് ശേഷം വെസ്റ്റ് ബാങ്കില്‍ ഇസ്രായില്‍ സുരക്ഷാ സേനയുടെ ആക്രമണങ്ങളില്‍ 1,020 ഫലസ്തീനികള്‍ കൊല്ലപ്പെട്ടു. ഇതേ കാലയളവില്‍, ഫലസ്തീനികള്‍ നടത്തിയ ആക്രമണങ്ങളില്‍ സൈനികര്‍ ഉള്‍പ്പെടെ 45 ഇസ്രായിലികള്‍ കൊല്ലപ്പെട്ടതായി ഔദ്യോഗിക ഇസ്രായിലി കണക്കുകള്‍ പറയുന്നു.
1967 മുതല്‍ ഇസ്രായില്‍ കൈവശപ്പെടുത്തിയിരിക്കുന്ന വെസ്റ്റ് ബാങ്കിന്മേലുള്ള നിയന്ത്രണം ശക്തമാക്കാന്‍ ലക്ഷ്യമിട്ടുള്ള നിരവധി നടപടികള്‍ ഫെബ്രുവരി ആദ്യത്തില്‍ ഇസ്രായില്‍ പ്രഖ്യാപിച്ചു. വെസ്റ്റ് ബാങ്കില്‍ ഇസ്രായിലികള്‍ ഭൂമി വാങ്ങുന്നത് എളുപ്പമാക്കുകയും വെസ്റ്റ് ബാങ്ക് ഭൂമി സര്‍ക്കാര്‍ ഭൂമിയായി മാറ്റാനുള്ള നടപടികള്‍ അംഗീകരിക്കുകയും ചെയ്തു. ഈ നടപടികളെ അന്താരാഷ്ട്ര സമൂഹം വ്യാപകമായി അപലപിച്ചു. വെസ്റ്റ് ബാങ്കിനെ ക്രമേണ ഇസ്രായിലില്‍ കൂട്ടിച്ചേര്‍ക്കാനുള്ള പ്രായോഗിക നടപടിയായി മുതിര്‍ന്ന യു.എന്‍ ഉദ്യോഗസ്ഥ ഇതിനെ വിശേഷിപ്പിച്ചത്.
2025 ഒക്ടോബര്‍ 10 ന് ഗാസ മുനമ്പില്‍ വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നതിനുശേഷം, ഇസ്രായില്‍ ആക്രമണങ്ങളില്‍ 600 ലേറെ ഫലസ്തീനികള്‍ കൊല്ലപ്പെടുകയും 1,600 ലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഫലസ്തീന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചതായി വോള്‍ക്കര്‍ ടര്‍ക്ക് പറഞ്ഞു. മറ്റെവിടെയെങ്കിലുമായിരുന്നെങ്കില്‍ ഇത് ഒരു വലിയ പ്രതിസന്ധിയായി കണക്കാക്കുമായിരുന്നു എന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
യുദ്ധം ആരംഭിച്ച ശേഷം ഗാസയിലെ ഏകദേശം ഇരുപത് ലക്ഷത്തിലധികം നിവാസികളില്‍ എല്ലാവരും ഒരിക്കലെങ്കിലും പലായനം ചെയ്തിട്ടുണ്ട്. യുദ്ധത്തില്‍ ഗാസ മുനമ്പിന്റെ വലിയൊരു ഭാഗം തകര്‍ന്നു. ആക്രമണങ്ങളുടെ തീവ്രത, മുഴുവന്‍ ജനവാസ കേന്ദ്രങ്ങളുടെയും ആസൂത്രിതമായ നാശം, മാനുഷിക സഹായ വസ്തുക്കള്‍ക്ക് പ്രവേശനം നിഷേധിക്കല്‍, സ്ഥിരമായ കുടിയിറക്കം ലക്ഷ്യമിട്ടുള്ള നിര്‍ബന്ധിത മാറ്റിപ്പാര്‍പ്പിക്കലുകള്‍ എന്നിവ ഗാസയിലും വെസ്റ്റ് ബാങ്കിലും വംശീയ ഉന്മൂലനത്തെ കുറിച്ചുള്ള ആശങ്കകള്‍ ഉയര്‍ത്തുന്നതായി യു.എന്‍ മനുഷ്യാവകാശ ഹൈക്കമ്മീഷണര്‍ കഴിഞ്ഞ ആഴ്ച ഒരു റിപ്പോര്‍ട്ടില്‍ ചൂണ്ടികാണിച്ചു.



