ന്യൂയോര്‍ക്ക് – ഇസ്രായിലിനെ വിമര്‍ശിച്ചതിന് ഫലസ്തീനിലെ യു.എന്‍ മനുഷ്യാവകാശ റിപ്പോര്‍ട്ടര്‍ ഫ്രാന്‍സെസ്‌ക അല്‍ബനീസിനെതിരെ അമേരിക്ക ഏര്‍പ്പെടുത്തിയ ഉപരോധത്തെ ഐക്യരാഷ്ട്രസഭ നിശിതമായി വിമര്‍ശിച്ചു. അമേരിക്കന്‍ ഉപരോധം അസ്വീകാര്യമാണമെന്നും അവ റദ്ദാക്കണമെന്നും യു.എന്‍ പറഞ്ഞു. ഫലസ്തീന്‍ പ്രദേശങ്ങളില്‍ യു.എന്‍ നിയമിച്ച സ്വതന്ത്ര വിദഗ്ധ ഫ്രാന്‍സെസ്‌ക അല്‍ബനീസിനെതിരെ സ്വീകരിച്ച നടപടികള്‍ അപകടകരമായ കീഴ്‌വഴക്കം സൃഷ്ടിച്ചതായി യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസിന്റെ വക്താവ് സ്റ്റെഫാന്‍ ഡുജാറിക് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
സ്വതന്ത്ര വിദഗ്ധരുടെ റിപ്പോര്‍ട്ടുകളോട് വിയോജിക്കാന്‍ അംഗരാജ്യങ്ങള്‍ക്ക് അവകാശമുണ്ടെങ്കിലും, അത്തരം വിയോജിപ്പുകള്‍ ഐക്യരാഷ്ട്രസഭയുടെ ചട്ടക്കൂടിനുള്ളില്‍ പരിഹരിക്കുകയാണ് വേണ്ടത്. പ്രത്യേക റിപ്പോര്‍ട്ടര്‍മാര്‍ക്കോ മറ്റേതെങ്കിലും യു.എന്‍ വിദഗ്ധര്‍ക്കോ ഉദ്യോഗസ്ഥര്‍ക്കോ എതിരെ ഏകപക്ഷീയമായ ഉപരോധങ്ങള്‍ ഉപയോഗിക്കുന്നത് അസ്വീകാര്യമാണെന്നും സ്റ്റെഫാന്‍ ഡുജാറിക് പറഞ്ഞു. ഇറ്റാലിയന്‍ മനുഷ്യാവകാശ പ്രവര്‍ത്തക ഫ്രാന്‍സെസ്‌ക അല്‍ബനീസിനെ ജനീവ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന യു.എന്‍ മനുഷ്യാവകാശ കൗണ്‍സിലാണ് ഫലസ്തീനിലെ യു.എന്‍ മനുഷ്യാവകാശ റിപ്പോര്‍ട്ടറായി നിയമിച്ചത്. യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസിന് അവരുടെ പ്രവര്‍ത്തനങ്ങളില്‍ അധികാരമില്ല. ഇസ്രായില്‍ ഗവണ്‍മെന്റിനെതിരായ നിയമാനുസൃതമായ രാഷ്ട്രീയ വിമര്‍ശനവും സെമിറ്റിക് വിരുദ്ധതയും തമ്മില്‍ വേര്‍തിരിച്ചറിയമെന്ന് സ്റ്റെഫാന്‍ ഡുജാറിക് ആവശ്യപ്പെട്ടു.
അല്‍ബനീസിനെ സെമിറ്റിക് വിരുദ്ധയെന്ന് അമേരിക്ക ആരോപിക്കുന്നു. കഴിഞ്ഞ ബുധനാഴ്ചയാണ് ട്രംപ് ഭരണകൂടം അവര്‍ക്കെതിരെ ഉപരോധം ഏര്‍പ്പെടുത്തിയത്. അമേരിക്കന്‍, ഇസ്രായിലി പൗരന്മാര്‍ക്കെതിരായ അന്വേഷണങ്ങളും അറസ്റ്റുകളും പ്രോത്സാഹിപ്പിക്കാനായി അല്‍ബനീസ് അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയെ സമീപിച്ചതായി കുറ്റപ്പെടുത്തി അമേരിക്കന്‍ വിദേശ മന്ത്രാലയം അല്‍ബനീസിനെ പക്ഷപാതിയെന്നും സെമിറ്റിക് വിരുദ്ധയുമെന്ന് ആരോപിച്ചു.
ഇത് അവരെ സേവനത്തിന് അയോഗ്യയാക്കുന്നതായി അമേരിക്കന്‍ വിദേശ മന്ത്രി മാര്‍ക്കോ റൂബിയോ പ്രസ്താവനയില്‍ പറഞ്ഞു. അമേരിക്കക്കും ഇസ്രായിലിനുമെതിരായ രാഷ്ട്രീയവും സാമ്പത്തികവുമായ ആയുധമായി അല്‍ബനീസിന്റെ പ്രചാരണം ഞങ്ങള്‍ ഇനി സഹിക്കില്ല. അമേരിക്കക്കും ഇസ്രായിലുമെതിരായ നിയമയുദ്ധം ചെറുക്കാനും അമേരിക്കയുടെയും സഖ്യകക്ഷികളുടെയും പരമാധികാരം സംരക്ഷിക്കാനും ആവശ്യമെന്ന് തോന്നുന്ന ഏത് നടപടികളും അമേരിക്ക സ്വീകരിക്കുന്നത് തുടരുമെന്ന് റൂബിയോ കൂട്ടിച്ചേര്‍ത്തു. ഫ്രാന്‍സെസ്‌ക അല്‍ബനീസിനെതിരെ ഉപരോധം ഏര്‍പ്പെടുത്താനുള്ള യു.എസ് തീരുമാനത്തില്‍ യൂറോപ്യന്‍ യൂനിയന്‍ അഗാധമായി ഖേദിക്കുന്നതായും യു.എന്‍ മനുഷ്യാവകാശ സംവിധാനത്തെ ഞങ്ങള്‍ പൂര്‍ണമായും പിന്തുണക്കുന്നതായും യൂറോപ്യന്‍ യൂനിയന്‍ വക്താവ് അന്‍വര്‍ അല്‍അനൂനി പറഞ്ഞു.
നിയമ, മനുഷ്യാവകാശ വിദഗ്ധയായ ഇറ്റാലിയന്‍ അക്കാദമിക് ആയ ഫ്രാന്‍സെസ്‌ക അല്‍ബനീസിനെ 2022 ല്‍ ആണ് അധിനിവിഷ്ട ഫലസ്തീന്‍ പ്രദേശങ്ങളിലെ പ്രത്യേക യു.എന്‍ റിപ്പോര്‍ട്ടറായി നിയമിച്ചത്. വര്‍ണവിവേചനവും വംശഹത്യയും ലക്ഷ്യമിട്ടുള്ള കുടിയേറ്റ കൊളോണിയല്‍ പദ്ധതി നടപ്പാക്കാന്‍ അമേരിക്കന്‍ കമ്പനികളെ ഇസ്രായില്‍ ഉപയോഗിക്കുന്നതായി ഈ മാസാദ്യം അല്‍ബനീസ് ആരോപിച്ചു. ഇസ്രായില്‍ ഫലസ്തീനികളെ കൈകാര്യം ചെയ്യുന്ന രീതിയെ അല്‍ബനീസ് ശക്തമായി വിമര്‍ശിക്കുന്നു.
അടുത്തിടെ അമേരിക്കയിലെ 60 ലേറെ കമ്പനികള്‍ വെസ്റ്റ് ബാങ്കിലെ ഇസ്രായിലി കുടിയേറ്റങ്ങളെയും ഗാസയിലെ സൈനിക നടപടികളെയും പിന്തുണക്കുന്നതായി ആരോപിക്കുന്ന റിപ്പോര്‍ട്ട് ഫ്രാന്‍സെസ്‌ക അല്‍ബനീസ് പ്രസിദ്ധീകരിച്ചു. വീക്ഷണങ്ങളുടെ പേരില്‍ അല്‍ബനീസ് രൂക്ഷമായി വിമര്‍ശിക്കപ്പെട്ടു. ഇസ്രായിലി നടപടികളെ അപലപിച്ചതിന് വിമര്‍ശകര്‍ അവരെ യഹൂദവിരുദ്ധയാണെന്ന് കുറ്റപ്പെടുത്തി. പ്രത്യേക വിഷയങ്ങളെ കുറിച്ചോ രാജ്യങ്ങളെ കുറിച്ചോ റിപ്പോര്‍ട്ട് ചെയ്യാന്‍ യു.എന്‍ മനുഷ്യാവകാശ കൗണ്‍സില്‍ നിയമിക്കുന്ന സ്വതന്ത്ര വിദഗ്ധരാണ് പ്രത്യേക യു.എന്‍ റിപ്പോര്‍ട്ടര്‍മാര്‍.