ജിദ്ദ: റഷ്യ-യുക്രൈന്‍ യുദ്ധം അവസാനിപ്പിക്കാനുള്ള ചര്‍ച്ചകൾക്കായി മുതിര്‍ന്ന അമേരിക്കന്‍, യുക്രൈന്‍ ഉദ്യോഗസ്ഥര്‍ അടുത്ത ബുധനാഴ്ച സൗദി അറേബ്യയില്‍ യോഗം ചേരും. വിദേശകാര്യ സെക്രട്ടറി മാര്‍ക്കോ റൂബിയോ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മൈക്ക് വാള്‍സ്, പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മിഡില്‍ ഈസ്റ്റ് സമാധാനത്തിനായുള്ള പ്രത്യേക ദൂതന്‍ സ്റ്റീവ് വിറ്റ്‌കോഫ് എന്നിവര്‍ യു.എസ് പ്രതിനിധി സംഘത്തെ നയിക്കുമെന്നാണ് റിപ്പോർട്ട്. യുക്രൈന്‍ പ്രസിഡന്റ് വോളോഡിമിര്‍ സെലെന്‍സ്‌കിയുടെ മുതിര്‍ന്ന സഹായി ആന്‍ഡ്രി യെര്‍മാക് യുക്രൈന്‍ പ്രതിനിധി സംഘത്തെ നയിക്കുമെന്നും റിപ്പോര്‍ട്ടുകൾ പറയുന്നു.
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും യുക്രൈന്‍ പ്രസിഡന്റ് വോളോഡിമിര്‍ സെലെന്‍സ്‌കിയും സൗദി അറേബ്യ സന്ദര്‍ശിക്കുമെന്ന് പ്രഖ്യാപിച്ചു. ഒന്നര മാസത്തിനകം സൗദിയിലെത്തുമെന്ന് ട്രംപ് പറഞ്ഞു. അടുത്ത തിങ്കളാഴ്ച സൗദി അറേബ്യയിലേക്ക് പോകുമെന്നും അമേരിക്കന്‍ ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തുമെന്നും യുക്രൈന്‍ പ്രസിഡന്റ് സെലെന്‍സ്‌കി പറഞ്ഞു. സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനുമായി കൂടിക്കാഴ്ച നടത്തും. അതിനുശേഷം, അമേരിക്കന്‍ പങ്കാളികളുമായി ചർച്ചകൾക്ക് തന്റെ ടീം സൗദിയില്‍ തന്നെ തുടരുമെന്നും യുക്രൈന് സമാധാനത്തിലാണ് കൂടുതല്‍ താല്‍പര്യമെന്നും സെലന്‍സ്‌കി പറഞ്ഞു. കഴിഞ്ഞ വര്‍ഷം ഫെബ്രുവരി 27 ന് സെലൻസ്കി സൗദിയിലെത്തി കിരീടാവകാശിയുമായി ചര്‍ച്ച നടത്തിയിരുന്നു.
മൂന്നു വര്‍ഷമായി തുടരുന്ന ഉക്രൈന്‍ യുദ്ധം അവസാനിപ്പിക്കാനുള്ള സമാധാന കരാറിന്റെ ചട്ടക്കൂടിനെ കുറിച്ച് യുക്രൈന്‍ പ്രതിനിധി സംഘവുമായി സൗദിയില്‍ ചര്‍ച്ച നടത്തുമെന്ന് ട്രംപിന്റെ പ്രത്യേക ദൂതന്‍ സ്റ്റീവ് വിറ്റ്‌കോഫ് പറഞ്ഞു. ഉക്രൈന്‍ യുദ്ധം അവസാനിപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി അമേരിക്കന്‍, റഷ്യന്‍ സംഘങ്ങള്‍ കഴിഞ്ഞ മാസം സൗദിയില്‍ വിജയകരമായ ചര്‍ച്ചകള്‍ നടത്തിയിരുന്നു. ഫെബ്രുവരി 28ന് വൈറ്റ് ഹൗസില്‍ നടന്ന കൂടിക്കാഴ്ചയിൽ ട്രംപും സെലെന്‍സ്‌കിയും തമ്മില്‍ വാഗ്വാദമുണ്ടായിരുന്നു. എന്നാല്‍ ഇതിനുശേഷം ഇരുപക്ഷവും യുക്രൈനിലെ പ്രകൃതി വിഭവങ്ങളിൽ നിന്നുള്ള വരുമാനം പങ്കിടല്‍ കരാർ സംബന്ധിച്ച ചര്‍ച്ചകള്‍ പുനരാരംഭിച്ചു. എത്രയും വേഗം ചര്‍ച്ചയ്ക്കു വരാന്‍ തയാറാണെന്ന് അറിയിച്ച് യുക്രൈന്‍ പ്രസിഡന്റില്‍ നിന്ന് തനിക്ക് കത്ത് ലഭിച്ചതായി ചൊവ്വാഴ്ച അമേരിക്കന്‍ കോണ്‍ഗ്രസിന്റെ സംയുക്ത സമ്മേളനത്തില്‍ നടത്തിയ പ്രസംഗത്തില്‍ ട്രംപ് പറഞ്ഞിരുന്നു.