ന്യൂയോര്‍ക്ക് – ന്യൂയോര്‍ക്കില്‍ നടക്കുന്ന യു.എന്‍ ജനറല്‍ അസംബ്ലിയോടനുബന്ധിച്ച് യു.എ.ഇ ഉപപ്രധാനമന്ത്രിയും വിദേശ മന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിന്‍ സായിദ് അല്‍നഹ്‌യാന്‍ ഇസ്രായില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായി കൂടിക്കാഴ്ച നടത്തി. ഗാസയിലെ യുദ്ധം അവസാനിപ്പിക്കാനുള്ള അന്താരാഷ്ട്ര ശ്രമങ്ങൾ ഇരുവരും ചര്‍ച്ച ചെയ്തതായി എമിറേറ്റ്‌സ് ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ഗാസ മുനമ്പിലെ സാധാരണക്കാര്‍ അനുഭവിക്കുന്ന പ്രതിസന്ധിയും ദാരുണമായ സാഹചര്യങ്ങളും അവസാനിപ്പിക്കേണ്ടതിന്റെയും ആവശ്യകത കൂടിക്കാഴ്ചക്കിടെ ശൈഖ് അബ്ദുല്ല ബിന്‍ സായിദ് ഊന്നിപ്പറഞ്ഞു.
എല്ലാ ബന്ദികളെയും മോചിപ്പിക്കാനുള്ള അന്താരാഷ്ട്ര ശ്രമങ്ങള്‍ക്ക് യു.എ.ഇയുടെ പിന്തുണ വിദേശ മന്ത്രി വ്യക്തമാക്കി. തീവ്രവാദത്തെയും ഭീകരതയെയും ചെറുക്കാനും മുഴുവന്‍ സാധാരണക്കാരുടെയും ജീവന്‍ സംരക്ഷിക്കാനുമുള്ള യോജിച്ച അന്താരാഷ്ട്ര ശ്രമങ്ങള്‍ പ്രധാനമാണ്. സുരക്ഷ, സ്ഥിരത, സമൃദ്ധി, സുസ്ഥിര വികസനം എന്നിവക്കായുള്ള ജനങ്ങളുടെ അഭിലാഷങ്ങള്‍ കൈവരിക്കുന്നതിന് മേഖലയില്‍ സഹിഷ്ണുത, സഹവര്‍ത്തിത്വം, മനുഷ്യ സാഹോദര്യം എന്നിവയുടെ മൂല്യങ്ങള്‍ പ്രോത്സാഹിപ്പിക്കേണ്ടത് പ്രധാനമാണെന്നും ശൈഖ് അബ്ദുല്ല ബിന്‍ സായിദ് ഇസ്രായില്‍ പ്രധാനമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചക്കിടെ പറഞ്ഞു.