ഗാസ: ദക്ഷിണ ഗാസയിലുണ്ടായ ഏറ്റുമുട്ടലില്‍ തങ്ങളുടെ സൈനിക ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടതായി ഇസ്രായില്‍ സൈന്യം ഇന്ന് രാവിലെ അറിയിച്ചു. തെക്കന്‍ ഗാസ മുനമ്പില്‍ നടന്ന പോരാട്ടത്തില്‍ ഹോളോണ്‍ നഗരത്തില്‍ നിന്നുള്ള ഫസ്റ്റ് സര്‍ജന്റ് ഡാനിലോ മൊകാനോ (20) ആണ് കൊല്ലപ്പെട്ടത്. ഇസ്രായില്‍ സൈന്യത്തിന്റെ 82-ാം ബറ്റാലിയനിലെ ഏഴാം ബ്രിഗേഡിലാണ് ഡാനിലോ മൊകാനോ സേവനമനുഷ്ഠിച്ചിരുന്നത്. ഇരുപത്തിനാലു മണിക്കൂറിനുള്ളില്‍ ഗാസയിലെ പോരാട്ടത്തിനിടെ കൊല്ലപ്പെട്ടതായി ഇസ്രായില്‍ സൈന്യം പ്രഖ്യാപിക്കുന്ന രണ്ടാമത്തെ സൈനികനാണിത്. ചൊവ്വാഴ്ച ഉത്തര ഗാസയില്‍ മറ്റൊരു സൈനികന്‍ കൊല്ലപ്പെട്ടിരുന്നു. സര്‍ജന്റ് യോസേഫ് യെഹൂദ ഷിരാക്ക് ആണ് ചൊവ്വാഴ്ച കൊല്ലപ്പെട്ടത്.
അന്താരാഷ്ട്ര തലത്തില്‍ ഉയര്‍ന്ന ശക്തമായ വിമര്‍ശനങ്ങള്‍ക്കിടയിലും ചൊവ്വാഴ്ച രാത്രിയും ഇന്ന് രാവിലെയും ഗാസയില്‍ ഇസ്രായില്‍ സൈനിക ആക്രമണം തുടര്‍ന്നു. ഇന്നലെ രാത്രിയും ഇന്ന് രാവിലെയുമായി ഇസ്രായില്‍ വ്യോമാക്രമണങ്ങളില്‍ കുറഞ്ഞത് 85 ഫലസ്തീനികള്‍ കൊല്ലപ്പെട്ടതായി ആരോഗ്യ ഉദ്യോഗസ്ഥര്‍ പറഞ്ഞു. സഹായ വസ്തുക്കള്‍ വഹിച്ച ഡസന്‍ കണക്കിന് ട്രക്കുകള്‍ക്ക് ഗാസയിലേക്ക് പ്രവേശനം അനുവദിച്ചതായി ഇസ്രായിലി ഉദ്യോഗസ്ഥരും പറഞ്ഞു. ഗാസയിലേക്ക് സഹായം എത്തിത്തുടങ്ങി രണ്ട് ദിവസമായിട്ടും, പുതിയ റിലീഫ് വസ്തുക്കള്‍ ഇതുവരെ ജനങ്ങളിലേക്ക് എത്തിയിട്ടില്ലെന്ന് യു.എന്‍ പറഞ്ഞു. ഗാസയിലെ ഇരുപത് ലക്ഷം നിവാസികളില്‍ പലരും കടുത്ത പട്ടിണിയുടെ ഭീഷണിയിലാണെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ഹമാസിനെ സമ്മര്‍ദത്തിലാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി മൂന്നു മാസം മുമ്പ് ഭക്ഷണം, മരുന്ന്, ഇന്ധനം എന്നിവ ഗാസയില്‍ പ്രവേശിപ്പിക്കുന്നത് ഇസ്രായില്‍ വിലക്കുകയായിരുന്നു. കടുത്ത അന്താരാഷ്ട്ര സമ്മര്‍ദത്തെ തുടര്‍ന്ന് ഫലസ്തീന്‍ പ്രദേശങ്ങളിലേക്ക് നാമമാത്രമായ സഹായം അനുവദിക്കാന്‍ ഈയാഴ്ച ഇസ്രായില്‍ സമ്മതിച്ചു. ഗാസയിലേക്ക് സഹായം എത്തിച്ചെങ്കിലും, ഇസ്രായില്‍ സൈന്യം പ്രത്യേക ട്രക്കുകളില്‍ സാധനങ്ങള്‍ വീണ്ടും ലോഡുചെയ്യാന്‍ തൊഴിലാളികളെ നിര്‍ബന്ധിച്ചതിനാല്‍ ഏറ്റവും ആവശ്യമുള്ള വിതരണ കേന്ദ്രങ്ങളില്‍ അവ എത്തിക്കാന്‍ റിലീഫ് പ്രവര്‍ത്തകര്‍ക്ക് ഇതുവരെ കഴിഞ്ഞിട്ടില്ലെന്ന് യു.എന്‍ വക്താവ് സ്റ്റെഫാന്‍ ഡുജാറിക് പറഞ്ഞു.
റിലീഫ് വസ്തുക്കള്‍ വഹിച്ച് തിങ്കളാഴ്ച അഞ്ച് ട്രക്കുകളും ചൊവ്വാഴ്ച 93 ട്രക്കുകളും ഗാസയില്‍ പ്രവേശിച്ചതായി മാനുഷിക സഹായത്തിന് മേല്‍നോട്ടം വഹിക്കുന്ന ഇസ്രായിലി അതോറിറ്റി പറഞ്ഞു. എന്നാല്‍ ചൊവ്വാഴ്ച ഗാസയിലേക്ക് വളരെ കുറച്ച് ട്രക്കുകള്‍ മാത്രമേ പ്രവേശിച്ചിട്ടുള്ളൂ എന്ന് ഐക്യരാഷ്ട്രസഭ സ്ഥിരീകരിച്ചതായി ഡുജാറിക് വ്യക്തമാക്കി. ബേക്കറികള്‍ക്കുള്ള മൈദ, സൂപ്പ് കിച്ചണുകള്‍ക്കുള്ള ഭക്ഷണം, കുട്ടികള്‍ക്കുള്ള ഭക്ഷണം, മെഡിക്കല്‍ വസ്തുള്‍ എന്നിവ സഹായത്തില്‍ ഉള്‍പ്പെടുന്നു. ഗാസയില്‍ എത്തിക്കുന്ന റിലീഫ് വസ്തുക്കളില്‍ കുട്ടികള്‍ക്കുള്ള പാല്‍പ്പൊടിക്ക് മുന്‍ഗണന നല്‍കുന്നതായി യു.എന്‍ ഹ്യുമാനിറ്റേറിയന്‍ അഫയേഴ്‌സ് ഏജന്‍സി അറിയിച്ചു.