മെൽബൺ– കാലാവസ്ഥാ വ്യതിയാനം മൂലം കടൽ വിഴുങ്ങുമെന്ന് പഠന റിപ്പോർട്ട് പുറത്തുവന്നതിനെ തുടർന്ന് ദ്വീപ് രാജ്യമായ ടുവലു മുഴുവനായും കുടിയേറുന്നു. ഇരു രാജ്യങ്ങളും ഉടമ്പടിയിൽ എത്തിയ പ്രകാരം അയൽ രാജ്യമായ ഓസ്ട്രേലിയയിലേക്ക് ഘട്ടം ഘട്ടമായി കുടിയേറുന്നതിന്റെ ഒന്നാം ഘട്ടം ആരംഭിച്ചു. ജൂലൈ 25 ന് 280 ടുവലുയൻ പൗരന്മാർ ഓസ്ട്രേലിയയിലെത്തി.
പസഫിക് സമുദ്രത്തിലെ ഓഷ്യാനിയയിലെ പോളിനേഷ്യൻ ഉപമേഖലയിൽ, ഹവായിക്കും ഓസ്ട്രേലിയയ്ക്കും ഇടയിൽ ഏകദേശം മധ്യഭാഗത്തായി സ്ഥിതി ചെയ്യുന്ന ടുവലു എന്ന രാജ്യത്തിലെ മുഴുവൻ ജനങ്ങളും അടുത്ത 25 വർഷത്തിനുള്ളിൽ ആണ് കൂടിയേറ്റം പൂർത്തിയാക്കുക. ലോകത്തിൽ മുൻകൂട്ടി തീരുമാനിച്ച ആദ്യത്തെ കുടിയേറ്റം എന്ന സവിശേഷതയും ഇതിനുണ്ട്.
ഫലേപിലി ഉടമ്പടി
പസഫിക് ദ്വീപ് സമൂഹത്തിലെ സമുദ്രനിരപ്പിൽ നിന്ന് വെറും രണ്ടു മീറ്റർ മാത്രം ഉയരത്തിൽ സ്ഥിതിചെയ്യുന്ന, ഒമ്പത് ചെറു ദീപുകൾ കൂടിച്ചേർന്ന ദ്വീപ് രാജ്യമാണ് ടുവലു. അടുത്ത 25 വർഷത്തിനുള്ളിൽ ഈ രാജ്യം പൂർണ്ണമായും കടലിനടിയിൽ ആകുമെന്നാണ് പരിസ്ഥിതി ആഘാത പഠന റിപ്പോർട്ട്. തുടർന്നാണ് ഇരു രാജ്യങ്ങൾ തമ്മിൽ കരാർ ഒപ്പു വെച്ചത്.
2023 നവംബർ പത്തിന് ടുവലുവിന്റെ മുൻ പ്രധാനമന്ത്രി കൗസിയ നടാനോയും ഓസ്ട്രേലിയൻ പ്രധാനമന്ത്രിയായ ആന്റണി അൽബനീസും തമ്മിൽ ഒപ്പുവെച്ച കരാർ ടുവലുവിന്റെ തലസ്ഥാനമായ ഫുനാഫുടിയിൽ നടന്ന ചടങ്ങിൽ ആണ് കൈമാറിയത്. ഫലേപിലി എന്നായിരുന്നു ഈ ഉടമ്പടിയുടെ പേര്. ടുവലു ഭാഷയിൽ ” അടുത്തുള്ളവരുമായി സൗഹൃദം സ്ഥാപിക്കുക” എന്നാണ് ഈ വാക്കിന്റെ അർത്ഥം.
കരാർ പ്രകാരം ഓരോ വർഷവും 280 ടുവലു പൗരന്മാർക്കാണ് വിസ ഉറപ്പുവരുത്തുന്നത്. ഇവർക്ക് താമസം, വിദ്യാഭ്യാസം, തൊഴിൽ എന്നിവയെല്ലാം ഓസ്ട്രേലിയ ഉറപ്പ് നൽകുന്നു.എന്നാൽ അവസ്ഥ കൂടുതൽ മോശമായി വരികയാണെങ്കിൽ വിസ ലഭിക്കുന്നവരുടെ എണ്ണം കൂടിയേക്കാം. ഒപ്പുവെച്ചത് 2023 നവംബർ 10ന് ആണെങ്കിലും പ്രാബല്യത്തിൽ വന്നിരുന്നത് കഴിഞ്ഞവർഷം ആഗസ്റ്റ് 28 നാണ്.
11,000 ജനങ്ങൾ മാത്രമാണ് ഈ രാജ്യത്ത് ഉള്ളത്. ആദ്യഘട്ട അപേക്ഷ സ്വീകരണം ഈ വർഷം ജൂൺ 16 മുതൽ ജൂലൈ 18 വരെ നടന്നു. ജൂലൈ 25ന് 280 പേരെ തിരഞ്ഞെടുക്കുന്നതിനുള്ള നടക്കെടുപ്പ് നടന്നുവെന്നും ടുവലുവിൽ സ്ഥിതിചെയ്യുന്ന ഹൈ കമ്മീഷൻ ഓഫീസ് വ്യക്തമാക്കി. ഏകദേശം 8750 അപേക്ഷകൾ ആണ് ഇതേവരെ ലഭിച്ചത്.
കാലാവസ്ഥ വ്യതിയാനം ഉണ്ടാക്കിയ പ്രതിസന്ധി
നിലവിൽ കാലാവസ്ഥ വ്യതിയാനം മൂലം ഏറ്റവും കൂടുതൽ പ്രശ്നങ്ങൾ നേരിടുന്ന രാജ്യങ്ങളിൽ ഒന്നാണ് ടുവലു.
ഇതിനോടകം തന്നെ രണ്ടു പവിഴ ദ്വീപുകൾ ( Coral attols) കൂടുതലും വെള്ളത്തിനടിയിലാണ്. കഴിഞ്ഞ 30 വർഷത്തിനിടയിൽ കടൽ നിരപ്പിൽ നിന്നും 15 സെന്റീമീറ്റർ ഉയർന്നതായി നാസയുടെ സീ ലെവൽ ചേഞ്ച് ടീം വ്യക്തമാക്കിയിട്ടുണ്ട്.
ആഗോള താപനം (Global Warming) വേഗത്തിൽ തുടരുകയാണെങ്കിൽ 2050 – ഓടെ രാജ്യത്തിന്റെ ഭൂരിഭാഗവും വെള്ളത്തിനടിയിൽ ആകുമെന്ന് പരിസ്ഥിതി വിദഗ്ധർ മുന്നറിയിപ്പിൽ പറയുന്നു. കൊടുങ്കാറ്റ്,മണ്ണൊലിപ്പ്,വെള്ളപ്പാക്കങ്ങൾ പോലയുള്ള പ്രകൃതി ദുരന്തങ്ങൾ വർധിക്കുമെന്നും റിപ്പോർട്ടുകളിൽ ഉണ്ട്. 80 വർഷത്തിനുള്ളിൽ രാജ്യം പൂർണ്ണമായും ഇല്ലാതാകും എന്നാണ് പറയുന്നത്.