അങ്കാറ – ഗാസ യുദ്ധം അവസാനിപ്പാനുള്ള ശറമുശ്ശൈഖ് കരാര്‍ കര്‍ശനമായി നടപ്പാക്കേണ്ടത് വളരെ പ്രധാനമാണെന്നും ഈ ഘട്ടത്തില്‍ അമേരിക്ക ഇസ്രായിലിന് മേല്‍ സമ്മര്‍ദം ചെലുത്തുന്നത് തുടരണമെന്നും തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ പറഞ്ഞു. ശൈത്യകാലം ആരംഭിക്കുന്നതിന് മുമ്പ് ഗാസ നിവാസികളുടെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ തുര്‍ക്കി എല്ലാ ശ്രമങ്ങളും നടത്തും. ഗാസ പുനര്‍നിര്‍മാണം നിര്‍ണായകമാണ്. ഈ ഘട്ടത്തില്‍ സമ്പര്‍ക്കം തുടരാനും ടെലിഫോണ്‍ നയതന്ത്രം പിന്തുടരാനുമുള്ള ആഗ്രഹം യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തന്നെ അറിയിച്ചിട്ടുണ്ട്. എല്ലാ തലങ്ങളിലും ഞങ്ങള്‍ മീറ്റിംഗുകള്‍ തുടരും.
ഫലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിക്കാനുള്ള പാശ്ചാത്യ രാജ്യങ്ങളുടെ തീരുമാനങ്ങള്‍ ദ്വിരാഷ്ട്ര പരിഹാരം കെട്ടിപ്പടുക്കാനുള്ള അടിസ്ഥാന ശിലകളായി കണക്കാക്കണം. കിഴക്കന്‍ ജറൂസലം തലസ്ഥാനമായി 1967 ലെ അതിര്‍ത്തികളില്‍ ഭൂമിശാസ്ത്രപരമായി ഏകീകൃതമായ സ്വതന്ത്ര, പരമാധികാര ഫലസ്തീന്‍ രാഷ്ട്രം സ്ഥാപിക്കുക എന്നതാണ് ഫലസ്തീന്‍ പ്രശ്‌നത്തിനുള്ള ഏക പരിഹാരമെന്ന് തുര്‍ക്കി പ്രസിഡന്റ് ആവര്‍ത്തിച്ചു.
ഗാസ യുദ്ധം അവസാനിപ്പിക്കാനായി അമേരിക്ക, ഈജിപ്ത്, തുര്‍ക്കി, ഖത്തര്‍ എന്നീ രാജ്യങ്ങളുടെ നേതാക്കള്‍ തിങ്കളാഴ്ച ഈജിപ്ഷ്യന്‍ റിസോര്‍ട്ട് നഗരമായ ശറമുശ്ശൈഖില്‍ കരാര്‍ ഒപ്പുവെച്ചു. ഡൊണാള്‍ഡ് ട്രംപ് ആഹ്വാനം ചെയ്ത കരാര്‍, ഇസ്രായിലിനും ഹമാസിനും ഇടയില്‍ വെടിനിര്‍ത്തലും ബന്ദികളുടെയും തടവുകാരുടെയും കൈമാറ്റവും ആവശ്യപ്പെടുന്നു.