ജിദ്ദ : ഗാസയില്‍ നിന്ന് ഫലസ്തീനികളെ പുറത്താക്കാനുള്ള അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നിര്‍ദേശം ഇസ്രായില്‍ പദ്ധതിയാണെന്ന് കിംഗ് ഫൈസല്‍ സെന്റര്‍ ഫോര്‍ സ്ട്രാറ്റജിക് സ്റ്റഡീസ് ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാനും അമേരിക്കയിലെ മുന്‍ സൗദി അംബാസഡറും മുന്‍ സൗദി ഇന്റലിജന്‍സ് മേധാവിയുമായ തുര്‍ക്കി അല്‍ഫൈസല്‍ രാജകുമാരന്‍ പറഞ്ഞു. സി.എന്‍.എന്നിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു തുര്‍ക്കി അല്‍ഫൈസല്‍ രാജകുമാരന്‍.
ഫലസ്തീനികളെ അടിച്ചമര്‍ത്തുകയാണെങ്കില്‍, അവരെ ശിക്ഷിക്കുകയാണെങ്കില്‍, നിങ്ങള്‍ അവര്‍ക്ക് മരണവും നാശവും, കുഴപ്പവും, വംശഹത്യയും വരുത്തുകയാണെങ്കില്‍ കൂടുതല്‍ എതിര്‍പ്പ് സൃഷ്ടിക്കുകയായിരിക്കും ഫലമെന്നാണ് എല്ലാവരും ഇസ്രായിലികളോട് പറയുന്നത്. അതുകൊണ്ടാണ് ഫലസ്തീനികളെ പ്രദേശത്ത് നിന്ന് പുറത്താക്കാന്‍ ഇസ്രായിലികള്‍ വംശീയ ഉന്മൂലനം ഉപയോഗിക്കാന്‍ ആഗ്രഹിക്കുന്നത്. അതിനാല്‍, ഇസ്രായിലിന്റെ നയം വ്യക്തമാണ്. നിര്‍ഭാഗ്യവശാല്‍, ട്രംപ് പറഞ്ഞതില്‍ ഇതാണിപ്പോള്‍ പ്രതിഫലിക്കുന്നത്. ഇസ്രായില്‍ യുദ്ധത്തില്‍ ഗാസ തകര്‍ന്നടിഞ്ഞു. ഇതിനു പുറമെ ട്രംപിന്റെ പുതിയ ഗാസ പദ്ധതി ഹമാസ് പോലുള്ള തീവ്രവാദ ഗ്രൂപ്പുകള്‍ക്ക് കൂടുതല്‍ പിന്തുണ ലഭിക്കുന്നതിലേക്ക് നയിക്കും.
ഫലസ്തീനിലെ വംശീയ ഉന്മൂലനത്തിനെതിരെ നിലകൊള്ളാന്‍ സൗദി അറേബ്യയുടെ നേതൃത്വത്തില്‍ അന്താരാഷ്ട്ര കൂട്ടായ്മ രൂപീകരിക്കും. സൗദി അറേബ്യ അതിന്റെ എല്ലാ താല്‍ര്യങ്ങളിലും രീതികളിലും എപ്പോഴും ശ്രദ്ധാപൂര്‍വവും ബുദ്ധിപരവും യുക്തിസഹവുമായ നയമാണ് പിന്തുടരുന്നത്. ഫലസ്തീനിലെ വംശീയ ഉന്മൂലന നീക്കത്തിനെതിരെ നിലകൊള്ളാന്‍ സൗദി അറേബ്യയുടെ നേതൃത്വത്തില്‍ അന്താരാഷ്ട്ര കൂട്ടായ്മ ഇപ്പോള്‍ ഉണ്ടാകണമെന്ന് കരുതുന്നു. ഈ വംശീയ ഉന്മൂലനം ഗാസയില്‍ മാത്രമല്ല, വെസ്റ്റ് ബാങ്കിലും നടക്കുന്നുണ്ടെന്ന് നാം വിസ്മരിക്കരുത്. ഈ വിഷയത്തില്‍ അമേരിക്കന്‍ നിലപാടിനോട് വിയോജിപ്പ് പ്രകടിപ്പിച്ച് അന്താരാഷ്ട്ര സമൂഹം വളരെ വലുതും ശക്തവുമായ പ്രതികരണങ്ങള്‍ നടത്തുന്നുണ്ട്. ഗാസയുടെ നിയന്ത്രണം ഏറ്റെടുക്കാനും ഫലസ്തീനികളെ അവിടെ നിന്ന് പുറത്താക്കാനുമുള്ള ഡൊണാള്‍ഡ് ട്രംപിന്റെ പദ്ധതി സംഘര്‍ഷത്തിനും രക്തച്ചൊരിച്ചിലിനും കാരണമാകുന്ന വംശീയ ഉന്മൂലനം ആയിരിക്കും.
ഗാസയെ മിഡില്‍ ഈസ്റ്റിന്റെ റിവിയേര ആക്കി മാറ്റാന്‍ സഹായിക്കുന്നതിന് യു.എസ് സൈന്യത്തെ അയക്കുമെന്ന ഭീഷണി ഉള്‍പ്പെടെ യു.എസ് പ്രസിഡന്റിന്റെ പ്രസ്താവനകളെ തുര്‍ക്കി അല്‍ഫൈസല്‍ രാജകുമാരന്‍ രോഷത്തോടെ നിരാകരിച്ചു. ഈ ഭ്രാന്തന്‍ വംശീയ ഉന്മൂലന പദ്ധതിയെ ലോകം എതിര്‍ക്കുന്നുവെന്ന് കാണിക്കാന്‍ അറബ്, മുസ്ലിം രാജ്യങ്ങളും മറ്റ് രാജ്യങ്ങളും യൂറോപ്പും ഐക്യരാഷ്ട്രസഭയില്‍ ഈ വിഷയം ഉന്നയിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ വംശീയ ഉന്മൂലനം ലോക സമൂഹത്തിന് ക്ഷമിക്കാന്‍ കഴിയുമെന്ന് കരുതുന്നത് മനോരാജ്യമാണ്. ഫലസ്തീനിലെ പ്രശ്നം പലസ്തീനികള്‍ അല്ല. അത് ഇസ്രായില്‍ അധിനിവേശമാണ്. ഇത് എല്ലാവര്‍ക്കും വ്യക്തവും മനസ്സിലാവുന്നതുമാണ്.
മണ്ണിനു പകരം സമാധാനം എന്നതിനെ അടിസ്ഥാനമാക്കിയുള്ള ദ്വിരാഷ്ട്ര പരിഹാരത്തെ അനുകൂലിച്ച മുന്‍ അമേരിക്കന്‍ നയത്തെ ട്രംപ് അട്ടിമറിച്ചു. ഗാസ വെടിനിര്‍ത്തലിനെ തുടര്‍ന്ന് ദേശീയ സുരക്ഷാ മന്ത്രി സ്ഥാനം രാജിവച്ച ആത്യന്തിക വംശീയ ഉന്മൂലനക്കാരനും ഇസ്രായിലി തീവ്രവാദ രാഷ്ട്രീയക്കാരനുമായ ഇറ്റാമര്‍ ബെന്‍-ഗ്വിറിന്റെ നിലപാടിനെ അടിസ്ഥാനമാക്കിയുള്ളതാണ് ട്രംപിന്റെ പദ്ധതി. അമേരിക്കന്‍ സര്‍ക്കാര്‍ ഇസ്രായിലിന്റെ നിലപാടിനെ പൂര്‍ണമായി അംഗീകരിക്കുന്നു എന്നാണ് ട്രംപിന്റെ വാക്കുകള്‍ സൂചിപ്പിക്കുന്നത്. കഴിഞ്ഞ രണ്ട് വര്‍ഷമായി ഈ സമീപനത്തിന് അമേരിക്കന്‍ രാഷ്ട്രീയ വൃത്തങ്ങളില്‍ പിന്തുണ ലഭിച്ചുകൊണ്ടിരിക്കുകയാണ്.
ട്രംപ് സൗദി അറേബ്യയുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു. ആദ്യ ഭരണ കാലത്ത് തന്റെ ആദ്യ വിദേശ സന്ദര്‍ശനത്തിന് ട്രംപ് സൗദി അറേബ്യയെ തെരഞ്ഞെടുത്തു. അമേരിക്കയില്‍ 600 ബില്യണ്‍ ഡോളറിന്റെ നിക്ഷേപങ്ങള്‍ നടത്തുമെന്ന് സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ കഴിഞ്ഞ മാസം വ്യക്തമാക്കിയിരുന്നു. അടുത്ത തവണ സൗദി അറേബ്യ സന്ദര്‍ശിക്കുമ്പോള്‍ ട്രംപിനു മുന്നില്‍ ഫലസ്തീന്‍ പ്രശ്നത്തിലുള്ള ടംപിന്റെ പദ്ധതിയോടുള്ള വിയോജിപ്പ് സൗദി അറേബ്യ പ്രകടിപ്പിക്കും.
ഫലസ്തീനികളെ അവരുടെ മണ്ണില്‍ നിന്ന് പുറത്താക്കുമെന്ന ഭീഷണികളെ സൗദി വിദേശ മന്ത്രാലയം ശക്തമായി അപലപിക്കുകയും കിഴക്കന്‍ ജറൂസലം തലസ്ഥാനമായി സ്വതന്ത്ര പലസ്തീന്‍ രാഷ്ട്രം സ്ഥാപിക്കുന്നതു വരെ ഇസ്രായിലുമായി നയതന്ത്രബന്ധം സ്ഥാപിക്കില്ലെന്ന സൗദി അറേബ്യയുടെ നിലപാട് ആവര്‍ത്തിക്കുകയും ചെയ്തു. തുടക്കം മുതല്‍ സൗദി അറേബ്യയുടെ നിലപാട് ഇതാണ് – തുര്‍ക്കി അല്‍ഫൈസല്‍ രാജകുമാരന്‍ പറഞ്ഞു.