ഇസ്താംബുൾ- ഇറാനെ അക്രമിക്കാൻ തങ്ങളുടെ വ്യോമപാത ഉപയോഗിക്കരുതെന്ന് അമേരിക്കയോട് തുർക്കി ആവശ്യപ്പെട്ടു. തുർക്കി പ്രസിഡന്റ് റജബ് തയ്യിബ് ഉർദുഗാനാണ് ആവശ്യം ഉന്നയിച്ചത്. മധ്യപൗരസ്ത മേഖലയിൽ സംഘർഷം രൂക്ഷമാകുന്നതിനിടെയാണ് തുർക്കിയുടെ മുന്നറിയിപ്പ്.
തങ്ങളുടെ സൈനിക ഉദ്യോഗസ്ഥരെ അടക്കം സിറിയയിൽ നടത്തിയ ആക്രമണത്തിൽ ഇസ്രായിൽ കൊലപ്പെടുത്തിയതിന് പ്രതികാരം ചോദിക്കുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇസ്രായിലിനെ അക്രമിച്ചാൽ തിരിച്ചടിക്കുമെന്ന് അമേരിക്കയും വ്യക്തമാക്കി. ഈ സഹചര്യത്തിലാണ് തുർക്കിയുടെ പ്രസ്താവന. ഇസ്രായിലിനെതിരെ തിരിച്ചടിക്കാനുള്ള ഒരുക്കം ഇറാൻ തുടങ്ങിയിട്ടുണ്ടെന്ന് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. നൂറിലേറെ മിസൈലുകൾ ഇറാൻ സജ്ജമാക്കിയെന്നാണ് റിപ്പോർട്ട്. അതേസമയം, മേഖലയിലേക്ക് അമേരിക്ക കൂടുതൽ സൈന്യത്തെ നിയോഗിച്ചു. അതിനിടെ, ഇസ്രായിൽ ലക്ഷ്യമാക്കി ഹിസ്ബുല്ല നിരവധി റോക്കറ്റുകൾ വിക്ഷേപിച്ചതായും റിപ്പോർട്ടുകൾ പുറത്തുവരുന്നു.