ഇസ്താംബൂൾ – ഇസ്രായിലുമായുള്ള നയതന്ത്രബന്ധം തുര്‍ക്കി വിച്ഛേദിച്ചതായി തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ അറിയിച്ചു. ഒരു രാഷ്ട്രവും ഗവണ്‍മെന്റും എന്ന നിലയില്‍ റിപ്പബ്ലിക് ഓഫ് തുര്‍ക്കി ഇസ്രായിലുമായുള്ള ബന്ധം വിച്ഛേദിക്കാന്‍ തീരുമാനിച്ചു. ഇപ്പോള്‍ ഞങ്ങള്‍ക്ക് അവരുമായി ഒരു ബന്ധവുമില്ല. ഭാവിയില്‍ ഇസ്രായിലുമായി സഹകരണം വികസിപ്പിക്കാനോ ബന്ധം പുനഃസ്ഥാപിക്കാനോ തുര്‍ക്കി ഒരു നടപടിയും സ്വീകരിക്കില്ലെന്നും ഉർദുഗാൻ പറഞ്ഞു.
ആയുധങ്ങളും വെടിക്കോപ്പുകളും ഇസ്രായിലിലേക്ക് ഒഴുകുന്നിടത്തോളം കാലം ഇസ്രായില്‍ കൂടുതല്‍ ആക്രമണോത്സുകമാകും – ഉര്‍ദുഗാന്‍ പറഞ്ഞു. മുമ്പും പലതവണ ഇസ്രായിലുമായുള്ള നയതന്ത്രബന്ധം തുര്‍ക്കി വിച്ഛേദിക്കുകയും ബന്ധം പുനഃസ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്. ഇസ്രായിലുമായുള്ള നയതന്ത്രബന്ധം വിച്ഛേദിച്ചതായി പ്രസിഡന്റ് പ്രഖ്യാപിച്ചെങ്കിലും ഇസ്രായിലുമായുള്ള തുര്‍ക്കിയുടെ വ്യാപാരം നിര്‍ബാധം നടക്കുന്നുണ്ടെന്ന് തുര്‍ക്കി പ്രതിപക്ഷം കുറ്റപ്പെടുത്തി.