വാഷിങ്ടന്‍: അന്തരാഷ്ട്ര വ്യാപാര ഇടപാടുകള്‍ക്ക് ഡോളറിനു പകരം മറ്റൊരു കറന്‍സി ഉപയോഗിച്ചാല്‍ നോക്കി നില്‍ക്കില്ലെന്നും ഇന്ത്യയും ചൈനയും ഉള്‍പ്പെടെയുള്ള ബ്രിക്‌സ് രാജ്യങ്ങള്‍ക്ക് 100 ശതമാനം ഇറക്കുമതി തീരുവ ചുമത്തുമെന്നും നിയുക്ത യുഎസ് പ്രസിഡന്റ് ഡൊനല്‍ഡ് ട്രംപിന്റെ മുന്നറിയിപ്പ്. അന്താരാഷ്ട്ര ഇടപാടുകള്‍ക്ക് ഡോളര്‍ ഇതര കറന്‍സികളെ പ്രോത്സാഹിപ്പിക്കുന്ന കാര്യം ഒക്ടോബറില്‍ ചേര്‍ന്ന ബ്രിക്‌സ് (ബ്രസീല്‍, റഷ്യ, ഇന്ത്യ, ചൈന, സൗത്ത് ആഫ്രിക്ക) രാജ്യങ്ങളുടെ യോഗത്തില്‍ ചര്‍ച്ച ചെയ്തിരുന്നു. ഇതിനോടുള്ള രൂക്ഷമായ പ്രതികരണമായാണ് ട്രംപ് ഒരു പോസ്റ്റിലൂടെ ഈ രാജ്യങ്ങളെ ഭീഷണിപ്പെടുത്തിയത്.
‘ഡോളറിനെ ഉപേക്ഷിക്കാനുള്ള ബ്രിക്്‌സ് രാജ്യങ്ങളുടെ ശ്രമങ്ങളെ കയ്യുംകെട്ടി നോക്കി നില്‍ക്കുന്ന സമയം അവസാനിച്ചു. പുതിയൊരു ബ്രിക്‌സ് കറന്‍സി ഉണ്ടാക്കുകയോ കരുത്തുറ്റ യുഎസ് ഡോളറിനു പകരം മറ്റു കറന്‍സി ഉപയോഗിക്കുകയോ ചെയ്യില്ലെന്ന് ഈ രാജ്യങ്ങളില്‍ നിന്ന് ഉറപ്പ് ലഭിക്കണം. ഇല്ലെങ്കില്‍ 100 ശതമാനം ഇറക്കുമതി തീരുവ നല്‍കേണ്ടി വരും. യുഎസ് വിപണിയില്‍ നിങ്ങളുടെ കച്ചവടം അവസാനിപ്പിക്കേണ്ടിയും വന്നേക്കാം,’ ട്രംപ കടുത്ത സ്വരത്തില്‍ പറഞ്ഞു. ബ്രിക്‌സ് രാജ്യങ്ങള്‍ക്കു വേണമെങ്കില്‍ മറ്റ് ഊറ്റുകാരെ കണ്ടെത്താം. പക്ഷെ അന്താരാഷ്ട്ര വ്യാപാരത്തില്‍ നിന്ന് ഒരിക്കലും ഡോളറിനെ മാറ്റാനാവില്ല. ഏതെങ്കിലും രാജ്യം ഇതിനു ശ്രമിച്ചാല്‍ അവര്‍ക്ക് അമേരിക്കയോട് ഗുഡ്‌ബൈ പറയേണ്ടി വരും, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇപ്പോള്‍ ഈജിപ്ത്, ഇറാന്‍, യുഎഇ എന്നീ രാജ്യങ്ങള്‍ കൂടി ഉള്‍പ്പെടുന്നതാണ് ബ്രിക്സ്. ഒക്ടോബറില്‍ റഷ്യയിലെ കസാനില്‍ നടന്ന ബ്രിക്്‌സ് യോഗത്തിലാണ് ഡോളര്‍ ഇതര കറന്‍സി ഇടപാടുകളെ പ്രോത്സാഹിപ്പിക്കുന്ന കാര്യം തീരുമാനിച്ചത്. ബ്രിക്‌സ് രാജ്യങ്ങള്‍ക്കിടയിലെ ബാങ്കിങ് ശൃംഖല ശക്തിപ്പെടുത്തുന്നതിന് പുതിയ പ്ലാറ്റ്‌ഫോം ഒരുക്കുമെന്നും പ്രാദേശിക കറന്‍സി ഇടപാടുകളെ പ്രോത്സാഹിപ്പിക്കുമെന്നുമുള്ള സംയുക്ത പ്രഖ്യാപനവും ബ്രിക്‌സ് സമ്മേളനം നടത്തിയിരുന്നു.
അതേസമയം, ഡോളറിനെ ഉപേക്ഷിക്കുന്നതിനെതിരാണ് ഇന്ത്യയുടെ നയമെന്ന് നേരത്തെ വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇന്ത്യയുടെ സാമ്പത്തിക നയത്തിലോ രാഷ്ട്രീയ, നയന്ത്ര നയങ്ങളിലോ ഇതില്ല. എന്നാല്‍ വ്യാപാര പങ്കാളികള്‍ ഡോളര്‍ സ്വീകരിക്കാതെ വന്നാല്‍ അപ്പോള്‍ മറ്റുവഴികള്‍ നോക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
ഇന്ത്യയാണ് യുഎസിന് ഏറ്റവും കൂടുതല്‍ ഇറക്കുമതി തീരുവ ചുമത്തുന്നതെന്ന് തിരഞ്ഞെടുപ്പു പ്രചാരണ വേളയില്‍ ട്രംപ് പറഞ്ഞിരുന്നു. ചൈനയെക്കാള്‍ കൂടുതലാണ് ഇന്ത്യ ഈടാക്കുന്നത്. വളരെ നൈസായിട്ടാണ് ഇന്ത്യ ഇത് ചെയ്യുന്നതെന്നും ഡെട്രോയിറ്റ് ഇക്കണോമിക് ക്ലബില്‍ സംസാരിക്കവെ ട്രംപ് പറഞ്ഞിരുന്നു.