വാഷിംഗ്ടണ്‍ – വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചാൽ ഹമാസിനെതിരെ ഇസ്രായിലിൻ്റെ ആക്രമണം പുനരാരംഭിക്കുമെന്ന് മുന്നറിയിപ്പുമായി യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ബന്ദികളാക്കപ്പെട്ടവരുടെ മൃതദേഹങ്ങൾ ഗാസയിൽ നിന്ന് കൈമാറണമെന്നും ട്രംപ് ആവശ്യപ്പെട്ടു. ആയുധം അടിയറ വയ്ക്കാൻ ഹമാസ് തയാറായില്ലെങ്കിൽ താൻ ഒരു വാക്ക് പറഞ്ഞാലുടന്‍ ഇസ്രായില്‍ സൈന്യം ഗാസയിലെ തെരുവുകളിലിറങ്ങുമെന്നും ട്രംപ് പറഞ്ഞു.
മരണപ്പെട്ട ഇസ്രയേലി ബന്ദികളുടെ മൃതദേഹം 72 മണിക്കൂറിനുള്ളിൽ കൈമാറണമെന്ന വ്യവസ്ഥ ഹമാസ് ലംഘിച്ചിരുന്നു. മൃതദേഹങ്ങൾ നൽകാൻ കൂടുതൽ സമയം ആവശ്യമാണെന്ന് ഹമാസ് അറിയിച്ചിരുന്നു. അതേസമയം ഗസയിൽ കഴിഞ്ഞ ദിവസം വിമതവിഭാഗത്തിൽപ്പെട്ട ഏഴു പേരെ ഹമാസ് പരസ്യമായി വെടിവച്ചുകൊല്ലുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് കരാർപ്രകാരം ഹമാസ് നിരായുധീകരണം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടത്.
മൃതദേഹാവശിഷ്ടങ്ങള്‍ കൈമാറുന്നത് വൈകിപ്പിച്ച് രാഷ്ട്രീയ തന്ത്രങ്ങളില്‍ ഏര്‍പ്പെടാനുള്ള ഹമാസിന്റെ ശ്രമങ്ങളില്‍ ഇസ്രായില്‍ സര്‍ക്കാര്‍ രോഷം പ്രകടിപ്പിച്ചു.
എല്ലാ ബന്ദികളെയും കൈമാറിക്കഴിഞ്ഞാല്‍, സമാധാനപരമായ സഹവര്‍ത്തിത്വത്തിനും നിരായുധീകരണത്തിനും പ്രതിജ്ഞാബദ്ധരായ ഹമാസ് അംഗങ്ങള്‍ക്ക് പൊതുമാപ്പ് നല്‍കുമെന്നും ഗാസയില്‍ നിന്ന് മറ്റ് രാജ്യങ്ങളിലേക്ക് പോകാന്‍ സുരക്ഷിതമായ വഴിയൊരുക്കുമെന്നും പ്രസിഡന്‍ഷ്യല്‍ ദൂതന്‍ സ്റ്റീവ് വിറ്റ്‌കോഫ്, ജാരെഡ് കുഷ്‌നര്‍ എന്നിവരിലൂടെ യു.എസ് ഭരണകൂടം ഉറപ്പ് നല്‍കിയിട്ടുണ്ട്. അതേസമയം, യുദ്ധം പുനരാരംഭിച്ചാല്‍ ഗാസ മുനമ്പില്‍ ഹമാസിനെ പരാജയപ്പെടുത്താനുള്ള സമഗ്രമായ പദ്ധതി തയാറാക്കാന്‍ ഇസ്രായില്‍ പ്രതിരോധ മന്ത്രി യിസ്രായില്‍ കാറ്റ്‌സ് സൈന്യത്തിന് നിര്‍ദേശം നല്‍കിയതായി പ്രതിരോധ മന്ത്രിയുടെ ഓഫീസ് പ്രസ്താവനയില്‍ പറഞ്ഞു.