വാഷിംഗ്ടണ്‍ – കടുത്ത സുന്നി വിരുദ്ധതക്കും ഇറാന്‍ അനുകൂല നിലപാടിനും കുപ്രസിദ്ധനായ ശിയാ നേതാവ് നൂരി അല്‍മാലിക്കിയെ ഇറാഖ് പ്രധാനമന്ത്രിയായി വീണ്ടും തെരഞ്ഞെടുക്കുന്നതിനെതിരെ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇറാഖിന് മുന്നറിയിപ്പ് നല്‍കി. നൂരി അല്‍മാലിക്കിയെ പുതിയ പ്രധാനമന്ത്രിയായി തെരഞ്ഞെടുത്താല്‍ അമേരിക്ക ഇനി ഇറാഖിന് സഹായം നല്‍കില്ലെന്ന് ട്രംപ് പറഞ്ഞു. നൂരി അല്‍മാലിക്കിയെ പ്രധാനമന്ത്രിയായി വീണ്ടും സ്ഥാപിക്കുന്നതിലൂടെ മഹത്തായ ഇറാഖ് ഗുരുതരമായ തെറ്റ് ചെയ്യുന്നുണ്ടെന്ന് ഞാന്‍ കേള്‍ക്കുന്നു. മാലിക്കി നേരത്തെ പ്രധാനമന്ത്രി പദവി വഹിച്ച കാലത്ത്, അദ്ദേഹത്തിന്റെ നയങ്ങളും ഭ്രാന്തമായ പ്രത്യയശാസ്ത്രങ്ങളും കാരണം ഇറാഖ് ദാരിദ്ര്യത്തിലേക്കും സമ്പൂര്‍ണ്ണ കുഴപ്പത്തിലേക്കും വഴുതിവീണു. ഇത് വീണ്ടും സംഭവിക്കരുത്. അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടാല്‍, അമേരിക്ക ഇറാഖിന് ഒരു സഹായവും നല്‍കില്ല. യു.എസ് സഹായമില്ലാതെ ഇറാഖിന് വിജയകരമായി നിലനില്‍ക്കാന്‍ ഒരു സാധ്യതയുമില്ല – സ്വന്തം സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോം ആയ ട്രൂത്ത് സോഷ്യലിലെ പോസ്റ്റില്‍ ട്രംപ് പറഞ്ഞു.
പാര്‍ലമെന്റില്‍ ഭൂരിപക്ഷമുള്ള ഷിയാ രാഷ്ട്രീയ ബ്ലോക്കുകളുടെ സഖ്യം, മുമ്പ് രണ്ടു തവണ വഹിച്ചിരുന്ന പ്രധാനമന്ത്രി സ്ഥാനത്തേക്ക് നൂരി അല്‍മാലിക്കിയെ നാമനിര്‍ദേശം ചെയ്തതിന് ദിവസങ്ങള്‍ക്ക് ശേഷമാണ് യു.എസ് പ്രസിഡന്റിന്റെ മുന്നറിയിപ്പ്. 2014 ല്‍ ഐസിസ് രാജ്യത്തിന്റെ വലിയ ഭാഗങ്ങള്‍ പിടിച്ചെടുത്തതോടെ അദ്ദേഹം സ്ഥാനമൊഴിഞ്ഞു. പക്ഷേ ഇപ്പോഴും ഇറാഖില്‍ അദ്ദേഹം സ്വാധീനമുള്ള രാഷ്ട്രീയ നേതാവായി തുടരുന്നു. സ്റ്റേറ്റ് ഓഫ് ലോ സഖ്യത്തിന് നേതൃത്വം നല്‍കുന്ന നൂരി അല്‍മാലിക്കി ഇറാന്‍ പിന്തുണയുള്ള വിഭാഗങ്ങളുമായി അടുത്ത ബന്ധം നിലനിര്‍ത്തുന്നു.
ഇറാഖില്‍ ഇറാന്‍ സ്വാധീനം ദുര്‍ബലപ്പെടുത്താത്ത ഒരു സര്‍ക്കാര്‍ രൂപീകരിക്കുന്നതിനെതിരെ അമേരിക്കയില്‍ നിന്ന് എതിര്‍പ്പ് സന്ദേശങ്ങള്‍ ലഭിച്ചതിനെ തുടര്‍ന്ന്, മാലിക്കിയുടെ നാമനിര്‍ദേശ പ്രക്രിയ തടസ്സപ്പെട്ടു. ഇത് അദ്ദേഹം തെരഞ്ഞെടുക്കപ്പെടാനുള്ള സാധ്യത അപകടത്തിലാക്കുന്നു. നിയുക്ത പ്രധാനമന്ത്രിയെയും മറ്റ് നേതൃസ്ഥാനങ്ങളെയും നാമനിര്‍ദേശം ചെയ്യാനുള്ള സംവിധാനങ്ങളോടുള്ള എതിര്‍പ്പ് വ്യക്തമാക്കുന്ന അമേരിക്കയുടെ സന്ദേശം, പാര്‍ലമെന്റിലെ ഏറ്റവും വലിയ രാഷ്ട്രീയ ബ്ലോക്കിന്റെ സ്ഥാനാര്‍ഥിയെന്നോണം നൂരി അല്‍മാലിക്കിയെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് നാമനിര്‍ദേശം ചെയ്തതിന് രണ്ട് ദിവസത്തിന് ശേഷം തിങ്കളാഴ്ച വൈകുന്നേരം നടന്ന ഏകോപന ചട്ടക്കൂടിന്റെ യോഗത്തില്‍ അവതരിപ്പിച്ചു. സര്‍ക്കാര്‍ രൂപീകരണ പ്രക്രിയയില്‍ ഇറാന്റെ തുടര്‍ച്ചയായ ആധിപത്യത്തോടുള്ള അമേരിക്കയുടെ എതിര്‍പ്പ് അറിയിച്ചുകൊണ്ട് ഏകോപന ചട്ടക്കൂടിലെ പ്രമുഖ നേതാവിന് തിങ്കളാഴ്ച പുലര്‍ച്ചെ അമേരിക്കയില്‍ നിന്ന് അപ്രതീക്ഷിത ഫോണ്‍ കോള്‍ ലഭിച്ചതായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പറഞ്ഞു. യു.എസ് സന്ദേശം നൂരി അല്‍മാലിക്കിയുടെ നാമനിര്‍ദേശം സങ്കീര്‍ണ്ണമാക്കിയെന്നും മൂന്നാം ടേമിലേക്കുള്ള അദ്ദേഹത്തിന്റെ പാത അങ്ങേയറ്റം ദുഷ്‌കരമാക്കിയെന്നും സ്റ്റേറ്റ് ഓഫ് ലോ സഖ്യത്തിലെ പ്രമുഖന്‍ സമ്മതിച്ചു.



