വാഷിംഗ്ടൻ– ഏകദേശം രണ്ട് വര്‍ഷമായി തുടരുന്ന ഗാസ യുദ്ധം അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തോടെയുള്ള യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മിഡില്‍ ഈസ്റ്റ് സമാധാന പദ്ധതിയുടെ വിശദാംശങ്ങള്‍ പുറത്ത്. ഇസ്രായിലി ബന്ദികളെ മോചിപ്പിക്കുന്നതിന് പകരമായി ഗാസ യുദ്ധം ഉടനടി അവസാനിപ്പിക്കാന്‍ യു.എസ് പദ്ധതി വ്യവസ്ഥ ചെയ്യുന്നു. ദീര്‍ഘകാല തടവ് അനുഭവിക്കുന്ന 100 നും 200 നും ഇടയില്‍ ഫലസ്തീന് തടവുകാരെ മോചിപ്പിക്കുകയും ചെയ്യും. ഗാസയില്‍ നിന്ന് പുറത്തേക്കുപോയി ആയുധങ്ങള്‍ കൈമാറുന്നതിന് പകരമായി ഹമാസിന് പൊതുമാപ്പ് നല്‍കുന്നതും ട്രംപ് പദ്ധതിയില്‍ ഉള്‍പ്പെടുന്നു. നിശ്ചിത കാലയളവിനുള്ളില്‍ അന്താരാഷ്ട്ര, അറബ് സേന ഹമാസിന്റെ ആയുധങ്ങള്‍ ശേഖരിക്കും.
ഇസ്രായിലിന്റെയും അമേരിക്കയുടെയും പിന്തുണയുള്ള ഗാസ ഹ്യുമാനിറ്റേറിയന്‍ ഫൗണ്ടേഷന് അടച്ചുപൂട്ടല്‍ പദ്ധതി വ്യവസ്ഥ ചെയ്യുന്നു. പകരം മാനുഷിക സഹായത്തിന്റെ ഉടനടിയും അനിയന്ത്രിതവുമായ പ്രവേശനം അനുവദിക്കും. ഈ ഉത്തരവാദിത്തം ഐക്യരാഷ്ട്രസഭയെയും അന്താരാഷ്ട്ര സംഘടനകളെയും ഏല്‍പ്പിക്കും.
മുഴുവന്‍ ഗാസ മുനമ്പില്‍ നിന്നും ഇസ്രായിലി സേനയുടെ ക്രമേണയുള്ള പിന്‍വാങ്ങല്‍ പദ്ധതി വ്യവസ്ഥ ചെയ്യുന്നു. ഇത് നിശ്ചിത സമയപരിധിക്കുള്ളില്‍ പൂര്‍ണമായ പിന്‍വാങ്ങലിലേക്ക് നയിക്കും. ഗാസ മുനമ്പിലെ താമസക്കാര്‍ക്ക് സുരക്ഷിത പാതകള്‍ സ്ഥാപിക്കും. അഞ്ച് വര്‍ഷത്തിനുള്ളില്‍ അന്താരാഷ്ട്ര സഖ്യത്തിലൂടെയുള്ള ഗാസ പുനര്‍നിര്‍മാണം യു.എസ് പദ്ധതിയില്‍ ഉള്‍പ്പെടുന്നു. അറബ്, അന്താരാഷ്ട്ര മേല്‍നോട്ടത്തില്‍ ഗാസക്കായി ഫലസ്തീന് സുരക്ഷാ സേന സ്ഥാപിക്കപ്പെടും. ഗാസ മുനമ്പിന്റെ ഭരണത്തിനായി ഫലസ്തീന് അതോറിറ്റി ഫലസ്തീന് കമ്മിറ്റി രൂപീകരിക്കണമെന്നും ട്രംപിന്റെ സമാധാന പദ്ധതി വ്യവസ്ഥ ചെയ്യുന്നു. ഗാസയുടെ താല്‍ക്കാലിക ഭരണത്തിന് അറബ്, അന്താരാഷ്ട്ര പ്രതിനിധികളെ ഉള്‍പ്പെടുത്തി സംവിധാനം ഏര്‍പ്പെടുത്തും.
ഗാസക്ക് ചുറ്റും 500 മീറ്റര്‍ മുതല്‍ 1,000 മീറ്റര്‍ വരെ വീതിയില്‍ ആളില്ലാ സുരക്ഷാ ഇടനാഴി സ്ഥാപിക്കലും പദ്ധതി വ്യവസ്ഥ ചെയ്യുന്നു. വെസ്റ്റ് ബാങ്ക് ഇസ്രായിലില്‍ കൂട്ടിച്ചേര്ക്കില്ലെന്ന അമേരിക്കന്‍ പ്രതിബദ്ധതയും പദ്ധതി സൂചിപ്പിക്കുന്നു. ട്രംപിന്റെ നിര്‍ദിഷ്ട സമാധാന പദ്ധതി ഖത്തര്‍ മധ്യസ്ഥര്‍ വഴി ഹമാസിനെ അറിയിക്കുമെന്നും പദ്ധതിയില്‍ ഭേദഗതികളും മാറ്റങ്ങളും ഉണ്ടായേക്കാമെന്നും ബന്ധപ്പെട്ട വൃത്തങ്ങള്‍ സി.എന്‍.എന്നിനോട് പറഞ്ഞു.
യു.എന്‍ ജനറല്‍ അസംബ്ലിക്കിടെ ചൊവ്വാഴ്ച ന്യൂയോര്‍ക്കില്‍ അറബ്, ഇസ്ലാമിക നേതാക്കളുമായി ട്രംപും വിറ്റ്കോഫും നടത്തിയ കൂടിക്കാഴ്ചയില്‍ 21 പോയിന്റ് പദ്ധതി അവതരിപ്പിച്ചു. ഗാസ മുനമ്പില്‍ പരിഹാരത്തിലെത്താനുള്ള സാധ്യതയെ കുറിച്ച് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇന്നലെ തന്റെ ശുഭാപ്തിവിശ്വാസം ആവര്‍ത്തിച്ചു.
ഗാസ യുദ്ധം അവസാനിപ്പിക്കാനും ബന്ദികളെ അവരുടെ വീടുകളില്‍ തിരിച്ചെത്തിക്കാനുമുള്ള കരാര്‍ ആസന്നമായതായി ന്യൂയോര്‍ക്കില്‍ നടക്കുന്ന റൈഡര്‍ കപ്പ് ഗോള്‍ഫ് ടൂര്‍ണമെന്റില്‍ പങ്കെടുക്കാന്‍ വൈറ്റ് ഹൗസില്‍ നിന്ന് പുറപ്പെടുന്നതിന് മുമ്പ് ട്രംപ് പറഞ്ഞു. ബന്ദികളുടെ തിരിച്ചുവരവ് ഉടന്‍ തന്നെ ഉണ്ടായേക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഗാസയുമായി ബന്ധപ്പെട്ട് മിഡില്‍ ഈസ്റ്റ് രാജ്യങ്ങളുമായി താന്‍ ഫലപ്രദമായ ചര്‍ച്ചകള്‍ നടത്തുന്നുണ്ടെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. നാല് ദിവസമായി തീവ്രമായ ചര്‍ച്ചകള്‍ തുടരുകയാണെന്നും വിജയകരമായ ഒരു കരാറിലെത്താന്‍ ആവശ്യമായിടത്തോളം കാലം അത് തുടരുമെന്നും അദ്ദേഹം പറഞ്ഞു. മേഖലയിലെ എല്ലാ രാജ്യങ്ങളും ഇതില്‍ പങ്കാളിത്തം വഹിക്കുന്നു. ഹമാസിന് ഈ ചര്‍ച്ചകളെ കുറിച്ച് പൂര്‍ണമായി അറിയാം. നെതന്യാഹു ഉള്‍പ്പെടെ ഇസ്രായിലിലെ എല്ലാ തലങ്ങളിലുള്ള നേതാക്കളെയും ഇക്കാര്യം അറിയിച്ചിട്ടുണ്ട്. നിരവധി പതിറ്റാണ്ടുകള്‍ക്ക് ശേഷം, ഒരു കരാറിലെത്താന്‍ ഞാന്‍ ഇതുവരെ കണ്ടിട്ടില്ലാത്തത്രയും നല്ല മനസ്സും ഉത്സാഹവുമുണ്ട്. മരണത്തിന്റെയും അന്ധകാരത്തിന്റെയും ഈ കാലഘട്ടത്തിനപ്പുറത്തേക്ക് നീങ്ങാന്‍ എല്ലാവരും ആവേശത്തിലാണ്. ഈ ചര്‍ച്ചകളുടെ ഭാഗമാകുന്നത് തനിക്ക് ഒരു ബഹുമതിയാണ്. നമ്മള് ബന്ദികളെ തിരികെ കൊണ്ടുവന്ന് ശാശ്വത സമാധാനം കൈവരിക്കണം – ട്രംപ് പറഞ്ഞു.
അതേസമയം, ഗാസ യുദ്ധം അവസാനിപ്പിക്കാന്‍ കഴിയുന്ന ഏക വ്യക്തി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആണെന്ന് സൗദി വിദേശ മന്ത്രി ഫൈസല്‍ ബിന്‍ ഫര്ഹാന് രാജകുമാരന് പറഞ്ഞു. ഗാസയില്‍ വെടിനിര്‍ത്തലിനുള്ള വഴി കണ്ടെത്തുന്നതില്‍ പ്രസിഡന്റ് ട്രംപ് പങ്കെടുക്കേണ്ടത് അത്യന്താപേക്ഷിതമാണ്. ഗാസ യുദ്ധവുമായി ബന്ധപ്പെട്ട് നമ്മെ മെച്ചപ്പെട്ട സാഹചര്യത്തിലേക്ക് നയിക്കാന്‍ കഴിയുന്ന വ്യക്തിയാണ് പ്രസിഡന്റ് ട്രംപ് എന്ന് എനിക്ക് ഉറപ്പുണ്ട്. യുദ്ധം അവസാനിപ്പിക്കാനും ബന്ദികളെ മോചിപ്പിക്കാനും ഗാസയിലെ ഫലസ്തീന് ജനതക്ക് റിലീഫ് വസ്തുക്കള്‍ നല്‍കാനുമുള്ള ഒരു മാര്‍ഗം കണ്ടെത്തുന്നതില്‍ പ്രസിഡന്റ് ട്രംപ് വളരെ പ്രതിജ്ഞാബദ്ധനാണെന്ന് എനിക്ക് തോന്നി. വെസ്റ്റ് ബാങ്ക് ഇസ്രായിലില്‍ കൂട്ടിച്ചേര്‍ക്കുക എന്ന ആശയത്തിന്റെ അപകടം എത്രത്തോളമാണെന്നും ഗാസ യുദ്ധം അവസാനിപ്പിക്കാനും ഗാസയിലെ ജനങ്ങള്‍ക്ക് റിലീഫ് വസ്തുക്കള്‍ നല്‍കാനുമുള്ള ആവശ്യകതയില്‍ അറബ്, ഇസ്ലാമിക രാജ്യങ്ങള്‍ എത്രത്തോളം പ്രതിജ്ഞാബദ്ധരാണെന്നും പ്രസിഡന്റ് മനസ്സിലാക്കുന്നതായും സൗദി വിദേശ മന്ത്രി പറഞ്ഞു.
തകര്‍ന്നതും ഉപരോധിക്കപ്പെട്ടതുമായ ഗാസ മുനമ്പില്‍ ഏകദേശം 45 ഇസ്രായിലി ബന്ദികള്‍ ഇപ്പോഴും തടവിലാണ്. ഇതില്‍ പകുതിയിലധികം പേരും മരിച്ചതായി കരുതപ്പെടുന്നു. യു.എന്‍ കണക്കുകള്‍ പ്രകാരം ഗാസയിലെ മരണസംഖ്യ 65,000 കവിഞ്ഞു. ഗാസയുടെ വിവിധ ഭാഗങ്ങളില്‍ പട്ടിണി പടരുന്നതായി ഐക്യരാഷ്ട്രസഭ ആവര്‍ത്തിച്ച് സ്ഥിരീകരിച്ചിട്ടുണ്ട്.