വാഷിങ്ടൺ– അമേരിക്കൻ വിരുദ്ധ നയങ്ങളുമായി മുന്നോട്ട് പോകുന്ന ബ്രിക്സ് രാജ്യങ്ങൾക്ക് 10% അധിക തീരുവ ഈടാക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഭീഷണി. ഇന്ത്യയും ചൈനയും ഉൾപ്പെടുന്ന രാജ്യങ്ങൾക്കാണ് ട്രംപിന്റെ ഭീഷണി. ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപ് തന്റെ നിലപാട് അറിയിച്ചത്.
‘ബ്രിക്സിന്റെ അമേരിക്കൻ വിരുദ്ധ നയങ്ങളുമായി യോജിക്കുന്ന ഏതൊരു രാജ്യത്തിൽ നിന്നും അധികമായി 10% താരിഫ് ഈടാക്കും. ഈ നയത്തിന് ഒരു ഇളവുമുണ്ടായിരിക്കില്ല എന്നുമാണ് ട്രംപ് തന്റെ ട്രൂത്ത് സോഷ്യൽ അക്കൗണ്ടിൽ കുറിച്ചത്.
ഇറാനെതിരെ യുഎസും ഇസ്രായേലും ചേർന്ന് നടത്തിയ അക്രമങ്ങളെ ബ്രസീലിൽ നടന്ന ബ്രിക്സ് ഉച്ചകോടി ശക്തമായി അപലപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ട്രംപിന്റെ പ്രസ്താവന വരുന്നത്. എന്നാൽ ഏതൊക്കെയാണ് അമേരിക്കൻ വിരുദ്ധ നയങ്ങൾ എന്ന് ട്രംപ് വ്യക്തമാക്കിയിട്ടില്ല.
ഗാസയിലെ യുദ്ധത്തിൽ ഇസ്രായേലിനെ വിമർശിച്ച് ബ്രിക്സ് പ്രമേയം, ഗാസയിൽ ഉപാധികളില്ലാതെ വെടിനിർത്തൽ വേണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ഇറാനെതിരെയുള്ള ഇസ്രായേലിന്റെയും യുഎസിന്റെയും സൈനിക നടപടികളെയും അപലപിച്ചു. 26 പേരുടെ ജീവനെടുത്ത പഹൽഗാം ഭീകരാക്രമണത്തെയും വികസിച്ചുവരുന്ന രാജ്യങ്ങളുടെ കൂട്ടായ്മയായ ബ്രിക്സ് ശക്തമായി അപലപിച്ചിരുന്നു.
ആഗോള സമ്പദ്‍വ്യവസ്ഥ താറുമാറാക്കും വിധത്തിലുള്ള ട്രംപിന്റെ വിവേചനരഹിതമായ തീരുവ പ്രഖ്യാപിച്ച ട്രംപിന്റെ നടപടികൾക്കെതിരെയും ബ്രിക്സ് ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഇന്ത്യക്കും ബ്രസീലിനും യുഎന്നിൽ കൂടുതൽ പങ്കാളിത്തെം നൽകണമെന്ന് റഷ്യയും ചൈനയും ആവശ്യപ്പെട്ടിരുന്നു. ബ്രസീൽ, റഷ്യ, ഇന്ത്യ, ചൈന, സൗത്ത് ആഫ്രിക്ക, ഈജിപ്ത്, എത്യോപ്യ, ഇന്ത്യോനേഷ്യ, ഇറാൻ, യുഎഇ, സൗദി അറേബ്യ എന്നിവയാണ് ബ്രിക്സ് രാജ്യങ്ങൾ