തെല്‍അവീവ് – ഗാസയിലെ സമാധാനം ഇസ്രായിലിനും ലോകത്തിനും വലിയ വിജയമാണെന്നും ഇത് മേഖലക്ക് സുവര്‍ണ കാലം നല്‍കുമെന്നും ഇസ്രായില്‍ നെസെറ്റില്‍ നടത്തിയ പ്രസംഗത്തില്‍ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു.
താന്‍ മധ്യസ്ഥ വഹിച്ച് സാധ്യമാക്കിയ വെടിനിര്‍ത്തല്‍ പുതിയ മിഡില്‍ ഈസ്റ്റിനുള്ള ചരിത്രപരമായ പ്രഭാതമാണ്. വര്‍ഷങ്ങളുടെ തുടര്‍ച്ചയായ യുദ്ധത്തിനും അനന്തമായ അപകടത്തിനും ശേഷം, ആകാശം ശാന്തമാണ്, തോക്കുകള്‍ നിശബ്ദമായിരിക്കുന്നു, സൈറണുകള്‍ നിലച്ചു, ദൈവം ഇച്ഛിച്ചാല്‍ എന്നേക്കും സമാധാനത്തിലും സുരക്ഷിതത്വത്തിലും വസിക്കുന്ന പുണ്യഭൂമിയില്‍ സൂര്യന്‍ ഉദിച്ചുയരും. ഇത് ഒരു യുദ്ധത്തിന്റെ അവസാനമല്ല. മറിച്ച്, മരണത്തിന്റെയും കൊലപാതകത്തിന്റെയും യുഗത്തിന്റെ അവസാനവും ദൈവത്തിലുള്ള പ്രത്യാശയുടെയും വിശ്വാസത്തിന്റെയും കാലഘട്ടത്തിന്റെ തുടക്കവുമാണ്. ഒരു പുതിയ മിഡില്‍ ഈസ്റ്റിനുള്ള ചരിത്രപരമായ പ്രഭാതമാണിത്.
ഗാസ കരാര്‍ മിഡില്‍ ഈസ്റ്റിന് സുവര്‍ണ കാലഘട്ടം വാഗ്ദാനം ചെയ്യുന്നു. ഗാസയിലെ സമാധാനം ഇസ്രായിലിനും ലോകത്തിനും വലിയ വിജയമാണ്. എല്ലാം മാറാന്‍ തുടങ്ങിയ നിമിഷമായി വരും തലമുറകള്‍ ഈ നിമിഷത്തെ ഓര്‍ക്കും. മെച്ചപ്പെട്ടതിലേക്ക് വളരെയധികം മാറും. ഇസ്രായിലി സൈനിക പ്രവര്‍ത്തനങ്ങള്‍ മോശവും ഉഗ്രവുമായിരുന്നു. വെടിനിര്‍ത്തല്‍ കരാര്‍ ഉചിതമായ സമയത്താണ് യാഥാര്‍ഥ്യമായത്.
സുരക്ഷിതമായ നിലയില്‍ ഗാസയുടെ പുനര്‍നിര്‍മാണത്തിന് പിന്തുണ നല്‍കിയതിനും ബന്ദികളെ മോചിപ്പിക്കാന്‍ ഹമാസിനെ പ്രേരിപ്പിച്ചതിനും ഇസ്‌ലാമിക, അറബ് രാജ്യങ്ങള്‍ക്ക് യു.എസ് പ്രസിഡന്റ് നന്ദി പറഞ്ഞു. ഗാസ ആയുധരഹിത മേഖലയായിരിക്കും. 2023 ഒക്ടോബര്‍ ഏഴിന് സംഭവിച്ചതുപോലെ ഇനി ഒരിക്കലും സംഭവിക്കില്ല. ഇസ്രായിലിനെ ആക്രമിക്കുന്നതിനു പകരം സ്വന്തം ജനങ്ങളെ കെട്ടിപ്പടുക്കുന്നതില്‍ ഫലസ്തീനികള്‍ ശ്രദ്ധ കേന്ദ്രീകരിക്കണം.
യുദ്ധങ്ങള്‍ നിര്‍ത്തുന്നതിലാണ് താന്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. അമേരിക്ക യുദ്ധത്തില്‍ ഏര്‍പ്പെടാന്‍ ആഗ്രഹിക്കുന്നില്ല. പക്ഷേ, നമ്മള്‍ അങ്ങനെ ചെയ്താല്‍, തുല്യതയില്ലാത്ത രീതിയില്‍ നമ്മള്‍ വിജയിക്കും. ലോകത്തിലെ ഏറ്റവും മികച്ച സൈന്യവും മറ്റാര്‍ക്കും ഇല്ലാത്ത ആയുധങ്ങളും അമേരിക്കയുടെ പക്കലുണ്ട്. ലോകത്തിലെ ഏറ്റവും മികച്ച ആയുധങ്ങള്‍ ഞങ്ങളുടെ പക്കലുണ്ട്. ഇസ്രായിലിന് ഞങ്ങള്‍ ധാരാളം ആയുധങ്ങള്‍ നല്‍കിയിട്ടുണ്ട്. ഞങ്ങളുടെ സഹായത്താല്‍ ഇസ്രായില്‍ ശക്തവും മഹത്തരവുമായി മാറിയിരിക്കുന്നു.
ഇസ്രായിലികള്‍ക്കും ഫലസ്തീനികള്‍ക്കും നീണ്ട പേടിസ്വപ്നം ഒടുവില്‍ അവസാനിച്ചിരിക്കുന്നു. മേഖലയെ തളര്‍ത്തിയ കുഴപ്പങ്ങളുടെ ശക്തികള്‍ പൂര്‍ണമായും പരാജയപ്പെട്ടു. ഇസ്രായില്‍, അമേരിക്ക, മിഡില്‍ ഈസ്റ്റ് രാജ്യങ്ങള്‍ എന്നിവ ഉടന്‍ തന്നെ സുരക്ഷിതമാകും. അഴിമതി ആരോപണങ്ങളില്‍ വിചാരണ നേരിടുന്ന നെതന്യാഹുവിന് മാപ്പ് നല്‍കണമെന്ന് ഇസ്രായില്‍ പ്രസിഡന്റ് ഐസക് ഹെര്‍സോഗിനോട് ട്രംപ് ആവശ്യപ്പെട്ടു.
താന്‍ ഈ സമാധാനത്തിന് പ്രതിജ്ഞാബദ്ധനാണെന്ന് നെസെറ്റില്‍ നടത്തിയ പ്രസംഗത്തില്‍ ഇസ്രായില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു. ഹമാസും ഇസ്രായിലും തമ്മിലുള്ള ഗാസ കരാറിന്റെ ആദ്യ ഘട്ടത്തിന് മധ്യസ്ഥത വഹിക്കുന്നതില്‍ ട്രംപ് നല്‍കിയ സംഭാവനയെ നെതന്യാഹു പ്രശംസിച്ചു. ഈ കരാറിലൂടെ ജീവിച്ചിരിക്കുന്ന എല്ലാ ഇസ്രായിലി ബന്ദികളെയും ഇസ്രായിലിന് തിരികെ ലഭിച്ചു. വൈറ്റ് ഹൗസില്‍ ഇസ്രായിലിന്റെ ഏറ്റവും വലിയ സുഹൃത്താണ് ട്രംപ്. വൈറ്റ് ഹൗസില്‍ ഇസ്രായില്‍ രാഷ്ട്രത്തിന് ഇതുവരെ ഉണ്ടായിട്ടുള്ളതില്‍ വെച്ച് ഏറ്റവും വലിയ സുഹൃത്താണ് ഡൊണാള്‍ഡ് ട്രംപ്. മറ്റൊരു അമേരിക്കന്‍ പ്രസിഡന്റും ഇസ്രായിലിനായി ഇത്രയും കൂടുതല്‍ കാര്യങ്ങള്‍ ചെയ്തിട്ടില്ല. ഹമാസിനെതിരെ അത്ഭുതകരമായ വിജയങ്ങള്‍ നേടിയിട്ടുണ്ടെന്ന് പറഞ്ഞുകൊണ്ട് നെതന്യാഹു ഇസ്രായില്‍ സൈന്യത്തെയും പ്രശംസിച്ചു.
ഇസ്രായില്‍ പുതിയ സമാധാന ഉടമ്പടികള്‍ക്ക് തയാറാണെന്ന് നെതന്യാഹു വ്യക്തമാക്കി. നിങ്ങളുടെ നേതൃത്വത്തില്‍, മേഖലയിലെ അറബ് രാജ്യങ്ങളുമായും മേഖലക്ക് പുറത്തുള്ള മുസ്‌ലിം രാജ്യങ്ങളുമായും ഞങ്ങള്‍ക്ക് പുതിയ സമാധാന ഉടമ്പടികള്‍ ഒപ്പുവെക്കാന്‍ കഴിയുമെന്ന്, ട്രംപിനെ അഭിസംബോധന ചെയ്തുകൊണ്ട് നെതന്യാഹു പറഞ്ഞു. ഇസ്രായില്‍ ജനതയേക്കാള്‍ കൂടുതല്‍ ആരും സമാധാനം ആഗ്രഹിക്കുന്നില്ലെന്നും നെതന്യാഹു കൂട്ടിച്ചേര്‍ത്തു.