വാഷിംഗ്ടണ്‍ – ഗാസ സമാധാന കൗണ്‍സിലില്‍ പങ്കെടുക്കുന്ന ലോക നേതാക്കളുടെ പേരുകള്‍ അടുത്ത വര്‍ഷാദ്യം പ്രഖ്യാപിക്കുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. ഇസ്രായിലും ഹമാസും തമ്മിലുള്ള വെടിനിര്‍ത്തല്‍ കരാറിന് വഴിയൊരുക്കിയ ഗാസ പദ്ധതിക്കു കീഴില്‍ സ്ഥാപിതമാകുന്ന സമാധാന കൗണ്‍സിലില്‍ ചേരാന്‍ ഏതാനും ലോക നേതാക്കള്‍ ആഗ്രഹിക്കുന്നതായി വൈറ്റ് ഹൗസ് റൂസ്വെല്‍റ്റ് റൂമില്‍ നടന്ന സാമ്പത്തിക പരിപാടിയില്‍ ട്രംപ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
രാജാക്കന്മാര്‍, പ്രസിഡന്റുമാര്‍, പ്രധാനമന്ത്രിമാര്‍ – അവരെല്ലാം സമാധാന ബോര്‍ഡില്‍ ഉണ്ടായിരിക്കാന്‍ ആഗ്രഹിക്കുന്നു. പുതുവര്‍ഷത്തില്‍ ഇത് പ്രഖ്യാപിക്കും. ഇത് എക്കാലത്തെയും ഏറ്റവും ഐതിഹാസികമായ സമാധാന കൗണ്‍സിലുകളില്‍ ഒന്നായിരിക്കും. എല്ലാവരും അതില്‍ ഉണ്ടായിരിക്കാന്‍ ആഗ്രഹിക്കുന്നു – ട്രംപ് പറഞ്ഞു.
ഗാസ യുദ്ധം അവസാനിപ്പിക്കാനുള്ള യു.എസ് പ്രസിഡന്റിന്റെ പദ്ധതിയെ അംഗീകരിക്കുകയും ഗാസയില്‍ അന്താരാഷ്ട്ര സേനയെ വിന്യസിക്കാന്‍ അംഗീകാരം നല്‍കുകയും ചെയ്യുന്ന, അമേരിക്ക തയാറാക്കിയ പ്രമേയം യു.എന്‍ രക്ഷാ സമിതി നവംബര്‍ 17 ന് അംഗീകരിച്ചിരുന്നു. ഗാസയുടെ പുനര്‍നിര്‍മ്മാണത്തിനും സാമ്പത്തിക വീണ്ടെടുക്കലിനും മേല്‍നോട്ടം വഹിക്കുന്ന പരിവര്‍ത്തന അതോറിറ്റിയായിരിക്കുമെന്ന് പറയുന്ന പീസ് കൗണ്‍സിലില്‍ അംഗരാജ്യങ്ങള്‍ക്ക് പങ്കെടുക്കാമെന്ന് പ്രമേയം പറയുന്നു. ആയുധങ്ങള്‍ നീക്കം ചെയ്യലും സൈനിക അടിസ്ഥാന സൗകര്യങ്ങള്‍ നശിപ്പിക്കലും ഉള്‍പ്പെടെ ഗാസയുടെ നിരായുധീകരണത്തിന് മേല്‍നോട്ടം വഹിക്കുന്ന അന്താരാഷ്ട്ര സ്ഥിരത സേന സ്ഥാപിക്കാനും പ്രമേയം അംഗീകാരം നല്‍കുന്നു. ഗാസയിലെ പരിവര്‍ത്തന സര്‍ക്കാരിനെ നിയമവിധേയമാക്കാനും ഗാസയിലേക്ക് സൈന്യത്തെ അയക്കുന്നത് പരിഗണിക്കുന്ന രാജ്യങ്ങള്‍ക്ക് ഉറപ്പുനല്‍കാനുമുള്ള സുപ്രധാന ചുവടുവെപ്പായിട്ടാണ് യു.എന്‍ പ്രമേയത്തെ കാണുന്നത്. ട്രംപിന്റെ 20 ഇന പദ്ധതി പ്രമേയത്തിന്റെ അനുബന്ധമായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. ട്രംപിന്റെ 20 ഇന സമാധാന പദ്ധതിക്ക് അനുസൃതമായി, ഗാസയുടെ പുനര്‍വികസനത്തിനുള്ള ചട്ടക്കൂട് സ്ഥാപിക്കുകയും ധനസഹായം ഏകോപിപ്പിക്കുകയും ചെയ്യുന്ന പരിവര്‍ത്തന ഭരണകൂടമായിട്ടാണ് യു.എസ് തയ്യാറാക്കിയ പ്രമേയം പീസ് കൗണ്‍സിലിനെ വിശേഷിപ്പിക്കുന്നത്. ഫലസ്തീന്‍ അതോറിറ്റി അതിന്റെ പരിഷ്‌കരണ പരിപാടി തൃപ്തികരമായി പൂര്‍ത്തിയാക്കുകയും ഗാസയുടെ നിയന്ത്രണം സുരക്ഷിതമായും ഫലപ്രദമായും തിരിച്ചുപിടിക്കുകയും ചെയ്യുന്നത് വരെ പീസ് കൗണ്‍സില്‍ പ്രവര്‍ത്തിക്കുമെന്ന് യു.എന്‍ പ്രമേയം പറയുന്നു.



