വാഷിങ്ടൺ– അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനിയുമായി സ്വകാര്യ അത്താഴ വിരുന്നും ബഹ്റൈൻ കിരീടാവകാശി സൽമാൻ ബിൻ ഹമദ് അൽ ഖലീഫയുമായി ഔദ്യോഗിക കൂടിക്കാഴ്ചയും നടത്തി. ഗൾഫ് മേഖലയുടെ വളർച്ചയും അന്തർദേശീയ രാഷ്ട്രീയത്തിലെ സമീപനങ്ങളും കൂടി മുൻനിർത്തിയാണ് ഈ കൂടിക്കാഴ്ചകൾ നടന്നത്.
ട്രംപ് തന്റെ വാഷിങ്ടണിലെ സ്വകാര്യ താമസസ്ഥലമായ മാർ ആ ലാഗോയിൽ അമീറിനെ സ്വീകരിക്കുകയും സ്വകാര്യ അത്താഴ വിരുന്ന് ഒരുക്കുകയും ചെയ്തു. ഇരു നേതാക്കൾക്കും തമ്മിൽ ദീർഘകാല ബന്ധമുള്ളതിനാലാണ് ഇത്തവണയും പ്രത്യേക കൂടിക്കാഴ്ചയെന്ന് റിപ്പോൾട്ടുകൾ പറയുന്നു.
ഗാസയിലും മിഡിൽ ഈസ്റ്റ് മേഖലകളിലും സമാധാനം ഉറപ്പാക്കാനുള്ള ശ്രമങ്ങളെക്കുറിച്ചുള്ള ചർച്ചകളും വലിയ രീതിയിൽ നടക്കുകയുണ്ടായി. കഴിഞ്ഞ മേയിൽ രണ്ടാം പ്രസിഡൻസി കാലത്തെ ആദ്യ വിദേശ സന്ദർശനമായി ട്രംപ് സൗദി അറേബ്യ, ഖത്തർ, യു.എ.ഇ എന്നിവിടങ്ങളിൽ സന്ദർശിച്ചിരുന്നു. ഖത്തറിൽ അദ്ദേഹം അൽ ഉദൈദ് എയർബേസും സന്ദർശിച്ചു, അത് മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ അമേരിക്കൻ സൈനികത്താവളമാണ്.
ഖത്തറുമായി 1.2 ട്രില്യൺ ഡോളറിനുമധികം വിലയുള്ള വമ്പൻ കരാറുകൾ ട്രംപ് നടത്തിയിരുന്നു. ബോയിങ്ങിൽ നിന്നു 210 വിമാനങ്ങൾ വാങ്ങുന്നതും, യുഎസ് ഡിഫൻസ് കമ്പനികളിൽ നിന്നുള്ള ഡ്രോൺ, ആന്റി-ഡ്രോൺ സാങ്കേതികവിദ്യകൾ വാങ്ങുന്നതുമാണ് അതിൽ പ്രധാനമായുണ്ടായിരുന്നത്. യുഎസ് എനർജി മേഖലയിലേക്കുള്ള നിക്ഷേപവും ഇതിൽ ഉൾപ്പെട്ടിരുന്നു
ഇതോടൊപ്പം ബഹ്റൈൻ കിരീടാവകാശിയുമായുള്ള കൂടിക്കാഴ്ചയിൽ വ്യാപാര ബന്ധങ്ങൾ, സുരക്ഷാ സഹകരണം എന്നിവ പ്രധാന ചർച്ചാ വിഷയങ്ങളായിരുന്നു. ബഹ്റൈൻ ആഭ്യന്തര നിക്ഷേപ പദ്ധതികൾക്കും ആഗോള സാമ്പത്തിക സാഹചര്യങ്ങൾക്കുമായി യു.എസ്.-ബഹ്റൈൻ ബന്ധം കൂടുതൽ ശക്തമാക്കാൻ ഉദ്ദേശിച്ചുള്ള ശ്രമങ്ങൾ ഈ സന്ദർശനത്തിന്റെ ഭാഗമായി ആണ് കാണുന്നത്. മിഡിൽ ഈസ്റ്റിൽ പ്രവർത്തിക്കുന്ന യുഎസ് ഫിഫ്ത്ത് ഫ്ലീറ്റിന് ആതിഥേയത്വം വഹിക്കുന്ന ദീർഘകാല സഖ്യകക്ഷിയാണ് ബഹ്റൈൻ.
ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഇസ ബിൻ സൽമാൻ അൽ ഖലീഫ ഈ വർഷം അവസാനം വാഷിങ്ടൺ സന്ദർശിക്കാനാണ് സാധ്യത. രണ്ട് രാജ്യങ്ങൾക്കുമിടയിലെ സിവിലിയൻ ന്യൂക്ലിയർ എനർജി സഹകരണ കരാർ ഇതിനോടകം ഒപ്പുവച്ചിട്ടുണ്ട്.
ട്രംപ് ഗൾഫ് രാഷ്ട്രങ്ങളുമായുള്ള ബന്ധം നിലനിർത്താൻ നടത്തുന്ന ഈ നീക്കങ്ങൾ വ്യക്തിപരമായ ബന്ധവും സാമ്പത്തിക കരാറുകളും മുൻനിർത്തി ആഗോള രംഗത്ത് സ്വന്തം സ്ഥാനം ഉറപ്പാക്കാനുള്ള ശ്രമമായിട്ടാണ് മാധ്യമങ്ങൾ വിലയിരുത്തുന്നത്.