വാഷിങ്ടന്‍: കഴിഞ്ഞ ദിവസം യുഎസ് പ്രസിഡന്റിന്റെ ഓവല്‍ ഓഫീസിലെ കൂടിക്കാഴ്ചയ്ക്കിടെ പ്രസിഡന്റ് ഡൊനല്‍ഡ് ട്രംപും യുക്രൈന്‍ പ്രസിഡന്റ് വിളോദിമിര്‍ സെലന്‍സ്‌കിയും തമ്മിലുള്ള വാക്ക്‌പോരിനു പിന്നാലെ യുക്രൈന് യുഎസ് നല്‍കിവരുന്ന സൈനിക സഹായങ്ങളെല്ലാം നിര്‍ത്തിവച്ചു. ഇതോടെ റഷ്യയുമായുള്ള യുദ്ധത്തില്‍ യുക്രൈന്‍ കൂടുതല്‍ പ്രതിരോധത്തിലാകുമെന്ന് വിലയിരുത്തപ്പെടുന്നു. യുഎസിന്റെ സഹായമാണ് യുക്രൈന് യുദ്ധത്തില്‍ വലിയ പിന്തുണയായിരുന്നു. യുദ്ധം മതിയാക്കണമെന്നാണ് ട്രംപിന്റെ നിലപാട്. പരിഹാരങ്ങള്‍ക്കായി യുഎസ് തുടര്‍ച്ചയായി സമ്മര്‍ദ്ദം ചെലുത്തുന്നുണ്ട്. റഷ്യയുമായുള്ള യുദ്ധം അവസാനിപ്പിക്കാനുള്ള പരിഹാര മാര്‍ഗങ്ങള്‍ക്ക് സെലന്‍സ്‌കി തയാറായാല്‍ മാത്രമെ ഇനി സഹായവും സഹകരണവും ഉള്ളൂവെന്നാണ് ട്രംപ് വ്യക്തമാക്കിയിരിക്കുന്നത്. ട്രംപ്-സെലന്‍സ്‌കി വാക്കേറ്റം ഈ ചര്‍ച്ചകളുടെ വഴിമുടക്കുകയായിരുന്നു.
യുദ്ധത്തില്‍ യുഎസിന് ചെലവായ പണത്തിന് പകരമായി യുക്രൈന്‍ സര്‍ക്കാരിന്റെ ഉമസ്ഥതയിലുള്ള ധാതുവിഭവങ്ങള്‍, പെട്രോളിയം, പ്രകൃതിവാതകം എന്നിവയില്‍ നിന്നുള്ള വരുമാനത്തിന്റെ പകുതി യുഎസുമായി പങ്കിടണമെന്ന കരാറില്‍ സെലന്‍സ്‌കി ഒപ്പുവച്ചിരുന്നില്ല. തുറമുഖങ്ങളുടേയും പ്രകൃതിവാതക ടെര്‍മിനലുകളുടേയും ഉടമസ്ഥതയും യുഎസിനു നല്‍കണമെന്നും ആവശ്യപ്പെടുന്ന കരാറിനെ ചൊല്ലിയാണ് ട്രംപ്-സെലന്‍സ്‌കി വാക്ക്‌പോര് നടന്നത്.