ന്യൂദൽഹി- ചൈനക്ക് മേൽ നൂറു ശതമാനം നികുതി ചുമത്താനുള്ള നീക്കം 90 ദിവസത്തേക്ക് കൂടി നീട്ടി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഉത്തരവിൽ ഒപ്പുവെച്ചു. ചൈനീസ് ഉൽപ്പന്നങ്ങൾക്ക് മേലുള്ള യുഎസ് നികുതി 145 ശതമാനമാക്കാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെയാണ് ട്രംപിന്റെ തീരുമാനം. ചൈനയും അമേരിക്കയും തമ്മിലുള്ള താരീഫ് ഉടമ്പടി ചൊവ്വാഴ്ച അവസാനിക്കാനിരിക്കുകയായിരുന്നു. ചൈനീസ് ഉൽപ്പന്നങ്ങൾക്കുള്ള യുഎസ് താരിഫ് 145% വരെ ഉയർത്തുമെന്നായിരുന്നു ട്രംപ് പറഞ്ഞിരുന്നത്. അമേരിക്കൻ ഉൽപ്പന്നങ്ങൾക്ക് മേലുള്ള ചൈനീസ് താരിഫ് 125% ആയി ഉയർത്തുമെന്ന് ചൈനയും വ്യക്തമാക്കിയിരുന്നു.
ഫെബ്രുവരിയിലും മാർച്ചിലും വാഷിംഗ്ടൺ ഏർപ്പെടുത്തിയ 10% അടിസ്ഥാന നിരക്കും 20% ഫെന്റനൈൽ സംബന്ധിയായ താരിഫുകളും ഉൾപ്പെടെ ചൈനയിൽ നിന്നുള്ള ഇറക്കുമതിക്ക് നിലവിൽ 30% തീരുവ ബാധകമാണ്. യുഎസ് ഇറക്കുമതിയുടെ നിരക്ക് 10% ആയി കുറച്ചാണ് ചൈന ഇതിനോട് പ്രതികരിച്ചത്.
സ്വിറ്റ്സർലൻഡിലെ ജനീവയിൽ നടന്ന ചർച്ചകൾക്ക് ശേഷം, ഇക്കഴിഞ്ഞ മെയിൽ ഇരു രാജ്യങ്ങളും തങ്ങളുടെ വ്യാപാര തർക്കത്തിൽ കരാറിലെത്തി. കൂടുതൽ ചർച്ചകൾക്കായി 90 ദിവസത്തെ സാവകാശം പ്രഖ്യാപിക്കുകയും ചെയ്തു. ജൂലൈ അവസാനം സ്വീഡനിലെ സ്റ്റോക്ക്ഹോമിൽ ഇരുരാജ്യങ്ങളിലെയും പ്രതിനിധികൾ വീണ്ടും ചർച്ച നടത്തിയെങ്കിലും സമയപരിധി കൂടുതൽ നീട്ടുന്നതിനുള്ള കരാർ പ്രഖ്യാപിച്ചിരുന്നില്ല.