കയ്‌റോ– ദക്ഷിണ ഈജിപ്തിലെ പുരാതന ചരിത്ര കേന്ദ്രമായ ലക്സറിന് തെക്കുള്ള എസ്ന ലോക്ക് (വാട്ടര്‍ നാവിഗേഷന്‍) പ്രദേശത്ത് രണ്ട് ടൂറിസ്റ്റ് കപ്പലുകള്‍ തമ്മില്‍ ഉണ്ടായ കൂട്ടിയിടിയില്‍ വനിതാ വിദേശ വിനോദസഞ്ചാരി മരണപ്പെട്ടു. അസ്വാനില്‍ നിന്ന് ലക്സറിലേക്ക് പോവുകയായിരുന്ന ഓപ്പറ എന്ന കപ്പലാണ് അപകടത്തില്‍ പെട്ടത്. എസ്ന ലോക്കിലൂടെ ഏകദേശം രണ്ട് കിലോമീറ്റര്‍ കടന്നുപോയ ശേഷം, എതിര്‍ദിശയില്‍ നിന്ന് വന്ന ബ്യൂറിവാഗ് എന്ന കപ്പലുമായ് ഇടിക്കുകയായിരുന്നു. അപകടത്തില്‍ ഓപ്പറ കപ്പലിലുണ്ടായിരുന്ന 50 വയസ്സുള്ള, ഇറ്റലിയില്‍ നിന്നുള്ള വനിതാ വിനോദസഞ്ചാരിക്ക് ഗുരുതരമായ പരിക്കുകളും ആന്തരിക രക്തസ്രാവവും മൂലം എസ്നയിലെ തൈബ സ്‌പെഷ്യസ്റ്റ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. മറ്റ് യാത്രക്കാര്‍ക്കോ ജീവനക്കാര്‍ക്കോ കാര്യമായ പരിക്കുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കപ്പലിന്റെ ഡെന്റിന് കേടുപാടുകള്‍ സംഭവിക്കുകയും ബ്യൂറിവാഗിന്റെ വലതു വശത്തുള്ള മൂന്ന് ക്യാബിനുകള്‍ നശിക്കുകയും ചെയ്തു.
ഒഴുക്കിനൊപ്പം സഞ്ചരിക്കുന്ന കപ്പലിന് വഴിയൊരുക്കാന്‍ എതിര്‍ദിശയില്‍ സഞ്ചരിക്കുന്ന കപ്പലുകള്‍ ഇന്റര്‍നാഷണല്‍ ഗാര്‍ഡന്‍ ഡോക്കില്‍ നിര്‍ത്തണമെന്ന നദീജല ഗതാഗത നിയമങ്ങളുടെ വ്യക്തമായ ലംഘനമാണ് അപകടത്തിന് കാരണം. ബോറിവേജ് കപ്പലിന്റെ ക്യാപ്റ്റന്റെ ലൈസന്‍സ് റദ്ദാക്കിയതായി റിവര്‍ ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി അറിയിച്ചു. സംഭവം അന്വേഷണത്തിനായി പബ്ലിക് പ്രോസിക്യൂട്ടര്‍ ഓഫീസിലേക്ക് റഫര്‍ ചെയ്തു.



