തെല്‍അവീവ് – ഗാസ മുനമ്പില്‍ രണ്ട് ഫലസ്തീനികളെ കൊലപ്പെടുത്തിയതായി ഇസ്രായിലി സൈന്യം അറിയിച്ചു. രണ്ട് ഭീകരര്‍ തെക്കന്‍ ഗാസയിലെ മഞ്ഞ രേഖ മറികടന്ന് ഇസ്രായില്‍ സൈനികര്‍ക്ക് സമീപം എത്താന്‍ ശ്രമിക്കുകയായിരുന്നെന്ന് ഇസ്രായിലി സൈന്യം വ്യക്തമാക്കി. ഇരുവരും ഉടനടി ഭീഷണി ഉയര്‍ത്തിയതായും തിരിച്ചറിഞ്ഞ ശേഷം രണ്ടു പേരെയും കൊലപ്പെടുത്തിയതായും സൈന്യം പ്രസ്താവനയില്‍ പറഞ്ഞു. ഗാസ നഗരത്തിന് കിഴക്കുള്ള ശുജാഇയ ഡിസ്ട്രിക്ടില്‍ ഇന്ന് രാവിലെ ഇസ്രായില്‍ സൈന്യം നടത്തിയ വെടിവെപ്പില്‍ ഒരു ഫലസ്തീന്‍ ബാലനും കൊല്ലപ്പെട്ടു. ഒക്ടോബര്‍ 10 ന് പ്രാബല്യത്തില്‍ വന്ന വെടിനിര്‍ത്തലിനെ തുടര്‍ന്ന് ഗാസ മുനമ്പിലെ മഞ്ഞ രേഖക്ക് പിന്നിലേക്ക് ഇസ്രായില്‍ സൈന്യം പിന്‍വാങ്ങുകയായിരുന്നു.
കോണ്‍ക്രീറ്റ് ബ്ലോക്കുകളും മഞ്ഞ അടയാളങ്ങളും കൊണ്ട് അടയാളപ്പെടുത്തിയിരിക്കുന്ന യെല്ലോ ലൈന്‍, ഗാസ മുനമ്പിലെ പുതിയ പ്രദേശിക വിഭജനത്തെ പ്രതിനിധീകരിക്കുന്നു. മഞ്ഞ രേഖ ഗാസയിലേക്ക് 1.5 മുതല്‍ 6.5 കിലോമീറ്റര്‍ വരെ വ്യാപിച്ചുകിടക്കുന്നു. ഇത് ഫലത്തില്‍ ഗാസയുടെ പകുതിയിലധികം ഇസ്രായേല്‍ നിയന്ത്രണത്തിലാക്കുന്നു. മഞ്ഞരേഖയെ ഗാസ മുനമ്പുമായുള്ള ഇസ്രായിലിന്റെ പുതിയ അതിര്‍ത്തിയായി ഇസ്രായിലി ചീഫ് ഓഫ് സ്റ്റാഫ് ഇയാല്‍ സാമിര്‍ അടുത്തിടെ പ്രഖ്യാപിച്ചു. വെടിനിര്‍ത്തല്‍ നിലവിലുണ്ടെങ്കിലും ഇടക്കിടെ ഉണ്ടാകുന്ന സംഭവങ്ങള്‍ ഗാസയില്‍ ആളപായത്തിന് കാരണമാകുന്നു. ഇസ്രായില്‍ സൈന്യം ഹമാസ് നേതാക്കളെയും സ്ഥാനങ്ങളെയും ലക്ഷ്യം വെച്ചള്ള ആക്രമണങ്ങളും തുടരുന്നു.
ഇന്ന് പുലര്‍ച്ചെ, ഇസ്രായില്‍ സൈന്യം തെക്കന്‍ ഗാസ മുനമ്പിലെ ഖാന്‍ യൂനിസ് നഗരത്തില്‍ കനത്ത വ്യോമാക്രമണം നടത്തി. ഗാസയുടെ കിഴക്കന്‍ പ്രദേശങ്ങളില്‍ പീരങ്കി ഷെല്ലാക്രമണങ്ങളും ഇതോടൊപ്പം നടന്നു. ഗാസ നഗരത്തിന് കിഴക്കും ഖാന്‍ യൂനിസിലും ഫലസ്തീനികളുടെ വീടുകളും വസ്തുവകകളും ഇസ്രായില്‍ സൈന്യം വ്യാപകമായി തകര്‍ത്തു. തെക്കന്‍ ഗാസയിലെ ബീച്ചുകള്‍ക്കു നേരെ ഇസ്രായില്‍ സൈനിക ബോട്ടുകള്‍ നിറയൊഴിക്കുകയും ചെയ്തു.


ഖാന്‍ യൂനിസിന്റെ കിഴക്കും തെക്കും പ്രദേശങ്ങള്‍ ലക്ഷ്യമിട്ട് ഇസ്രായേല്‍ സൈന്യം കുറഞ്ഞത് നാല് വ്യോമാക്രമണങ്ങളെങ്കിലും നടത്തിയതായി പ്രാദേശിക വൃത്തങ്ങളെ ഉദ്ധരിച്ച് ഫലസ്തീന്‍ ന്യൂസ് ആന്റ് ഇന്‍ഫര്‍മേഷന്‍ ഏജന്‍സി വഫാ റിപ്പോര്‍ട്ട് ചെയ്തു. ഇതോടൊപ്പം നഗരത്തിന്റെ കിഴക്കും തെക്കും ഭാഗങ്ങളില്‍ ഇസ്രായിലി ഹെലികോപ്റ്ററുകളും സൈനിക വാഹനങ്ങളും കനത്ത വെടിവെപ്പും നടത്തി. ഗാസ സിറ്റിയുടെ കിഴക്കന്‍ പ്രദേശങ്ങളിലെ സിവിലിയന്‍ വീടുകള്‍ ഇസ്രായില്‍ സൈന്യം വ്യാപകമായി തകര്‍ത്തു. ഇതേ പ്രദേശം ലക്ഷ്യമിട്ട് ഇസ്രായിലി വിമാനങ്ങള്‍ വ്യോമാക്രമണവും നടത്തി.
ഇന്ന് ലെബനോനിലെ വിവിധ പ്രദേശങ്ങളിലും ഇസ്രായിലി യുദ്ധവിമാനങ്ങള്‍ നിരവധി വ്യോമാക്രമണങ്ങള്‍ നടത്തി. തെക്കന്‍ ലെബനോനിലെ ശെബ ഫാമുകളിലെ ശമെയ്‌സ് പ്രദേശത്തും ഇഖ്‌ലീം അല്‍തുഫാഹ് മേഖലയിലും കിഴക്കന്‍ ലെബനോനിലെ ബെക്കാ താഴ്വരയിലെ ഹെര്‍മല്‍ പ്രദേശത്തും ആക്രമണങ്ങളുണ്ടായി. ലെബനോനിലെ ഹിസ്ബുല്ല ലക്ഷ്യങ്ങള്‍, റദ്വാന്‍ സേനയുടെ പരിശീലന കോമ്പൗണ്ടും ആയുധ ഡിപ്പോകളും ഉള്‍പ്പെടെയുള്ള കേന്ദ്രങ്ങളിലാണ് ആക്രമണങ്ങള്‍ നടത്തിയതെന്ന് ഇസ്രായില്‍ സൈനിക വക്താവ് അവിചായ് അഡ്രഇ അറിയിച്ചു. ഇസ്രായില്‍ സൈന്യത്തിനെതിരായ ആക്രമണങ്ങള്‍ക്കായി അംഗങ്ങളെ പരിശീലിപ്പിക്കാനും തയ്യാറാക്കാനും റദ്വാന്‍ സേന ഉപയോഗിക്കുന്ന കോമ്പൗണ്ടിനു നേരെ ആക്രമണം നടത്തി. ഹിസ്ബുല്ല ഉപയോഗിക്കുന്ന നിരവധി ആയുധ ഡിപ്പോകളും മറ്റ് അടിസ്ഥാന സൗകര്യങ്ങളും ലക്ഷ്യമിട്ട് ആക്രമണങ്ങള്‍ നടത്തിയതായും ചില സൈനിക കെട്ടിടങ്ങള്‍ ഇതിനായി ഉപയോഗിച്ചിരുന്നെന്നും സൈനിക വക്താവ് കൂട്ടിച്ചേര്‍ത്തു.


അതേസമയം വടക്കന്‍ ഇസ്രായിലില്‍ ഫലസ്തീന്‍ യുവാവ് നടത്തിയ ആക്രമണത്തില്‍ രണ്ടു ഇസ്രായിലികള്‍ കൊല്ലപ്പെട്ടതായി ഇസ്രായില്‍ അധികൃതര്‍ പറഞ്ഞു. കുത്തേറ്റും കാര്‍ ഇടിച്ചുമാണ് ഇരുവരും മരിച്ചത്. കാറിടിച്ച് 68 വയസുകാരന്‍ കൊല്ലപ്പെട്ടതായി ഇസ്രായിലി എമര്‍ജന്‍സി സര്‍വീസ് റിപ്പോര്‍ട്ട് ചെയ്തു. ഏകദേശം 20 വയസ്സുള്ള യുവതി കുത്തേറ്റ് മരിച്ചതായി ഇസ്രായിലി പബ്ലിക് ബ്രോഡ്കാസ്റ്റര്‍ റേഡിയോ കാന്‍ റിപ്പോര്‍ട്ട് ചെയ്തു. മറ്റ് രണ്ട് പേര്‍ക്ക് നിസ്സാര പരിക്കേറ്റിട്ടുണ്ട്. ആക്രമണകാരിയെന്ന് സംശയിക്കുന്നയാള്‍ അധിനിവിഷ്ട വെസ്റ്റ് ബാങ്കിലെ താമസക്കാരനായ ഫലസ്തീനിയാണെന്ന് ഇസ്രായിലി പോലീസ് പറഞ്ഞു.



