ദമാസ്കസ് ∙ അസദ് കുടുംബത്തിന്റെ അഞ്ച് പതിറ്റാണ്ട് കാലത്തെ ഭരണത്തിനും 13 വർഷത്തെ ആഭ്യന്തരയുദ്ധത്തിനുമിടയിൽ സിറിയയിൽ 3 ലക്ഷത്തിലേറെ പേരെ കാണാതായതായി കാണാതായവർക്കായുള്ള ദേശീയ കമ്മിഷൻ (നാഷണൽ കമ്മിഷൻ ഫോർ മിസ്സിംഗ് പേഴ്സൺസ്) അറിയിച്ചു. 1970 മുതൽ ഇന്നുവരെയുള്ള കാലഘട്ടം ഉൾക്കൊള്ളുന്ന കമ്മിഷന്റെ പ്രവർത്തനങ്ങൾക്ക് സമയപരിധി നിശ്ചയിച്ചിട്ടില്ലെന്ന് കമ്മിഷൻ തലവൻ ഡോ. മുഹമ്മദ് റിസാ ജൽഖി പറഞ്ഞു. “കാണാതായവരുടെ എണ്ണം 1,20,000-നും 3,00,000-നും ഇടയിലാണ്. കൃത്യമായ വിവരങ്ങൾ ശേഖരിക്കുന്നതിന്റെ സങ്കീർണത കാരണം ഈ എണ്ണം ഇതിലും കൂടുതലാകാം,” അദ്ദേഹം വ്യക്തമാക്കി.
കമ്മിഷൻ 63-ലേറെ കൂട്ടശവക്കുഴിമാടങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്. ഇവയുടെ സ്ഥാനം, ഉത്തരവാദികളായ വകുപ്പുകൾ, കുഴിച്ചിട്ട മൃതദേഹങ്ങളെക്കുറിച്ചുള്ള വിശദാംശങ്ങൾ എന്നിവ ശേഖരിക്കുന്ന പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. കാണാതായവരുടെ വിവരങ്ങൾ സംഭരിക്കാൻ ഒരു ദേശീയ ഡാറ്റാബേസ് സ്ഥാപിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും ജൽഖി അറിയിച്ചു. “സിറിയയിലെ ഏറ്റവും സങ്കീർണവും വേദനാജനകവുമായ പ്രശ്നങ്ങളിലൊന്നാണ് കാണാതായവരുടെ വിധി. അതിക്രമങ്ങളുടെ ഇരകൾക്ക് നീതി ഉറപ്പാക്കാൻ പുതിയ സിറിയൻ ഭരണകൂടം പ്രതിജ്ഞാബദ്ധമാണ്,” അദ്ദേഹം കൂട്ടിച്ചേർത്തു.