വാഷിങ്ടണ്‍– അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായുള്ള ഭിന്നത രൂക്ഷമായതിന് പിന്നാലെ പുതിയ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ച് ടെസ്ല മേധാവി ഇലോണ്‍ മസ്‌ക്. നേരത്തെ പാർട്ടി രൂപീകരണത്തെ കുറിച്ച് മസ്ക് അറിയിച്ചിരുന്നു. ജൂൺ 6ന് രാത്രി എക്സിലൂടെയാണ് മസ്ക് പാർട്ടി പ്രഖ്യാപനം അറിയിച്ചത്. ട്രംപിന്റെ ‘ബിഗ് ബ്യൂട്ടിഫുള്‍ ബില്‍’ സെനറ്റില്‍ വൈസ് പ്രസിഡന്റിന്റെ കാസ്റ്റിങ് വോട്ടോടെ പാസായതിനു പിന്നാലെയാണ് അമേരിക്കന്‍ രാഷ്ട്രീയത്തിലെ മൂന്നാം കക്ഷിയായി പുതിയ പ്രഖ്യാപനം. ട്രംപിന്റെ താരിഫ് ബില്ല് അമേരിക്കയെ പാപ്പരാക്കുമെന്ന് മസ്‌ക് ആരോപിച്ചു. പുതിയ പാര്‍ട്ടി രൂപീകരിക്കുന്നതിലൂടെ യു.എസ് ജനതക്ക് സ്വാതന്ത്ര്യം തിരിച്ചു നല്‍കുകയെന്നാണ് ലക്ഷ്യമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.
എന്നാല്‍ മസ്‌കിന്റെ പാര്‍ട്ടിയെ വിഡ്ഢിത്തം എന്ന് പരിഹസിച്ച് തള്ളിയിരിക്കുകയാണ് പ്രസിഡന്റ് ട്രംപ്. അമേരിക്കയില്‍ മൂന്നാമതൊരു കക്ഷി ആരംഭിക്കുന്നത് വിഡ്ഢിത്തമാണെന്നാണ് കരുതുന്നത്. റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് ഇവിടെ വന്‍ വിജയമുണ്ട്. അഞ്ച് ആഴ്ചക്കിടെ ട്രെയിന്‍ ദുരന്തം പോലെയായി മസ്‌ക് മാറിയിട്ടുണ്ട്. അദ്ദേഹം പൂര്‍ണമായും പാളം തെറ്റുന്നത് കാണുന്നതില്‍ തനിക്ക് സങ്കടമുണ്ടെന്നും ട്രംപ് പറഞ്ഞു. 2024 തെരഞ്ഞെടുപ്പ് വേളയില്‍ ട്രംപിനു വേണ്ടി ദശലക്ഷക്കണക്കിന് ഡോളറാണ് മസ്‌ക് ചിലവഴിച്ചത്. എന്നാല്‍ ട്രംപ് അവതരിപ്പിച്ച നികുതി ബില്ല് ഉറ്റ ചങ്ങാതിമാരായ ഇരുവരെയും അകറ്റുകയായിരുന്നു.