തെഹ്‌റാൻ: ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റഈസി ഉൾപ്പെടെ ഒമ്പത് പേർ കൊല്ലപ്പെട്ട ഹെലികോപടർ അപകടത്തിൽ പ്രാഥമിക അന്വേഷണ റിപോർട്ട് ഇറാനിയൻ സായുധ സേന പുറത്തുവിട്ടു.
അപകടത്തിൽ ബാഹ്യ ഇടപെടലുകൾ ഉണ്ടായിട്ടില്ലെന്നും അപകടത്തിന് മുമ്പ് ഹെലികോപ്ടർ നിർദ്ദിഷ്ട പാതയിൽ തന്നെയാണ് സഞ്ചരിച്ചതെന്നും പർവതത്തിൽ ഇടിച്ച ശേഷം ഹെലികോപ്ടറിന് തീപിടിക്കുകയായിരുന്നുവെന്നും അന്വേഷണ റിപോർട്ട് വ്യക്തമാക്കുന്നു.
ഫലസ്തീനു നേരെയുള്ള ഇസ്രായേൽ അധിനിവേശ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ഇറാൻ പ്രസിഡന്റും വിദേശകാര്യമന്ത്രിയും ഹെലികോപ്ടർ അപകടത്തിൽ കൊല്ലപ്പെട്ടതിൽ പല അഭ്യൂഹങ്ങളും ഉയർന്നിരുന്നു. ഇസ്രായേൽ ചാരസംഘടനയായ മൊസാദിന്റെ അടക്കം കറുത്ത കരങ്ങൾ അപകടത്തിന് പിന്നിലുണ്ടോ എന്ന തലത്തിൽ സംശയങ്ങളും ഉണ്ടായിരുന്നു. എന്നാൽ, ഈ വാദങ്ങളെല്ലാം നിരാകരിക്കുന്നതാണ് ഇറാൻ പുറത്തുവിട്ട പ്രാഥമിക റിപോർട്ട്.
ഇടിയുടെ ആഘാതത്തിലാണ് ഹെലിക്കോപ്ടറിന് തീ പിടിച്ചത്. ഹെലികോപ്ടറിന്റെ അവശിഷ്ടങ്ങളിൽ നടത്തിയ പരിശോധനയിൽ വെടിയുണ്ടകളുടെ ദ്വാരങ്ങളുടെയോ സമാനമായ തെളിവുകളോ കണ്ടെത്താനായിട്ടില്ലെന്നും റിപോർട്ടിലുണ്ട്. ഹെലികോപ്ടർ അപകടത്തിൽപ്പെടുന്നതിന് മിനുട്ടുകൾക്കു മുമ്പ് വാച്ച് ടവറും ഫ്‌ളൈറ്റ് ജീവനക്കാരും തമ്മിൽ നടത്തിയ സംഭാഷണങ്ങളിലും സംശയാസ്പദമായതൊന്നും കണ്ടെത്താനായിട്ടില്ല. കൂടുതൽ അന്വേഷണങ്ങൾക്കുശേഷം വിശദ വിവരങ്ങൾ നല്കുമെന്നും സായുധ സേന മേധാവി പ്രതികരിച്ചു.
അസർബൈജാൻ-ഇറാൻ അതിർത്തിയിലെ അണക്കെട്ട് ഉദ്ഘാടനം ചെയ്ത് മെയ് 19ന് മടങ്ങവെയാണ് ഇറാൻ പ്രസിഡന്റ് സഞ്ചരിച്ച അമേരിക്കൻ നിർമിത ഹെലികോപ്ടർ തകർന്നുവീണത്. ഒരുദിവസം കഴിഞ്ഞതിനുശേഷമാണ് ഹെലികോപ്ടറിലെ ഒൻപതംഗ യാത്രാസംഘത്തിന്റെ മരണം സ്ഥിരീകരിച്ചിരുന്നത്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group