തെല്‍അവീവ് – കഴിഞ്ഞ മാസം ഇറാന്‍ നടത്തിയ മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങള്‍ ഇസ്രായിലിലെ ചില സൈനിക കേന്ദ്രങ്ങള്‍ക്ക് നാശനഷ്ടങ്ങളുണ്ടാക്കിയതായി ഇസ്രായില്‍ സൈനിക ഉദ്യോഗസ്ഥന്‍ സമ്മതിച്ചു. തങ്ങളുടെ സൈനിക കേന്ദ്രങ്ങള്‍ക്കു നേരെ ഇറാന്‍ ആക്രമണങ്ങള്‍ നടത്തിയതായി ആദ്യമായാണ് ഇസ്രായില്‍ പരസ്യമായി സമ്മതിക്കുന്നത്. വളരെ ചെറിയ എണ്ണം സൈനിക കേന്ദ്രങ്ങള്‍ ആക്രമിക്കപ്പെട്ടു. പക്ഷേ, അവ ഇപ്പോഴും പ്രവര്‍ത്തിക്കുന്നുണ്ട്. ഇറാന്‍ ആക്രമണം ബാധിച്ച സൈനിക കേന്ദ്രങ്ങളോ നാശനഷ്ടത്തിന്റെ വ്യാപ്തിയോ ഇസ്രായില്‍ സൈനിക ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തിയില്ല.
ജൂണ്‍ 13 ന് ഇറാന്‍ ആണവ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ഇസ്രായില്‍ നടത്തിയ അപ്രതീക്ഷിത ആക്രമണത്തെ തുടര്‍ന്ന് ഇറാന്‍ ഇസ്രായിലില്‍ മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങളുടെ ഒരു പരമ്പര നടത്തി. തെല്‍അവീവ്, ഹൈഫ തുടങ്ങിയ പ്രധാന നഗരങ്ങളും ഇസ്രായില്‍ സൈനിക കേന്ദ്രങ്ങള്‍ സ്ഥിതി ചെയ്യുന്ന ബീര്‍ഷെബക്ക് സമീപമുള്ള തെക്കന്‍ പ്രദേശങ്ങളും ചില റെസിഡന്‍ഷ്യല്‍ കെട്ടിടങ്ങളും ഇറാന്‍ ആക്രമിച്ചു.
12 ദിവസത്തെ യുദ്ധത്തില്‍ ഇറാന്റെ മിക്ക മിസൈലുകളും ഡ്രോണുകളും ഇസ്രായില്‍ സൈന്യം തടഞ്ഞു. ഇറാന്‍ ആക്രമണത്തില്‍ ഇസ്രായിലില്‍ അവധിയിലുള്ള സൈനികന്‍ ഉള്‍പ്പെടെ 28 പേര്‍ കൊല്ലപ്പെട്ടു. സിവിലിയന്മാരും സൈനിക കമാന്‍ഡര്‍മാരും ഉള്‍പ്പെടെ 935 പൗരന്മാര്‍ മരിച്ചതായി ഇറാന്‍ അറിയിച്ചു. ഇറാനിലെ ആണവ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് അമേരിക്ക ആക്രമണങ്ങള്‍ നടത്തിയതിനു പിന്നാലെ ജൂണ്‍ 24 ന് യു.എസ് പിന്തുണയോടെ ഇരുപക്ഷവും വെടിനിര്‍ത്തല്‍ കരാറിലെത്തി.