ലണ്ടന്‍ – ഫലസ്തീന്‍ രാഷ്ട്രത്തെ ബ്രിട്ടന്‍ ഔദ്യോഗികമായി അംഗീകരിച്ചതിനു പിന്നാലെ മുമ്പ് അധിനിവിഷ്ട ഫലസ്തീന്‍ പ്രദേശങ്ങള്‍ എന്ന് പരാമര്‍ശിച്ചിരുന്ന വെബ്സൈറ്റ് മാപ്പുകള്‍ ഫലസ്തീന്‍ എന്ന് ഉള്‍പ്പെടുത്തി ബ്രിട്ടീഷ് സര്‍ക്കാര്‍ പരിഷ്‌കരിച്ചു.
ഫലസ്തീന്‍ രാഷ്ട്രത്തിനുള്ള അംഗീകാരം വരുത്തിയ മാറ്റങ്ങളുടെ പ്രാരംഭ സൂചനയായി, വിദേശ മന്ത്രാലയത്തിന്റെ ചില വെബ്സൈറ്റുകള്‍ തങ്ങളുടെ മാപ്പുകളില്‍ അധിനിവിഷ്ട ഫലസ്തീന്‍ പ്രദേശങ്ങള്‍ എന്നതില്‍ നിന്ന് ഫലസ്തീന്‍ എന്നാക്കി മാറ്റുകയായിരുന്നു. ഇസ്രായിലിലേക്കും ഫലസ്തീനിലേക്കുമുള്ള യാത്രാ ഉപദേശം നല്‍കുന്ന പേജുകളിലും വിദേശ മന്ത്രാലയത്തിന്റെ വിദേശ മിഷനുകളുടെ പട്ടികയിലും മേഖലയുടെ ഔദ്യോഗിക ഭൂപടങ്ങളിലും ഈ മാറ്റങ്ങള്‍ പ്രകടമാകുന്നു.
ബ്രിട്ടീഷ് പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മര്‍ ഫലസ്തീന്‍ രാഷ്ട്രത്തെ ഔപചാരികമായി അംഗീകരിച്ചതായി ഇന്നലെ പ്രഖ്യാപിച്ചിരുന്നു. കാനഡ, ഓസ്ട്രേലിയ, പോര്‍ച്ചുഗല്‍ എന്നീ രാജ്യങ്ങളും ബ്രിട്ടനൊപ്പം ഫലസ്തീന്‍ രാഷ്ട്രത്തെ ഇന്നലെ അംഗീകരിച്ചു. ജി-7 കൂട്ടായ്മയില്‍ പെട്ട രാജ്യങ്ങളാണ് കാനഡയും ഓസ്ട്രേലിയയും ബ്രിട്ടനും. ജി-7 രാജ്യങ്ങളില്‍ ഫലസ്തീന്‍ രാഷ്ട്രത്തെ ഇതിനകം അംഗീകരിച്ചത് ഈ മൂന്നു രാജ്യങ്ങളും മാത്രമാണ്. യു.എന്‍ ജനറല്‍ അസംബ്ലിയുടെ ഭാഗമായി സൗദി അറേബ്യയും ഫ്രാന്‍സും സഹ-അധ്യക്ഷത വഹിച്ച് ഇന്ന് നടക്കുന്ന സമ്മേളനത്തില്‍ വെച്ച് ഫ്രാന്‍സിന്റെ നേതൃത്വത്തില്‍ ഏതാനും രാജ്യങ്ങള്‍ കൂടി ഫലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.