വാഷിങ്‌ടൺ– ബ്രസീലിൽ നിന്നുള്ള ഇറക്കുമതിക്ക് 50 ശതമാനം തീരുവ ഏര്‍പ്പെടുത്തുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചതിന് പിന്നാലെ പ്രതികാര നടപടിയുണ്ടാകുമെന്ന് മുന്നറിയിപ്പ് നല്‍കി ബ്രസീല്‍ പ്രസിഡന്‍റ് ലൂയിസ് ഇനാസിയോ ലുല ഡ സില്‍വ. അട്ടിമറി ആരോപണവിധേയനായ മുൻ ബ്രസീലിയൻ പ്രസിഡന്റ് ജെയർ ബോൾസൊനാരോയ്ക്ക് ട്രംപ് തുടർച്ചയായി പിന്തുണ നൽകുന്നതുമായി ബന്ധപ്പെട്ട ഈ നീക്കം ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര സംഘർഷത്തിന് കാരണമായി. ട്രംപിന്റെ പരാമർശങ്ങളോടും വ്യാപാര തീരുമാനത്തോടും ശക്തമായി പ്രതികരിച്ച ലുല, “ബ്രസീൽ സ്വതന്ത്ര സ്ഥാപനങ്ങളുള്ള ഒരു പരമാധികാര രാഷ്ട്രമാണ്, ഒരു തരത്തിലുള്ള ശിക്ഷണവും സ്വീകരിക്കില്ല” എന്ന് തന്റെ എക്സിൽ കുറിച്ചു. ഏകപക്ഷീയമായ താരിഫ് വർദ്ധനവ് ബ്രസീലിന്റെ സാമ്പത്തിക പരസ്പര സഹകരണ നിയമത്തിന് അനുസൃതമായി പരിഹരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബോൾസൊനാരോയുടെ വിചാരണയിൽ വിദേശ സ്വാധീനങ്ങളിൽ നിന്നും ബ്രസീലിയൻ നീതിന്യായ വ്യവസ്ഥ സ്വതന്ത്രമായിരിക്കണം എന്നും ലുല അഭിസംബോധന ചെയ്തു. “അട്ടിമറി ആസൂത്രണം ചെയ്തതിന് ഉത്തരവാദികളായവർക്കെതിരായ ജുഡീഷ്യൽ നടപടികൾ ബ്രസീലിലെ ജുഡീഷ്യൽ ബ്രാഞ്ചിന്റെ അധികാരപരിധിയിൽ മാത്രമാണ് വരുന്നത്, അതിനാൽ, ദേശീയ സ്ഥാപനങ്ങളുടെ സ്വാതന്ത്ര്യത്തിൽ വിട്ടുവീഴ്ച ചെയ്യുന്ന ഏതെങ്കിലും ഇടപെടലിനോ ഭീഷണികൾക്കോ വിധേയമാകുന്നതല്ല,” എന്നും അദ്ദേഹം എക്സിൽ കുറിച്ചു. ബോൾസൊനാരോയെ “രാഷ്ട്രീയ പീഡനത്തിന്റെ” ഇരയെന്ന് വിശേഷിപ്പിച്ച അമേരിക്കൻ എംബസിയുടെ പ്രസ്താവനയിൽ പ്രതിഷേധിച്ച് ബ്രസീൽ ബ്രസീലിയയിലെ യുഎസ് അംബാസഡറെ വിളിപ്പിച്ചതിന് തൊട്ടുപിന്നാലെയാണ് ഈ പ്രഖ്യാപനം.