കയ്‌റോ – ഈജിപ്തിന്റെ തലസ്ഥാന നഗരിയായ കയ്‌റോയിലെ ശുബ്‌റയില്‍ ബാലനെ അതിനിഷ്ഠൂരമായി കൊലപ്പെടുത്തി അവയവങ്ങള്‍ കവര്‍ന്ന് വില്‍പന നടത്തിയ സംഭവം പുറത്തുവന്നത് രാജ്യത്തെയൊന്നാകെ ഞെട്ടിച്ചു.
കുവൈത്തില്‍ താമസിക്കുന്ന ഈജിപ്തുകാരന്റെ പ്രേരണയോടെ അന്താരാഷ്ട്ര മാഫിയയാണ് ബാലനെ കൊലപ്പെടുത്തി അവയവങ്ങള്‍ കവര്‍ന്ന് വില്‍പന നടത്തിയത്. കുറ്റകൃത്യത്തിന്റെ മുഖ്യആസൂത്രകനായ ഈജിപ്തുകാരനെ കുവൈത്ത് സുരക്ഷാ വകുപ്പുകള്‍ അറസ്റ്റ് ചെയ്ത് ഈജിപ്തിന് കൈമാറി. കുവൈത്തില്‍ വെച്ച് ഓണ്‍ലൈന്‍ ആയാണ് അവയവ മോഷണ പദ്ധതി ആസൂത്രണം ചെയ്തത്. ഇത് കയ്‌റോയില്‍ വെച്ച് നടപ്പാക്കുകയായിരുന്നു.
ഓണ്‍ലൈന്‍ മാഫിയ തന്നെ പ്രലോഭിപ്പിച്ച് കെണിയില്‍ പെടുത്തുകയായിരുന്നെന്ന് മുഖ്യപ്രതി കുറ്റസമ്മതം നടത്തി. ഇന്റര്‍നെറ്റ് വഴി കുറ്റകൃത്യങ്ങള്‍ നടത്തി ധനം സമ്പാദിക്കുന്നതിനെ കുറിച്ച് ഈ മാഫിയയാണ് തന്നെ പഠിപ്പിച്ചത്. ഈ രംഗത്ത് തനിക്കൊപ്പം പ്രവര്‍ത്തിക്കാന്‍ നിരവധി പേരെ താന്‍ വശീകരിച്ച് വലയിലാക്കി.
അവയവ വ്യാപാരം നടത്തുന്നതിന് സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ മറ്റൊരാളുടെ സഹായം തേടി. കൊലപ്പെടുത്തി അവയവങ്ങള്‍ കവര്‍ന്ന് 50 ലക്ഷം ഈജിപ്ഷ്യന്‍ പൗണ്ടിന് വില്‍പന നടത്താന്‍ അനുയോജ്യനായ ബാലനെ ശുബ്‌റയില്‍ നിന്ന് തെരഞ്ഞെടുക്കാനും കൃത്യം നടത്താനും പിന്നീട് ഇയാളെ ചുമതലപ്പെടുകയായിരുന്നു. മറ്റു ഇരകളെ കൊലപ്പെടുത്തി അവയവങ്ങള്‍ കവര്‍ന്ന് വില്‍പന നടത്താനുള്ള പദ്ധതികള്‍ താന്‍ അറസ്റ്റിലായതോടെ വിഫലമാവുകയായിരുന്നെന്നും മുഖ്യപ്രതി കുറ്റസമ്മതം നടത്തിയതായി ബന്ധപ്പെട്ട വൃത്തങ്ങള്‍ വെളിപ്പെടുത്തി.