ജറുസലേം– ഇസ്രായേല്‍ അധികൃതര്‍ ഏര്‍പ്പെടുത്തിയ സൈനിക നിയന്ത്രണങ്ങൾക്കിടയിലും വെള്ളിയാഴ്ച പ്രാര്‍ത്ഥനയ്ക്കായി അൽ അഖ്‌സ പള്ളിയിൽ ഒത്തുകൂടിയത് പതിനായിരക്കണക്കിന് ഫലസ്തീനികൾ. ജറുസലേമിലെ ഇസ്ലാമിക് വഖഫ് ഡിപ്പാർട്ട്മെന്റിന്റെ കണക്കനുസരിച്ച് ഏകദേശം 50,000 വിശ്വാസികളാണ് പള്ളിയിൽ എത്തിച്ചേർന്നത്. ബാബ് അല്‍ അമുദ്, ബാബ് അല്‍ അസ്ബത്ത് എന്നിവയുൾപ്പെടെയുള്ള പ്രധാന പ്രവേശന കവാടങ്ങളിലൂടെയുള്ള പ്രവേശനം ഇസ്രായേല്‍ സൈന്യം തടഞ്ഞതായി ഫലസ്തീന്‍ വാര്‍ത്താ ഏജന്‍സി വഫ റിപ്പോര്‍ട്ട് ചെയ്തു. തിരിച്ചറിയൽ പരിശോധന നടത്തി നിരവധി പേരെ പള്ളി കോമ്പൗണ്ടിലേക്ക് പ്രവേശിക്കുന്നതിൽ നിന്ന് തടയുകയും ചെയ്തു.
വിശ്വാസികള്‍ക്ക് മസ്ജിദുൽ അഖ്സയിലേക്കുള്ള പ്രവേശനത്തിന് കര്‍ശനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത് തുടരുകയാണ് ഇസ്രായേല്‍. പ്രത്യേകിച്ചും വെള്ളിയാഴ്ചകളില്‍. വെസ്റ്റ് ബാങ്കില്‍ നിന്നുള്ള ആയിരക്കണക്കിന് ഫലസ്തീനികളെ ജറുസലേമില്‍ പ്രാര്‍ത്ഥനയ്ക്കായി എത്തുന്നതില്‍ നിന്ന് അധികൃതര്‍ പതിവായി വിലക്കുകയും ചെയ്യുന്നു.