ബ്രസ്സല്‍സ് – ഫലസ്തീനികളോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് ബെല്‍ജിയന്‍ തലസ്ഥാനത്ത് പതിനായിരക്കണക്കിന് ആളുകള്‍ പ്രകടനം നടത്തി. ബെല്‍ജിയന്‍ തലസ്ഥാനമായ ബ്രസ്സല്‍സിലാണ് പ്രകടനം അരങ്ങേറിയത്.
ഏകദേശം 70,000 പേര്‍ പ്രകടനത്തില്‍ പങ്കെടുത്തതായി പോലീസ് കണക്കാക്കുന്നു. എന്നാല്‍ 1,20,000 പേര്‍ പ്രകടനത്തില്‍ പങ്കെടുത്തതായി സംഘാടകര്‍ പറഞ്ഞു. ഗാസയിലെ വംശഹത്യ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ചുവപ്പ് കാര്‍ഡുകളും ബാനറുകളും വഹിച്ച് പ്രകടനത്തില്‍ പങ്കെടുത്തവര്‍, ഫലസ്തീനികളെ സംരക്ഷിക്കുന്നതിന് ഇസ്രായിലിനെതിരെ കൂടുതല്‍ നടപടികള്‍ സ്വീകരിക്കണമെന്ന് ബെല്‍ജിയന്‍ ഗവണ്‍മെന്റിനോട് ആവശ്യപ്പെട്ടു.
ആളുകള്‍ ബെര്‍ലിന്‍ മതിലിന്റെ പതനം സ്വപ്നം കണ്ടു. മറ്റ് ഏതൊരു ജനതയെയും പോലെ ജീവിക്കാന്‍ കഴിയുന്നതിന് ഫലസ്തീനികള്‍ക്കായി ഫലസ്തീന്‍ രാഷ്ട്രം ഞാന്‍ സ്വപ്നം കാണുന്നു – 60 കാരനായ ഇസ്‌മെറ്റ് ഗുമുസ്‌ബോഗ എ.എഫ്.പിയോട് പറഞ്ഞു.
ബ്രസ്സല്‍സ്, പ്രത്യേകിച്ച് യൂറോപ്പിന്, അന്താരാഷ്ട്ര രാഷ്ട്രീയത്തിന്റെ സുപ്രധാന കേന്ദ്രമാണ്. അതിനാല്‍, എല്ലാ വിദ്യാര്‍ഥികളും എല്ലാ പ്രായത്തിലുമുള്ള ആളുകളും ഈ നഗരത്തില്‍ പ്രകടനം നടത്തേണ്ടത് വളരെ പ്രധാനമാണെന്ന് 27 കാരനായ സാമുവല്‍ ടോബി പറഞ്ഞു. നടന്നുകൊണ്ടിരിക്കുന്ന വംശഹത്യയുടെ പശ്ചാത്തലത്തില്‍, ഇതുവരെ സ്വീകരിച്ച നടപടികള്‍ പ്രതീക്ഷിച്ച നിലവാരത്തിലേക്ക് ഉയര്‍ന്നിട്ടില്ലെന്ന് ബെല്‍ജിയന്‍-ഫലസ്തീന്‍ അസോസിയേഷന്‍ വക്താവ് ഗ്രിഗറി മുസെറ്റ് ഏജന്‍സിയോട് പറഞ്ഞു.


ഗാസ യുദ്ധം കൈകാര്യം ചെയ്യുന്നതില്‍ യൂറോപ്യന്‍ യൂണിയന്‍ അതിന്റെ ഉത്തരവാദിത്തങ്ങള്‍ നിറവേറ്റിയിട്ടില്ലെന്ന് ബെല്‍ജിയന്‍ വിദേശ മന്ത്രി മാക്‌സിം പ്രെവോട്ട് കഴിഞ്ഞ ദിവസം എ.എഫ്.പിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. യൂറോപ്യന്‍ യൂണിയന്റെ വിദേശനയ വിശ്വാസ്യത തകര്‍ന്നുകൊണ്ടിരിക്കുകയാണെന്നും ബെല്‍ജിയന്‍ വിദേശ മന്ത്രി പറഞ്ഞു. 2023 ഒക്ടോബര്‍ ഏഴിന് ഹമാസ് നടത്തിയ ആക്രമണത്തിന് മറുപടിയായി, ഏകദേശം രണ്ട് വര്‍ഷമായി തുടരുന്ന ഗാസയിലെ വിനാശകരമായ യുദ്ധത്തിന്റെ പേരില്‍ ഇസ്രായിലിനെതിരെ ഉപരോധം ഏര്‍പ്പെടുത്തുന്നതില്‍ മാസങ്ങളായി യോജിക്കാന്‍ കഴിയാത്ത 27 അംഗ രാജ്യങ്ങള്‍ക്കിടയില്‍ ഭിന്നതകളുണ്ടെന്ന് ബെല്‍ജിയന്‍ വിദേശ മന്ത്രി ചൂണ്ടിക്കാട്ടി.


ഗാസയിലെ ജനങ്ങള്‍ക്ക് മാനുഷിക സഹായം എത്തിക്കുന്നതില്‍ ഇസ്രായില്‍ തുടരുന്ന നിയന്ത്രണങ്ങളുടെ വെളിച്ചത്തില്‍, ഓഗസ്റ്റ് അവസാനം ഐക്യരാഷ്ട്രസഭ ഗാസയില്‍ പട്ടിണി പ്രഖ്യാപിച്ചു. ഇതിന്റെ പശ്ചാത്തലത്തില്‍, ഇസ്രായിലിനും ബെഞ്ചമിന്‍ നെതന്യാഹുവിന്റെ സര്‍ക്കാരിലെ രണ്ട് തീവ്ര വലതുപക്ഷ മന്ത്രിമാര്‍ക്കും എതിരെ ഏതാനും ഉപരോധങ്ങള്‍ ഏര്‍പ്പെടുത്താന്‍ ബെല്‍ജിയം അടുത്തിടെ തീരുമാനിച്ചു. ഈ മാസം യു.എന്‍ ജനറല്‍ അസംബ്ലിയില്‍ വെച്ച് ഫലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിക്കുന്നതില്‍ ഫ്രാന്‍സ് ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്കൊപ്പം ചേരുമെന്നും ബെല്‍ജിയം വ്യക്തമാക്കിയിട്ടുണ്ട്.