ദമാസ്കസ്: സിറിയയും ഇസ്രായിലും തമ്മിൽ സെപ്റ്റംബർ 25-ന് സുരക്ഷാ കരാർ ഒപ്പിടുമെന്ന പ്രചാരണം സിറിയൻ വിദേശ മന്ത്രാലയം തള്ളി. ഇത്തരം കരാറിനെക്കുറിച്ചുള്ള റിപ്പോർട്ടുകൾ വാസ്തവവിരുദ്ധമാണെന്ന് മന്ത്രാലയത്തിന്റെ ഏകോപന, ആശയവിനിമയ വിഭാഗം വ്യക്തമാക്കി. അമേരിക്കയുടെ മധ്യസ്ഥതയിൽ ഇരു രാജ്യങ്ങളും സുരക്ഷാ കരാർ ഒപ്പിടുമെന്ന് ഉന്നത സിറിയൻ വൃത്തങ്ങളെ ഉദ്ധരിച്ച് നേരത്തെ വാർത്തകൾ പുറത്തുവന്നിരുന്നു.
മേഖലയിലും ദക്ഷിണ സിറിയയിലും സ്ഥിരത വർധിപ്പിക്കുന്നതിന് ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യാൻ സിറിയൻ വിദേശ മന്ത്രി അസ്അദ് അൽ ശൈബാനി ചൊവ്വാഴ്ച പാരീസിൽ ഇസ്രായേൽ പ്രതിനിധി സംഘവുമായി കൂടിക്കാഴ്ച നടത്തി. സിറിയയുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടാതിരിക്കൽ, സംഘർഷം ലഘൂകരിക്കൽ, മേഖലയിൽ സ്ഥിരത ഉറപ്പാക്കുന്ന ധാരണകളിൽ എത്തിച്ചേരൽ, ദക്ഷിണ സിറിയയിലെ അൽ സുവൈദയിൽ വെടിനിർത്തൽ നിരീക്ഷണം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ചാണ് ചർച്ചകൾ നടന്നതെന്ന് സിറിയൻ ഔദ്യോഗിക വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.