ഗാസ – കനത്ത മഴയും ശക്തമായ കാറ്റും അവശിഷ്ടങ്ങള്‍ക്കടിയില്‍ കുടുങ്ങിക്കിടക്കുന്ന മൃതദേഹങ്ങള്‍ വീണ്ടെടുക്കുന്നത് കൂടുതല്‍ ദുഷ്‌കരമാക്കുന്നതായി ഗാസ സിവില്‍ ഡിഫന്‍സ് അധികൃതര്‍ പറഞ്ഞു. യുദ്ധത്തില്‍ തകര്‍ന്നടിഞ്ഞ ഗാസയില്‍ ഇസ്രായില്‍ ആക്രമണത്തില്‍ സാരമായ കേടുപാടുകള്‍ സംഭവിച്ച കൂടുതല്‍ കെട്ടിടങ്ങള്‍ മഴയിലും കൊടുങ്കാറ്റിലും തകരാന്‍ സാധ്യതയുണ്ടെന്ന് സിവില്‍ ഡിഫന്‍സ് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. വെള്ളിയാഴ്ച ഗാസയില്‍ രണ്ട് കെട്ടിടങ്ങള്‍ തകര്‍ന്ന് 12 പേര്‍ മരണപ്പെട്ടതായി ഗാസ ആരോഗ്യ വകുപ്പ് അധികൃതര്‍ പറഞ്ഞു. കൊടുങ്കാറ്റിലും മഴയിലും കൂടാരങ്ങള്‍ ഒഴുകിപ്പോവുകയും തമ്പുകളില്‍ വെള്ളം കയറിയതായും തണുപ്പ് കാരണം മരണങ്ങള്‍ സംഭവിച്ചതായും റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു.
രണ്ട് വര്‍ഷത്തെ കനത്ത ബോംബാക്രമണത്തിനും സൈനിക നടപടികള്‍ക്കും ശേഷം ഒക്ടോബറില്‍ ഇസ്രായിലും ഹമാസും വെടിനിര്‍ത്തലിന് സമ്മതിച്ചു. എന്നാല്‍ ഗാസയിലേക്ക് പ്രവേശിക്കുന്ന സഹായം വളരെ അപര്യാപ്തമാണെന്നും മിക്കവാറും മുഴുവന്‍ ജനങ്ങളും ഭവനരഹിതരായി തുടരുകയാണെന്നും മാനുഷിക സംഘടനകള്‍ പറയുന്നു. ടെന്റുകള്‍ക്ക് പകരം മൊബൈല്‍ വീടുകളും കാരവനുകളും നല്‍കണമെന്ന് ഗാസ സിവില്‍ ഡിഫന്‍സ് വക്താവ് മഹ്‌മൂദ് ബസല്‍ അന്താരാഷ്ട്ര സമൂഹത്തോട് ആവശ്യപ്പെട്ടു. ഇന്ന് ആളുകളെ സംരക്ഷിച്ചില്ലെങ്കില്‍ കൂടുതല്‍ ആളപായങ്ങള്‍ക്ക് നമ്മള്‍ സാക്ഷ്യം വഹിക്കും. യുദ്ധത്തില്‍ സാരമായ കേടുപാടുകള്‍ സംഭവിച്ച് വാസയോഗ്യമല്ലാതായി മാറിയ കെട്ടിടങ്ങള്‍ കൊടുങ്കാറ്റിലും മഴയിലും തകര്‍ന്ന് കുട്ടികളും സ്ത്രീകളും അടക്കം മുഴുവന്‍ കുടുംബങ്ങളും കൊല്ലപ്പെടുന്നത് നമ്മള്‍ കാണേണ്ടിവരുമെന്ന് മഹ്‌മൂദ് ബസല്‍ പറഞ്ഞു.
യുദ്ധത്തിന്റെ തുടക്കത്തില്‍ ഇസ്രായിലി വ്യോമാക്രമണത്തില്‍ സാരമായ കേടുപാടുകള്‍ സംഭവിച്ച ആറ് നില കെട്ടിടത്തിലാണ് മുഹമ്മദ് നാസറും കുടുംബവും താമസിച്ചിരുന്നത്. വെള്ളിയാഴ്ച അത് തകര്‍ന്നു. യുദ്ധത്തില്‍ വീട് നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് അദ്ദേഹത്തിന്റെ കുടുംബം ബദല്‍ താമസസൗകര്യങ്ങള്‍ കണ്ടെത്താന്‍ പാടുപെട്ടു. നേരത്തെ ടെന്റില്‍ താമസിക്കുന്നതിനിടെ കഠിനമായ കാലാവസ്ഥയില്‍ തമ്പ് വെള്ളത്തിലായി. ഇതേ തുടര്‍ന്നാണ് യുദ്ധത്തില്‍ സാരമായ കേടുപാടുകള്‍ സംഭവിച്ച കെട്ടിടത്തിലേക്ക് മുഹമ്മദ് നാസറും കുടുംബവും താമസം മാറിയത്. വെള്ളിയാഴ്ച ചില അവശ്യവസ്തുക്കള്‍ വാങ്ങാന്‍ ഇദ്ദേഹം പുറത്തുപോയപ്പോള്‍ കെട്ടിടം നിലംപൊത്തി. തിരിച്ചെത്തിയ മുഹമ്മദ് നാസറിന് പാടെ തകര്‍ന്ന കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ക്കടിയില്‍ നിന്ന് മൃതദേഹങ്ങള്‍ പുറത്തെടുക്കാന്‍ ശ്രമിക്കുന്ന രക്ഷാപ്രവര്‍ത്തകരെയാണ് കാണാനായത്.


എന്റെ മകന്റെ കൈ മണ്ണിനടിയില്‍ നിന്ന് പുറത്തേക്ക് നീണ്ടുനില്‍ക്കുന്നത് ഞാന്‍ കണ്ടു. അതായിരുന്നു ഏറ്റവും ഹൃദയഭേദകമായ കാഴ്ച – നാസര്‍ പറഞ്ഞു. എന്റെ മകന്‍ മണ്ണിനടിയിലാണ്, ഞങ്ങള്‍ക്ക് അവനെ പുറത്തെടുക്കാന്‍ കഴിയുന്നില്ല – മുഹമ്മദ് നാസര്‍ പറഞ്ഞു. അദ്ദേഹത്തിന്റെ 15 വയസ്സുള്ള മകനും 18 വയസ്സുള്ള മകളും കൊല്ലപ്പെട്ടു.
യുദ്ധസമയത്ത് ഇസ്രായിലി ബോംബാക്രമണത്തില്‍ തകര്‍ന്ന കെട്ടിടങ്ങളുടെ അവശിഷ്ടങ്ങള്‍ക്കടിയില്‍ കുടുങ്ങിക്കിടക്കുന്ന ഏകദേശം 9,000 പേരുടെ മൃതദേഹങ്ങള്‍ക്കായി ഗാസ അധികൃതര്‍ തിരച്ചിലുകള്‍ തുടരുകയാണെന്നും എന്നാല്‍ ജോലി വേഗത്തിലാക്കാന്‍ ആവശ്യമായ ഉപകരണങ്ങള്‍ തങ്ങളുടെ പക്കലില്ലെന്നും ഗാസ ഗവണ്‍മെന്റ് വക്താവ് ഇസ്മായില്‍ അല്‍സവാബ്ത പറഞ്ഞു. 2023 ഡിസംബറില്‍ ബോംബാക്രമണത്തില്‍ തകര്‍ന്ന ബഹുനില കെട്ടിടത്തില്‍ നിന്ന് 20 ഓളം പേരുടെ അവശിഷ്ടങ്ങള്‍ ഇന്നലെ രക്ഷാപ്രവര്‍ത്തകര്‍ കണ്ടെടുത്തു. അവിടെ അഭയം പ്രാപിച്ചിരുന്ന 30 കുട്ടികള്‍ ഉള്‍പ്പെടെ 60 ഓളം പേര്‍ കൊല്ലപ്പെട്ടതായി കരുതപ്പെടുന്നു.



